ന്ത്യൻ, മലയാള മാദ്ധ്യമങ്ങൾക്ക് ആഗോളവൽക്കരണത്തിന്റെ കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലത്തുണ്ടായ അടിസ്ഥാനപരമായ മാറ്റങ്ങൾ മൂന്നാണ്. ഒന്ന്, സാങ്കേതികരംഗത്തുണ്ടായ ആഗോളമാറ്റങ്ങൾക്കൊപ്പം ചുവടുവച്ച് അവ നേടിയ ജനപ്രീതിയും പ്രചാരവളർച്ചയും. രണ്ട്, മാദ്ധ്യമരംഗത്തു സംഭവിച്ച കോർപ്പറേറ്റ്‌വൽക്കരണത്തിനനുസൃതമായി രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കുണ്ടായ കോർപ്പറേറ്റ്‌വത്ക്കരണത്തിനു കുടപിടിക്കുന്ന സ്ഥിതി. മൂന്ന്, ആഗോള-ദേശീയ തലങ്ങളിലെ മതവർഗീയതയോട് സ്വീകരിക്കുന്ന ജനാധിപത്യവിരുദ്ധമായ രാഷ്ട്രീയനിലപാടുകളുടെ ഭീതിദമായ അവസ്ഥ. ഇതിൽ ആദ്യത്തെ രണ്ടു മാറ്റങ്ങളും സാമാന്യമായി ഉൾക്കൊണ്ടും തിരിച്ചറിഞ്ഞും മൂന്നാമത്തെ മാറ്റത്തെ സവിശേഷമായ ചില ചരിത്രസന്ദർഭങ്ങളിൽ സവിസ്തരം വിശകലനം ചെയ്യുകയാണ് കമൽറാം സജീവ്.

പത്തുലേഖനങ്ങളും ആറ് അഭിമുഖങ്ങളും ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം പൊതുവിൽ രണ്ടു മേഖലകളെയാണ് പഠനത്തിനും ചർച്ചയ്ക്കും വിധേയമാക്കുന്നത്. മലയാളപത്രങ്ങളുടെ ചുവപ്പിനോടുള്ള വെറിയും കാവിയോടുള്ള നെറിയുമാണ് ആദ്യമേഖല. അഴിമതി, വർഗീയത, കോർപ്പറേറ്റ്‌വത്കരണം എന്നിവയോട് ദേശീയ/ഇംഗ്ലീഷ് ദിനപത്രങ്ങളും മറ്റു മാദ്ധ്യമങ്ങളും കൈക്കൊള്ളുന്ന സമീപനമാണ് രണ്ടാമത്തെ മേഖല.

യഥാക്രമം ഈ രണ്ടു മേഖലകളെയും സൂക്ഷ്മമായ അവലോകനം ചെയ്യുന്നു ആദ്യ രണ്ടു ലേഖനങ്ങൾ. കെ. കരുണാകരന്റെ രാഷ്ട്രീയാധമത്വങ്ങളും മാദ്ധ്യമപ്രവർത്തകരുടെ സംഘടനയുൾപ്പെടെയുള്ള കേരളീയസമൂഹം കരുണാകരന്റെ ഹിംസാത്മക രാഷ്ട്രീയത്തെ മറക്കുന്നതിന്റെ ഗതിവേഗങ്ങളും ചർച്ചചെയ്യുന്നു, മൂന്നാം ലേഖനം. ഒപ്പം, കമൽതന്നെ എഴുതിയ നവാബ് രാജേന്ദ്രന്റെ ജീവചരിത്രത്തിൽ നിന്നുള്ള ചില അനുഭവങ്ങളുടെ പുനരാഖ്യാനവും. യൂറോപ്യൻ - ലാറ്റിനമേരിക്കൻ ഫുട്‌ബോളിന്റെ ദേശീയതയും കരീബിയൻ ക്രിക്കറ്റിന്റെ വംശീയതയും വിശകലനം ചെയ്യുന്ന രണ്ടു ലേഖനങ്ങളുണ്ട് ഈ ഭാഗത്ത്. ഓരോന്നും മാദ്ധ്യമകേന്ദ്രിതം. സൗദിഅറേബ്യൻ ആഭ്യന്തരരാഷ്ട്രീയത്തിന്റെ സന്ദിഗ്ദ്ധ നിലപാടുകളും ഇസ്ലാമിക രാഷ്ട്രങ്ങളും പശ്ചാത്യമാദ്ധ്യമങ്ങളും തമ്മിലുള്ള ബന്ധത്തിലെ കുരിശുയുദ്ധങ്ങളും ചർച്ചചെയ്യുന്നു, മറ്റൊരു ലേഖനം. ദേശാഭിമാനി, വിപണിതന്ത്രങ്ങളിൽ മനോരമയെപ്പോലും നാണിപ്പിക്കുന്നതും പാശ്ചാത്യമാദ്ധ്യമങ്ങളുടെ മുതലാളിത്ത പക്ഷപാതവും ഏതാണ്ടൊരേ സ്വരത്തിൽ അവലോകനം ചെയ്യുന്നു, രണ്ടു ലേഖനങ്ങളിൽ. ഇ-ബുക്ക്, ഇ-ബുക്ക്‌റീഡർ എന്നിവ അച്ചടിച്ച പുസ്തകത്തിനു സൃഷ്ടിക്കുന്ന വെല്ലുവിളിയുടെ രാഷ്ട്രീയമാണ് അവസാന ലേഖനത്തിന്റെ വിഷയം. ഓരോന്നും മാതൃഭൂമി, മാദ്ധ്യമം, വായന, പച്ചക്കുതിര തുടങ്ങിയ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചവ. [BLURB#1-H]വിഷയം നേരിട്ടുതന്നെ മാദ്ധ്യമങ്ങളാകട്ടെ, മാദ്ധ്യമങ്ങൾ മുൻനിർത്തിയുള്ള രാഷ്ട്രീയം, സ്പോർട്സ് തുടങ്ങിയവയാകട്ടെ, ഏതിന്റെയും ഉള്ളടക്കം നിശ്ചയിക്കുന്നത് അവ രചിക്കപ്പെടുന്ന സാമൂഹ്യസന്ദർഭങ്ങളും രാഷ്ട്രീയപശ്ചാത്തലങ്ങളുമാണ്. 'ന്യൂസ്ഡസ്‌കിലെ കാവിയും ചുവപ്പും' എന്ന ആദ്യ ലേഖനത്തിൽ കമൽ മലയാളപത്രങ്ങളുടെ കമ്മ്യൂണിസ്റ്റ് വെറിയെക്കുറിച്ച് എഴുതുന്നു: 'വാർത്തകൾ വാർത്തകളായി പരിഗണിച്ചാൽ തന്നെ സിപിഐ(എം) മറുപടി പറയേണ്ട രാഷ്ട്രീയസന്ദർഭങ്ങൾ ഇന്ത്യയിൽ ദിനംതോറും ഉണ്ടായിവരുന്നുണ്ട്. എന്നാൽ, സമൂഹത്തിന് ദീർഘകാലാടിസ്ഥാനത്തിൽ കോട്ടം വരുത്തുന്നതും നമ്മുടെ പ്ലൂരൽ, സെക്കുലർ സമുദായത്തിന് നാശമുണ്ടാക്കുന്നതുമായ തീവ്രഹിന്ദുത്വ നിലപാടുകൾ വിതയ്ക്കുകയും വിളവെടുക്കുകയും ചെയ്യുന്ന ഒരു നിലപാടുതറയിൽനിന്ന് സിപിഎമ്മിനെയും അതിന്റെ സെക്കുലർ നേതാക്കളെയും ഒറ്റതിരിച്ച് ആക്രമിക്കാനുള്ള ഗൂഢാലോചന
എന്ന് ചരിത്രം വിധിയെഴുതുന്ന നടപടികൾ ഖേദകരമെങ്കിലും സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ജീവിച്ചിരിക്കുന്നവരും മുളച്ചുപൊങ്ങിത്തുടങ്ങിയിരിക്കുന്നവരുമായ സകല ആൾദൈവങ്ങൾക്കും സമ്പൂർണ ആധിപത്യമുള്ള പത്രം നിർമ്മിക്കുക, കേരളത്തിൽ വേരോട്ടമില്ലാത്ത കൊടിയ വർഗീയവാദികൾക്ക് അവരുടെ കോളങ്ങളിലൂടെ വിഷംചീറ്റാൻ അവസരമൊരുക്കുക എന്നിങ്ങനെ പ്രത്യക്ഷത്തിൽത്തന്നെ മനസ്സിലാക്കാവുന്ന കാംപയിൻ പരിസരങ്ങളിൽനിന്നുള്ള സിപിഐ(എം) വിരോധം എത്ര സോദ്ദേശ്യപരമായിരുന്നാലും നിക്ഷിപ്ത താൽപ്പര്യങ്ങളായി മാത്രമേ രേഖപ്പെടുത്തപ്പെടുകയുള്ളൂ. കേരളത്തിലെ മാദ്ധ്യമ അന്തരീക്ഷത്തിൽ ആൾദൈവങ്ങളിലൂടെ സംഘപരിവാർ നടത്തുന്ന കടന്നുകയറ്റം ഗൗരവമായി കാണേണ്ടതുണ്ട്. എന്റർടെയ്‌മെന്റ് റിയാലിറ്റി ഷോകളിലൂടെയാണെങ്കിലും ചാനലുകളുടെ രാത്രിക്കാഴ്ച ഇത്തരം ശക്തികൾ കൈയടക്കിയിരിക്കുകയാണ്. വാർത്തകളിൽ സംഘവാർത്തകൾക്ക് റിസർവേഷനുള്ള ചാനലാണ് പ്രൈം ടൈം റേറ്റിങ്ങിൽ അജണ്ട നിശ്ചയിക്കുന്നത് എന്നത് ഭാവിയിലേക്ക് ഗുരുതരമായ ചില സിഗ്നലുകൾ നൽകുന്നുണ്ട്!'

ഈ സിഗ്നലുകൾ മറ്റു മാദ്ധ്യമങ്ങളും ഏറ്റെടുത്ത കാലത്താണ് ഈ പുസ്തകം പുറത്തുവരുന്നത് എന്നതുതന്നെയാണ് ഏറ്റവും പ്രധാനം. ആന്ധ്രയിൽ സിപിഐ(എം). നേതൃത്വത്തിൽ നടന്ന, സമരം തീർത്തും തമസ്‌കരിച്ച മലയാള മാദ്ധ്യമങ്ങൾ ബംഗാളിൽ നടന്ന നന്ദിഗ്രാം കൂട്ടക്കൊലയെ 'വംശഹത്യ' എന്നുവരെ വിശേഷിപ്പിച്ചതിന്റെ ചരിത്രം ചൂണ്ടിക്കാണിച്ചാണ് ചുവപ്പുകണ്ടാൽ വിറളിയെടുക്കുന്ന മാദ്ധ്യമക്കൂറ്റന്മാരെ കമൽ വിചാരണ ചെയ്യുന്നത്. തുടർന്ന് മലയാളപത്രങ്ങൾ എങ്ങനെ ഇസ്ലാമിക വിരുദ്ധതയുടെയും കാവിവൽക്കരണത്തിന്റെയും അജണ്ടകൾ ചെറുത്തുനില്‌പേതും കൂടാതെ നടപ്പാക്കാൻതക്ക മെയ്‌വഴക്കമുള്ള എഡിറ്റോറിയൽ ഡസ്‌ക്കുകൾ നിർമ്മിച്ചെടുക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുകയാണ് കമൽ.

