ഭോപ്പാൽ: മൂന്ന തവണയായി തുടർച്ചയായി ഭരണത്തിലിരിക്കുന്ന ബിജെപി സർക്കാറിനെ താഴെയിറക്കാമെന്ന പ്രതീക്ഷിയിൽ മധ്യപ്രദേശിലെ കോൺഗ്രസ്.മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ 75 ശതമാനം പോളിങ്. വോട്ടെടുപ്പ് സമാധാനപരമായിരുന്നെങ്കിലും സംസ്ഥാനത്തെ പല ജില്ലകളിൽനിന്നും വോട്ടിങ് യന്ത്രത്തെപ്പറ്റി (ഇ.വി എം) വ്യാപക പരാതികളുയർന്നു. 1145 ഇ.വി.എമ്മുകളും 1545 വിവിപാറ്റും(വോട്ട് ചെയ്തത് ആർക്കെന്നതിന് സ്ലിപ് തരുന്ന യന്ത്രം) തകരാറുണ്ടായതിനെ തുടർന്ന് മാറ്റി നൽകിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി.എൽ. കാന്തറാവു അറിയിച്ചു. 230 സീറ്റുകളിലേക്ക് 2,899 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. 2013ൽ 72.69 ശതമാനമായിരുന്നു പോളിങ്.

ബിജെപിക്ക് കനത്ത പരാജയം പ്രതീക്ഷിക്കപ്പെടുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടിന് സാധ്യതയെന്ന് കോൺഗ്രസ്. വോട്ടർലിസ്റ്റിൽ നിന്നും കോൺഗ്രസ് അനുഭാവികളായ വോട്ടർമാരുടെ പേര് അപ്രത്യക്ഷമായെന്നും കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ വ്യാപകമായി വോട്ടിങ് യന്ത്രം തകരാറായെന്നുമാണ് കോൺഗ്രസ് ആരോപണം. വോട്ടിങ് മെഷീൻ കൃത്രിമത്തിലൂടെ ബിജെപി വിജയിക്കാറുണ്ടെന്ന ആരോപണം നിലനിൽക്കെയാണ് ഇപ്പോൾ വോട്ടർപട്ടികയിലും ക്രമക്കേടെന്ന ആരോപണമുയരുന്നത്.

വോട്ടെടുപ്പിന്റെ തുടക്കം മുതൽ തന്നെ വിവിധ മേഖലകളിൽ ഇ.വി എം തകരാറിലായത് വാർത്തകളിൽ ഇടംനേടിയിരുന്നു. വോട്ടെടുപ്പ് പുരോഗമിക്കവെ ഇത്തരം സംഭവങ്ങൾ വർധിക്കുകയാണ്. കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിലാണ് ഇത്തരത്തിൽ ഇ.വി എം തകരാറിലായതെന്നാണ് കോൺഗ്രസ് നേതാവ് കമൽ നാഥ് ആരോപിക്കുന്നത്. ഭോപ്പാൽ നോർത്ത് മണ്ഡലത്തിലെ 30ാം വാർഡിലെ 278ാം ബൂത്തിലെ വോട്ടർപട്ടികയിൽ നിന്നും 100 കോൺഗ്രസ് വോട്ടർമാരുടെ പേര് അപ്രത്യക്ഷമായെനനാണ് കോൺഗ്രസ് ആരോപിക്കുന്നത്.

കോൺഗ്രസ് അനുഭാവികളുടെ പേരാണ് അപ്രത്യക്ഷമായത്. ഇവിടുത്തെ ബിജെപി എംഎ‍ൽഎയാണ് ഇതിനു പിന്നിലെന്നും കോൺഗ്രസ് ആരോപിച്ചു. തടസമില്ലാതെ പോളിങ് നടത്താനായില്ലെങ്കിൽ റീ പോളിങ് നടത്തുന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ ആലോചിക്കണമെന്നും കമൽ നാഥ് ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് മുമ്പു തന്നെ 250 ഇ.വി.എമ്മുകൾ തകരാറിനെ തുടർന്ന് മാറ്റി നൽകിയിട്ടുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പല ബൂത്തുകളിലും മണിക്കൂറുകളോളം വോട്ടെടുപ്പ് തടസ്സപ്പെടാൻ ഇത് ഇടയാക്കിയെന്നും കോൺഗ്രസ് പറയുന്നു.

മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് തെരഞ്ഞെടുപ്പിനു മുമ്പ് നടന്ന ഒട്ടുമിക്ക സർവ്വേകളും പ്രചവിക്കുന്നത്. ശിവരാജ് സിങ് സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ഇത് കോൺഗ്രസിനു ഗുണം ചെയ്യുമെന്നുമായിരുന്നു സർവ്വേകളിലെ കണ്ടെത്തൽ. ഉച്ചയ്ക്ക് 2 മണി വരെ 34.99 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിക്കഴിഞ്ഞത്. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ മധ്യപ്രദേശിൽ വിവിധയിടങ്ങളിൽ തെരഞ്ഞെടുപ്പ് തടസപ്പെട്ടിരുന്നു.. നാല് ഇ.വി.എമ്മും 16 വിവിപാറ്റ് മെഷീനുകളും തകരാറിലായതോടെയാണ് പോളിങ് തടസപ്പെട്ടത്.

അലിരാജ്പൂർ മണ്ഡലത്തിൽ മാത്രം 11 വിവിപാറ്റ് മെഷീനുകൾ മാറ്റിവെച്ചു. ബുർഹാൻപൂരിൽ അഞ്ച് വിവിപാറ്റ് മെഷീനുകളും രണ്ട് ഇ.വി.എമ്മും മാറ്റി സ്ഥാപിച്ചു. ഉജ്ജിയിനിലും രണ്ട് ഇ.വി.എമ്മുകൾക്ക് തകരാർ ശ്രദ്ധയിൽപ്പെട്ടു. മധ്യപ്രദേശിൽ 230 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 2907 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അഞ്ച് കോടിയലിധികം വരുന്ന വോട്ടർമാരാണ് മധ്യപ്രദേശിലുള്ളത്. 65000 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. സുരക്ഷക്കായി എൺപതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. തുടക്കത്തിലെ സർവ്വെകളിലെല്ലാം ബിജെപിക്ക് മുൻതൂക്കം ഉണ്ടായിരുന്നുവെങ്കിലും വിമത ശല്യവും ബിജെപിക്കുള്ളിലെ തർക്കവും കോൺഗ്രസിനെ പ്രചരണത്തിൽ മുന്നിൽ എത്തിച്ചിട്ടുണ്ട്. അവസാന ഒരാഴ്ചയാണ് പ്രചരണത്തിന് മധ്യപ്രദേശിൽ ചൂടുപിടിച്ചത്. അവസാനഘട്ടത്തിൽ പുറത്തുവന്ന സർവേകൾ കോൺഗ്രസിന് അനുകൂലമായിരുന്നു.