കൊച്ചി: സാമ്പത്തിക പ്രതിസന്ധി മൂലം ഈ മാസം 18നേ ശമ്പളം വിതരണം ചെയ്യൂവെന്ന് ജീവനക്കാരെ അറിയിച്ചതാണ് മാധ്യമം മാനേജ്‌മെന്റ്. ഈ കത്ത് മറുനാടൻ മലയാളി പുറത്തുവിട്ടതോടെ ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തിലെ പ്രതിസന്ധി വലിയ ചർച്ചയായി. സോഷ്യൽ മീഡിയ വിഷയം ഏറ്റെടുത്തു. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം അന്വേഷിച്ചെത്തിയവർ പറഞ്ഞു വച്ചത് നോട്ട് നിരോധനവും ഖത്തർ പ്രതിസന്ധിയും പത്രത്തെ തകർത്തുവെന്നായിരുന്നു. ഇതോടെ അടിയന്തര നടപടിയുമായി മാധ്യമം എത്തി. പതിനെട്ടിനേ കൊടുക്കൂവെന്ന് പറഞ്ഞ ശമ്പളം എല്ലാ ജീവനക്കാർക്കും ഇന്നലെ തന്നെ കിട്ടി. വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തതിന്റെ പ്രതിഫലനമായിരുന്നു ഇത്.

അതിനിടെ കത്ത് ചോർന്നത് മാധ്യമം മാനേജ്‌മെന്റ് ഗൗരവത്തോടെ എടുത്തിട്ടുണ്ട്. ഇതിനെ കുറിച്ച് അന്വേഷണവും തുടങ്ങി. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് മാനേജ്‌മെന്റ് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാരും പറയുന്നു. നോട്ട് നിരോധനവും ഖത്തർ പ്രതിസന്ധിയുമൊന്നും പത്രത്തെ ബാധിച്ചിട്ടില്ല. കോഴിക്കോടും കൊച്ചയിലും തിരുവനന്തപുരത്തും മലപ്പുറത്തും കണ്ണൂരും കോട്ടയത്തും തൃശൂരും ബംഗളൂരുവിലും ബഹറിനിലും ദുബായിലും ഖത്തറിലും കുവൈറ്റിലും ജിദ്ദയിലും റിയാദിലും ദമാമിലും അബ്ഹയിലും ഒമാനിലും എഡിഷനുള്ള മലയാള പത്രമാണ് മാധ്യമം. ഇതിൽ കോട്ടയം ഒഴികെ എല്ലാ എഡിഷനും ലാഭത്തിലാണ്. അതുകൊണ്ട് തന്നെ മാനേജ്‌മെന്റിന്റെ സാമ്പത്തിക നഷ്ടമെന്ന കണക്ക് അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാർ പറയുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാർ കമ്പനി ടാഗ് ഉപേക്ഷിച്ച് പ്രതിഷേധിച്ചത്. ഇത് രണ്ടാമാസമാണഅ മാധ്യമത്തിൽ ശമ്പളം വൈകുന്നത്. ഗൾഫിലെ എഡിഷനെല്ലാം വമ്പൻ ലാഭത്തിലുമാണ്.

മലയാളത്തിലെ ഏറ്റവും ശക്തമായ മാധ്യമ ഗ്രൂപ്പായിരുന്നു മാധ്യമം. നിലപാടുകൾ ഉറച്ചു പ്രഖ്യാപിച്ച് പ്രവർത്തിച്ച പത്രം. പരസ്യങ്ങൾക്ക് പിന്നാലെ പോകാതെ ധാർമികത മുറുകെ പിടിച്ചായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ പത്രം മുന്നോട്ട് പോയത്. സാസ്‌കാരിക കേരളത്തിന്റെ പിന്തുണ ഏറെ കിട്ടിയ പത്രം. സിനിമാ പരസ്യങ്ങൾ പൂർണ്ണമായും ഒഴിവാക്കി. ലഹരിയുമായി ബന്ധപ്പെട്ടവയും കൊടുത്തില്ല. അങ്ങനെ തീർത്തും വ്യത്യസ്തമായി പ്രവർത്തിച്ചു. 1987ലാണ് മാധ്യമം തുടങ്ങിയത്. അന്ന് മുതൽ ഒരു പ്രതിസന്ധിയുമില്ലാതെ മുന്നോട്ട് പോയി. ഇതേ സാഹചര്യമാണ് ഇപ്പോഴുമുള്ളത്. ചാനൽ തുടങ്ങിയതാണ് പ്രശ്‌നകാരണം. പത്രത്തിന്റെ ലാഭം അങ്ങോട്ട് വഴിമാറുന്നു. ഇത് മാത്രമാണ് കുഴപ്പങ്ങൾക്ക് കാരണമെന്നാണ് ജീവനക്കാരുടെ പക്ഷം. എന്നാൽ നോട്ട് നിരോധനവും ഖത്തർ പ്രതിസന്ധിയും എല്ലാത്തിനേയും ബാധിച്ചുവെന്ന വിലയിരുത്തൽ തന്നെയാണ് പുറം ലോകത്ത് സജീവം. അല്ലാത്ത പക്ഷം ഇത്തരമൊരു പ്രശ്‌നം വരില്ലെന്നും വിലയിരുത്തലുണ്ട്.