അതേസമയംതന്നെ, മലയാള മാദ്ധ്യമമണ്ഡലത്തിൽ ഏതാണ്ടിതേ തീവ്രതയിൽ വേരുപടർത്തിയും ഇല വീശിയും നിലനിൽക്കുന്ന ഇസ്ലാമിക, ക്രൈസ്തവ മതവർഗീയതയുടെ അജണ്ടകൾ കമൽ കാണാതെ പോകുകയും ചെയ്യുന്നു. ഈ ഭാഗം മുഴുവൻ വായിച്ചുകഴിഞ്ഞാലും ഒരിടത്തും ഗ്രന്ഥകാരന്റേതായി 'പച്ച'യോ 'വെള്ള'യോ മാദ്ധ്യമരാഷ്ട്രീയത്തിന്റെ ഭാഗമായി സൂചിപ്പിക്കപ്പെടുന്നതുപോലുമില്ല എന്നു കാണാം. ഏതാണ്ട് ഏകപക്ഷീയമായ കാവിവിചാരണയാണ് ഗ്രന്ഥസ്വരൂപം എന്നർഥം.[BLURB#2-H]ഒന്നാം ഭാഗത്തെ ലേഖനങ്ങളെക്കാൾ ചടുലവും വിപുലവും സമഗ്രവുമാണ് രണ്ടാം ഭാഗത്തെ അഭിമുഖങ്ങൾ വെളിപ്പെടുത്തുന്ന നിലപാടുകളും വസ്തുതകളും. ആശിഷ് ഖേതൻ, പിണറായി വിജയൻ, ബി.ആർ.പി. ഭാസ്‌കർ, സക്കറിയ, ഇ.പി. ഉണ്ണി, ശശികുമാർ എന്നിവരുമായുള്ള അഭിമുഖങ്ങളാണ് ഈ ഭാഗത്തുള്ളത്. ഇവിടെ പക്ഷെ, മതേതര ഇന്ത്യ നേരിടുന്ന മുഖ്യ ഭീഷണി കാവിവൽക്കരണമാണെന്ന് പറയുമ്പോൾതന്നെ പച്ചയുടെ ഭീഷണി മിക്കവരും നിരാകരിക്കുന്നില്ല, ലഘൂകരിക്കുന്നുണ്ട്, ചിലരെങ്കിൽപോലും. ആശിഷ് ഖേതൻ, സംഘ് ഭീകരത പോലെതന്നെ സംഘടിതവും ആസൂത്രിതവുമാണ് ഇസ്ലാമിക ഭീകരത എന്ന നിരീക്ഷണം ഉറപ്പിച്ചുപറയുന്നുണ്ട്. 'ആർഎസ്എസ്. ആകട്ടെ, പാക്കിസ്ഥാനിലെ ജമാഅത്തുദ്ദഅ്‌വ ആകട്ടെ, ഇത്തരത്തിലുള്ള എല്ലാ ഫാഷിസ്റ്റ് ഭീകരപ്രസ്ഥാനങ്ങളും മതമൗലിക പ്രസ്ഥാനങ്ങളും സമൂഹത്തിൽ വേരോട്ടമുണ്ടാക്കുന്നത് അവരുടെ സാംസ്‌കാരിക-വിദ്യാഭ്യാസ-മാനവിക പ്രവർത്തനങ്ങൾ വഴിയാണ്. ലഷ്‌കറേ ത്വയ്യിബയുടെ മാതൃപ്രസ്ഥാനമായ ജമാഅത്തുദ്ദഅ്‌വ എന്താണ് അവകാശപ്പെടുന്നത്? ഞങ്ങൾ ഒരു സാംസ്‌കാരിക പ്രസ്ഥാനമാണ്. ഞങ്ങൾ മദ്രസകൾ നോക്കി നടത്തുന്നു. ശരിയാണ്. അവർ അതും ചെയ്യുന്നുണ്ട്. എന്തിന്, മുസ്‌ലിം ബ്രദർഹുഡും ഇതൊക്കെ ചെയ്യുന്നുണ്ട്. അതിന്റെ ചരിത്രം എടുത്തുനോക്കൂ. സമൂഹത്തിൽ അവർ വേരോട്ടമുണ്ടാക്കിയത് ഇത്തരം ചാരിറ്റബിൾ പ്രവർത്തനങ്ങളിലൂടെയാണ്. ഇത്തരം സംഘടനകളുടെ പൊതുവായ പ്രവർത്തനരീതിയാണ് അത്. വെറുതെ തോക്കെടുക്കാനും സായുധവിപ്ലവം നടത്താനും പറഞ്ഞാൽ ആളെ കിട്ടില്ല. അവർക്ക് എന്തെങ്കിലും തിരിച്ചുകിട്ടണം. മാനവികപ്രവർത്തനങ്ങളും ഭിക്ഷാദാന പ്രവർത്തനങ്ങളും ഇവരുടെ മറ്റൊരു മുഖമാണ്. വെള്ളപ്പൊക്കമുണ്ടാകട്ടെ, ആർഎസ്എസ്. പ്രവർത്തകർ നല്ലരീതിയിൽ രക്ഷാപ്രവർത്തനത്തിനുണ്ടാകും. ഭൂചലനമുണ്ടാകട്ടെ, ആർ.