ഭോപ്പാൽ: മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ മുന്നറിയിപ്പിന് പിന്നാലെ സണ്ണി ലിയോണിന്റെ പുതിയ ഗാനരംഗത്തിന്റെ പേരും വരികളും മാറ്റാൻ ഒരുങ്ങി സാരിഗമ. 'മധുബൻ മേം രാധികാ നാച്ചെ' എന്ന് തുടങ്ങുന്ന ഗാനത്തിനാണ് മാറ്റം. ഗാനരംഗം ഹിന്ദു മതവികാരത്തെ വൃണപ്പെടുത്തും എന്ന് ആരോപിച്ചാണ് നരോത്തം മിശ്ര രംഗത്തെത്തിയത്.

'ലഭിക്കുന്ന ഫീഡ്ബാക്കിന്റെ വെളിച്ചത്തിലും ജനങ്ങളുടെ വികാരങ്ങളെ മാനിച്ചും ഞങ്ങൾ മധുബൻ എന്ന ഗാനത്തിന്റെ വരികളും പേരും മാറ്റുന്നു', സാരിഗമ അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ പുതിയ ഗാനം എല്ലാ പ്ലാറ്റ്ഫോമുകളിലും റിലീസ് ചെയ്യുമെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു ഗാനരംഗത്തിനെതിരെ നരോത്തം മിശ്ര പ്രതികരണവുമായി എത്തിയത്. മൂന്ന് ദിവസത്തെ സമയം നൽകും, അതിനുള്ളിൽ സണ്ണി ലിയോണും മറ്റു അണിയറപ്രവർത്തകരും ഗാനം പിൻവലിച്ച് മാപ്പു പറയണം. ഇല്ലാത്തപക്ഷം ഇവർക്കെതിരെ നടപടികൾ സ്വീകരിക്കും എന്നായിരുന്നു മിശ്രയുടെ താക്കീത്.

സണ്ണി ലിയോണിയുടെ ഏറ്റവും പുതിയ മ്യൂസിക് ആൽബമായ 'മധുബൻ മേം രാധികാ നാച്ചെ'യ്‌ക്കെതിരെ വിമർശനം ഉയർന്നിരുന്നു. 'ചില ആളുകൾ ഹിന്ദുവികാരങ്ങളെ നിരന്തരം വ്രണപ്പെടുത്തുന്നു. 'മധുബൻ മേ രാധിക നാച്ചെ' എന്ന വിഡിയോ അത്തരത്തിലുള്ള അപലപനീയമായ ഒരു ശ്രമമാണ്. സണ്ണി ലിയോണി, ഷരീബ്, തോഷി എന്നിവർ ഇതു മനസ്സിലാക്കണമെന്നു മുന്നറിയിപ്പ് നൽകുന്നു. മൂന്നു ദിവസത്തിനകം മാപ്പ് പറഞ്ഞ്, പാട്ടു നീക്കം ചെയ്തില്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കും.' നരോത്തം മിശ്ര പറഞ്ഞു. 'മാ രാധ'യെ ആരാധിക്കുന്ന നിരവധി ആളുകളുടെ വികാരത്തെ വിഡിയോ വ്രണപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

നേരത്തെ ഗാനത്തിനെതിരെ മഥുരയിലെ പുരോഹിതർ എത്തിയിരുന്നു. ഗാനരംഗത്തിലെ നടിയുടെ നൃത്തം അശ്ലീലം നിറഞ്ഞതാണ് എന്നും അത് മതവികാരങ്ങളെ വൃണപ്പെടുത്തുന്നു. അതിനാൽ ഗാനം നിരോധിക്കണം എന്നാണ് പുരോഹിതർ ആവശ്യപ്പെടുന്നത്.കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കനിക കപൂറും അരിന്ദം ചക്രവർത്തിയും പാടിയ 'മധുബൻ' റിലീസ് ചെയ്തത്. 1960ൽ പുറത്തിറങ്ങിയ കോഹിനൂർ എന്ന സിനിമയിൽ മുഹമ്മദ് റാഫി ആലപിച്ച ഗാനത്തിന്റെ റീമേക്കാണ് ഇത്.

ഡിസംബർ 22ന് യുട്യൂബിൽ റിലീസ് ചെയ്ത മ്യൂസിക് ആൽബം, ഞായറാഴ്ചവരെ ഒരു കോടിപേർ കണ്ടിട്ടുണ്ട്. ആൽബത്തിനെതിരെ മഥുരയിലെ പുരോഹിതന്മാരും രംഗത്തെത്തിയിരുന്നു. ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങൾ വ്രണപ്പെടുത്തുന്നതാണെന്നും പുരോഹിതന്മാർ പരാതിപ്പെട്ടു.

വിഡിയോ ആൽബം നിരോധിച്ചു നടിക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് വൃന്ദാവനിലെ സന്ത് നവൽഗിരി മഹാരാജ് പറഞ്ഞു. നൃത്തത്തിലെ രംഗങ്ങൾ പിൻവലിച്ചു മാപ്പ് പറഞ്ഞില്ലെങ്കിൽ നടിയെ ഇന്ത്യയിൽ തുടരാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.