മോദി സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് മാധ്യമത്തിന് കഷ്ടകാലം തുടങ്ങുന്നത്. ഇസ്ലാമിക ഗ്രൂപ്പുകൾക്കുള്ള വിദേശ ഫണ്ടിങ്ങിൽ കേന്ദ്രസർക്കാർ കണ്ണുവച്ചു. ഇതോടെ കഷ്ടകാലം തുടങ്ങിയെന്നാണ് സൂചന. മീഡിയാ വണ്ണിൽ നിന്ന് നൂറോളം മാധ്യമ പ്രവർത്തകരെ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള മാധ്യമ വിഭാഗം പുറത്താക്കി. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചു. ഒരിക്കലും ജോലി പോകില്ലെന്ന ഉറപ്പിൽ മാധ്യമത്തിൽ വിശ്വസിച്ചെത്തിയവരായിരുന്നു ഇവരെല്ലാം. ചാനൽ ലാഭമല്ലെന്ന് പറഞ്ഞായിരുന്നു ഇടപെടൽ. ഗൾഫ് ചാനൽ നിർത്തുകയും ചെയ്തു. പ്രോഗ്രാം ചാനൽ പതിയെ ന്യൂസായി മാറുകയും ചെയ്തു. അപ്പോഴും പ്രതിസന്ധി മാധ്യമത്തെ ബാധിച്ചിരുന്നില്ല. നോട്ട് നിരോധനവും ഗൾഫ് പ്രതിസന്ധിയും പത്രത്തേയും സാരമായി സ്വാധീനിക്കുന്നു. രണ്ട് മാസമായി ശമ്പളം മുടങ്ങിയത് ഇതിന് തെളിവാണെന്നും വിലയിരുത്തുന്നു.

നോട്ട് നിരോധനത്തോടെ ഇന്ത്യയിലേക്ക് എത്തുന്ന ഫണ്ടുകളിൽ ആദായ നികുതി വകുപ്പ് നിരീക്ഷണം കർശനമാക്കി. വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള ഫണ്ട് വരവ് കുറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ സന്ദർശനം നടത്തിയിരുന്നു. ഗൾഫിൽ നിന്ന് രാജ്യത്തേക്കുള്ള ഫണ്ട് വരവ് ഇതോടെയാണ് കുറാൻ തുടങ്ങിയത്. ഇതെല്ലാം ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തേയും ബാധിച്ചിരുന്നു. ഖത്തർ പ്രതിസന്ധിയോടെ ഇത് രൂക്ഷമായി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മാധ്യമം ദിനപത്രത്തിൽ കടുത്ത പ്രതിസന്ധി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മീഡിയാ വണ്ണിന് പിന്നാലെയാണ് മാധ്യമ പത്രവും വലിയ പ്രതിസന്ധിയിലേക്കെന്ന സൂചന പുറത്തുവന്നത്.

ജമാഅത്ത് ഇസ്ലാമിയുടെ കീഴിലാണ് ഐഡിയൽ പബ്ലിക്കേഷൻ രൂപീകരിച്ച് മാധ്യമം ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ കേരളത്തിലെ മുഖ്യധാരാ പത്രമായി മാറുകയും ഗൾഫ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ എഡിഷൻ ആരംഭിക്കുകയും ചെയ്തു. ദിനപത്രത്തിനു പുറമെ നിരവധി മാഗസിനുകളും പ്രത്യേക പതിപ്പുകളും പുറത്തിറക്കി വൻലാഭമാണ് ഐഡിയൽ ഗ്രൂപ്പ് ഉണ്ടാക്കിയത്. പത്രം വൻലാഭമായതിനു പിന്നാലെയാണ് ചാനൽ തുടങ്ങുന്നതിനെ പറ്റിയും ജാമഅത്ത് ഇസ്ലാമി ആലോചിച്ചു. ഇതേതുടർന്നാണ് മീഡിയാവൺ എന്ന ചാനൽ ആരംഭിക്കുന്നത്. പ്രോംഗ്രാമും വാർത്തയും ഇടകലർത്തി ആരംഭിച്ച ചാനലും ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ഒരു ചാനൽ കൂടി ആരംഭിക്കുമെന്ന പ്രഖ്യാപനവും ഉണ്ടായി. എന്നാൽ അടുത്തിടെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഗൾഫിലേത് ഉൾപ്പെടെയുള്ള ഓഫീസുകൾ അടച്ചു പൂട്ടുകയും പുതുതുതായി പ്രഖ്യാപിച്ച ചാനൽ വേണ്ടെന്നു വയ്ക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ലാഭകരമായി പ്രവർത്തിച്ചിരുന്ന മാധ്യമം ദിനപത്രത്തിൽ ശമ്പളം മുടങ്ങുന്നത്. മജീദിയ കമ്മീഷൻ ശുപാർശ പ്രകാരം വേജ് ബോർഡ് അടിസ്ഥാനമാക്കി ശമ്പളം നൽകുന്ന മലയാളത്തിലെ ചുരുക്കം ചില പത്രങ്ങളിൽ ഒന്നാണ് മാധ്യമം ദിനപത്രം. ഗൾഫ് മേഖലയിലെ സാമ്പത്തിക മാന്ദ്യവും പത്രത്തിന് സ്ഥിരമായി പരസ്യം നൽകിയിരുന്ന പ്രവാസി സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിൽ ആയതുമാണ് പത്രത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കിയതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.