എസ്.എസിന്റെ മുഖ്യപങ്കാളിത്തം രക്ഷാപ്രവർത്തനത്തിൽ നമുക്കു കാണാം. പക്ഷേ, ഇതൊക്കെ സ്വരുക്കൂട്ടുന്നത് അവരുടെ കേന്ദ്ര പ്രത്യയശാസ്ത്രത്തെ ബലപ്പെടുത്തുന്നതിലേക്കാണ്. അതായത് ഇന്ത്യ, ഹിന്ദുരാജ് ആണെന്ന പ്രത്യയശാസ്ത്രത്തെ'. പിണറായി വിജയനും സംശയലേശമെന്യേ ഇതേ സ്വരം പുറപ്പെടുവിക്കുന്നു: 'വർഗീയനിലപാടുകളെ ഞങ്ങൾ എതിർക്കും. ആർ.എസ്.എസിന്റെ വർഗീയ നിലപാട് മാത്രമല്ല, ന്യൂനപക്ഷ വർഗീയതയും ആപൽക്കരമായി വരുമ്പോൾ അതിനെയും ഞങ്ങളെതിർക്കും. അതിലൊരു വിട്ടുവീഴ്ചയുമില്ല. അതുകൊണ്ടുതന്നെ എൻ.ഡി.എഫ്. പോലുള്ള സംഘടനകൾക്ക് ഞങ്ങളുടെ പാർട്ടിയോട് കടുത്ത വിരോധമാണുള്ളത്. മതനിരപേക്ഷത സംരക്ഷിക്കുക എന്നത് ഏതൊരു കമ്മ്യൂണിസ്റ്റുകാരനും അനുവർത്തിക്കുന്ന സമീപനമാണ്. മതന്യൂനപക്ഷത്തിന് തങ്ങൾ കൂടുതൽ കൂടുതൽ ഒറ്റപ്പെടുന്നതായി തോന്നരുത്. അതിന് മതനിരപേക്ഷ സമൂഹം അവരെ വലിയതോതിൽ പിന്താങ്ങേണ്ടതായിട്ടുണ്ട്. അവരുടെയിടയിലെ മതമൗലികവാദികളും തീവ്ര ചിന്താഗതിക്കാരും നമ്മൾക്ക് നമ്മളേ രക്ഷയുള്ളൂ എന്ന് പ്രചരിപ്പിക്കുന്നതിനെ നേരിടാനും ഈ സമീപനം അത്യാവശ്യമാണ്.' സക്കറിയയും ഉണ്ണിയും പുലർത്തുന്നുണ്ട് സമാനമായ നിലപാടുകൾ. എന്നിട്ടും മാദ്ധ്യമവിമർശനത്തിലോ രാഷ്ട്രീയ വിശകലനത്തിലോ പച്ചയുടെ പ്രസരം കാണാൻ ഗ്രന്ഥകാരനു കഴിയുന്നില്ല എന്നതാണു വിചിത്രം.
ബി.ആർ.പി, സക്കറിയ, ശശികുമാർ, ഉണ്ണി എന്നിവരുമായുള്ള അഭിമുഖങ്ങൾ താരതമ്യേന മാദ്ധ്യമസംബന്ധി മാത്രമാണ്; കുറെയൊക്കെ മലയാളിയുടെ മതേതര ജീവിതവുമായി ബന്ധപ്പെട്ടവയും. ഇന്ത്യൻ/കേരളീയ പൗരസമൂഹങ്ങളോടു ബന്ധപ്പെടുത്തി ഓരോരുത്തരും സൂക്ഷ്മമായ നിലപാടുകളും നിരീക്ഷണങ്ങളും അവതരിപ്പിക്കുന്നു. വിശേഷിച്ചും, ഉണ്ണി.