ഭോപാൽ: മധ്യപ്രദേശിൽ രാമനവമി, ഹനുമാൻ ജയന്തി എന്നിവ പ്രമാണിച്ച് ഏപ്രിൽ 10, 16 തീയതികളിൽ മതപരമായ പരിപാടികൾ നടത്താൻ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും നിർദേശിച്ച് കോൺഗ്രസ് നേതൃത്വം.

രാമകഥയും ഹനുമാൻ ചാലിസയും പാരായണം ചെയ്യാനാണ് മധ്യപ്രദേശിലെ കോൺഗ്രസ് പ്രവർത്തകർക്കു നേതൃത്വത്തിന്റെ നിർദ്ദേശം. ഈ മാസം 10നു നടക്കുന്ന രാമനവമി ആഘോഷങ്ങളിലും 16നു നടക്കുന്ന ഹനുമാൻ ജയന്തി ആഘോഷങ്ങളിലും സജീവമായി പങ്കെടുക്കാൻ മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡന്റ് കമൽനാഥ് പ്രവർത്തകരോടു നിർദേശിച്ചു. സ്വന്തം മണ്ഡലമായ ചിന്ത്വാര കമൽനാഥ് ഹനുമാൻ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിന്റെ പേരിലാണ് കത്തിറങ്ങിയത്. വൈസ് പ്രസിഡന്റ് ചന്ദ്രപ്രഭാഷ് ശേഖറാണ് കത്തയച്ചത്. ആദ്യമായല്ല കോൺഗ്രസ് ഇത്തരമൊരു നിർദ്ദേശം പുറപ്പെടുവിക്കുന്നതെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ.കെ. മിശ്ര പറഞ്ഞു.

എന്നാൽ, കത്ത് കോൺഗ്രസിന്റെ കാപട്യമാണ് തുറന്നുകാട്ടുന്നതെന്ന് ബിജെപി. വക്താവ് പങ്കജ് ചതുർവേദി പറഞ്ഞു. രാമനും രാമസേതുവും സാങ്കല്പികമാണെന്ന് പറഞ്ഞ കോൺഗ്രസ് നേതാക്കൾ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനെ എതിർത്തിരുന്നെന്നും അദ്ദേഹം പറഞ്ഞു. അടുത്തവർഷം നവംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള നീക്കമാണ് ഇതെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം.