ന്യൂഡൽഹി: മധ്യപ്രദേശിൽ പ്രക്ഷോഭം നടത്തുന്ന കർഷകർക്കുനേരെ വെടിവെപ്പ്. വെടിയേറ്റ ഒരു കർഷകൻ മരിച്ചു. ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റു. മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഴങ്ങളുടെയും പച്ചക്കറികളുടെയും സംഭരണവില വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ പ്രക്ഷോഭം നടത്തിയത്.

തിങ്കളാഴ്ച രാത്രിയോടെയാണ് പ്രക്ഷോഭം അക്രമാസക്തമായത്. സമരം ചെയ്യുന്ന കർഷകർ മൻസോറിൽ ഒരു തുണിക്കടയ്ക്ക് തീവെക്കുകയും പ്രദേശത്തെ കച്ചവട സ്ഥാപനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു. റെയിൽവെ ട്രാക്കുകളും പ്രക്ഷോഭം നടത്തുന്ന കർഷകർ തകർത്തു.

ഇതേത്തുടർന്ന് പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രഖ്യാപിച്ചിരുന്നു. കാർഷിക ഉത്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുന്നതിന് വിലസ്ഥിരതാ ഫണ്ട് രൂപവത്കരിക്കുമെന്നും ചൗഹാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഇൻഡോർ, ഉജ്ജയിൻ, ദേവാസ് എന്നിവിടങ്ങളിൽ ഇന്റർനെറ്റിന് സർവീസ് നിർത്തിവച്ചു.