[BLURB#3-VL] ഇവിടെയുമുണ്ട്, ഈ ഗ്രന്ഥത്തിന്റെ പൊതുബോധത്തെ വെല്ലുവിളിക്കുന്ന ചില കാഴ്ചകൾ. മിക്കതും ഉണ്ണിയുടേതുതന്നെ. ഒരുദാഹരണം നോക്കുക. ദേശീയ ഇംഗ്ലീഷ് ദിനപത്രങ്ങൾ മിക്കതും സംഘ്പരിവാറിന്റെ സഹയാത്രികരാണെന്ന മലയാളിയുടെ സാമാന്യബോധം അസംബന്ധമാണെന്ന് ഉണ്ണി ചൂണ്ടിക്കാണിക്കുന്നു. 'ഈ ആരോപണത്തിൽ കഴമ്പില്ല. ടൈംസ് ഓഫ് ഇന്ത്യയും ഇന്ത്യൻ എക്സ്‌പ്രസും ഒരുപാട് വർഷങ്ങളായി രംഗത്തുള്ള പത്രങ്ങളാണ്. ഇവയൊക്കെ ബഹുസ്വരതയോടെ സംസാരിക്കുന്ന ആൾക്കാരാണ്. ബഹുസ്വരതയാണ് ഏതു പത്രത്തിലും നല്ലതും. പലതരം നിരീക്ഷണങ്ങൾ എഡിറ്റ് പേജിൽ എഴുതാൻ അവസരമുണ്ടാക്കുന്ന പത്രമാണ് ആവശ്യം. ബിജെപി സർക്കാരിന്റെ പല നിലപാടുകൾക്കെതിരായും ഈ രണ്ടുപത്രങ്ങളും നിരവധി എഡിറ്റോറിയലുകൾ എഴുതിയിട്ടുണ്ട്. രണ്ടു വർഷമായി ഞാൻ എക്സ്‌പ്രസിൽ ജോലി ചെയ്യുന്നു. അതിനുമുമ്പ് ഞാൻ ടൈംസ് ഓഫ് ഇന്ത്യാ ഗ്രൂപ്പിലായിരുന്നു. താങ്കളുന്നയിക്കുന്ന ആരോപണം എന്റെ അറിവിൽ ശരിയല്ല. ഇക്കണോമിക് ടൈംസിന്റെ എഡിറ്റോറിയൽ പോളിസി നിർണയിക്കുന്നതിൽ ഞാനും പങ്കാളിയായിരുന്നു. അവിടെ ഒരു കാലത്തും ഇത്തരം തീരുമാനങ്ങൾ എടുക്കപ്പെട്ടിട്ടില്ല '. സൂക്ഷ്മവും നിശിതവുമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ കേരളത്തെക്കുറിച്ചും ഉണ്ണിക്കുണ്ട്. '1957-ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പോലുള്ള ഒരു മന്ത്രിസഭ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇതുവരെ ഉണ്ടായിട്ടില്ല. ദെ വേർ ഓൾ സ്റ്റേറ്റ് ഓഫ് ദ ആർട്ട്. ഇപ്പോഴോ, ഇടതുപക്ഷം വലതുപക്ഷത്തിന്റെ അത്രതന്നെ വ്യവസ്ഥാപിതമാണ് കേരളത്തിൽ. കരുണാനിധിയോടോ നായിഡുവിനോടോ സംസാരിച്ചുനോക്കൂ. സംസ്ഥാനത്തിന്റെ വികസനത്തിൽ അവരുടെ താൽപ്പര്യം മനസ്സിലാവും. ഇവിടെ അത്തരമൊരു താൽപ്പര്യം കഴിഞ്ഞ കുറെ വർഷത്തിനിടയ്ക്ക് കാണാൻ കഴിഞ്ഞത് പിണറായി വിജയനിൽ മാത്രമാണ്. വിജയന് ജീവനുണ്ടെന്ന് തോന്നും. ബാക്കിയൊക്കെ മൃതശരീരങ്ങളാണ്. രാഷ്ട്രീയ പ്രബുദ്ധതയെക്കുറിച്ചുള്ള നിങ്ങളുടെ സങ്കൽപ്പങ്ങളൊക്കെ മിത്താണ്. കൊടിപിടിച്ചതുകൊണ്ടോ പോസ്റ്റർ എഴുതിയതുകൊണ്ടോ 1998-ൽ രാഷ്ട്രീയ പ്രബുദ്ധതയാവില്ല.'

ചരുക്കം ചിലേടങ്ങളിൽ ശശികുമാറും നല്ല തിരിച്ചറിവുകൾ വെളിപ്പെടുത്തും. മുഖ്യധാരാ ഇടതുപക്ഷത്തെക്കുറിച്ചുള്ള ശശികുമാറിന്റെ ഈ നിരീക്ഷണം ശ്രദ്ധിക്കുക : 'അവർ ഇപ്പോഴും സോവിയറ്റ് യൂണിയൻ തകർന്നതിന്റെ ക്ഷീണത്തിലാണ്. ലെഫ്റ്റിനെ നിലനിർത്താനുള്ള ഒരു ideological momentum കൊടുക്കാൻ പറ്റിയ ചിന്തകന്മാർ ഇടതുപക്ഷത്ത് ഇപ്പോഴില്ല. ഇന്ത്യയിൽ ലെഫ്റ്റിന്റെ ഐഡ്യലോഗ് ആരാണെന്ന് ചോദിച്ചാൽ പേരെടുത്തു പറയാൻ ഒരാളില്ല. ഇപ്പോഴത്തെ മറ്റൊരു രസകരമായ ദുരവസ്ഥ you can be a communist without becoming a Marxist എന്നതാണ്. ഈ വിരോധാഭാസം ശക്തമായുണ്ട്. ബംഗാളിലും കേരളത്തിലുമൊക്കെ അതിന്റെ ഫലങ്ങൾ നമുക്കു കാണാം. ലാറ്റിനമേരിക്ക കമ്മ്യൂണിസത്തെ റീ ഇൻവെന്റ് ചെയ്തു. അവരുടെ കമ്മ്യൂണിസത്തിന് സോവിയറ്റ് മോഡലുമായി ഒരു ബന്ധവുമില്ല. ലാറ്റിനമേരിക്കൻ മോഡൽ ഓഫ് സോഷ്യലിസം എന്നൊരു ശാഖ തന്നെയുണ്ടായി. ഇത്രയും വലിയ രാജ്യത്ത്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുതന്നെ വലിയൊരു ചരിത്രമുള്ള രാജ്യത്ത്, തിരഞ്ഞെടുപ്പിലൂടെ പാർട്ടി അധികാരത്തിലെത്തിയ സ്ഥലത്തുപോലും ഇന്ത്യയുടെ സാഹചര്യങ്ങൾ മനസ്സിലാക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാവുന്നില്ല. ഇനി ഉണ്ടായിക്കൂടാ എന്നൊന്നുമില്ല. പക്ഷേ, ഇപ്പോൾ ഏതായാലും ഇല്ല'.

ചുരുക്കത്തിൽ, ഇടതു, വലതു രാഷ്ട്രീയങ്ങളും കോർപ്പറേറ്റ് - വിപണി താൽപര്യങ്ങളും ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ മതവർഗീയതകളും സമാസമം ഭരിക്കുന്ന ഇന്ത്യൻ, മലയാള മാദ്ധ്യമ-രാഷ്ട്രീയമണ്ഡലങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ പശ്ചാത്തലമാക്കി കാവിവൽക്കരണത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയം സമർഥമായി മറനീക്കുകയാണ് കമൽറാം സജീവ്. അവതാരികയിൽ ടി.ടി. ശ്രീകുമാർ ചൂണ്ടിക്കാണിക്കുന്നതുപോലെ, 'പ്ലൂരലിസ്‌ററ് സമൂഹത്തിലെ, ബഹുകക്ഷി ജനാധിപത്യവ്യവസ്ഥയിലെ, സമകാല പത്രപ്രവർത്തനത്തെ കുറിച്ചുള്ള ഇടതു-വലതു വാർപ്പുമാതൃകകളെ, മാദ്ധ്യമ ധാർമികതയുടെ പേരിലുള്ള ഹിപ്പോക്രസികളെ ഈ ഗ്രന്ഥം തകർത്തുകളയുന്നു. ശ്രദ്ധേയമായ ദേശീയ ഉദാഹരണങ്ങളിലൂടെ മലയാള പത്രപ്രവർത്തനത്തിനു സംഭവിച്ച വലിയ പാളിച്ചകളെ വസ്തുനിഷ്ഠമായി കമൽ വിശകലനം ചെയ്യുന്നു. സമീപകാല ചരിത്രത്തിൽനിന്നുള്ള ദൃഷ്ടാന്തങ്ങൾ എടുത്തുകാട്ടി ധൈഷണികവും തൊഴിൽപരവുമായ സത്യസന്ധതയോടെ വിമർശനത്തിന്റെയും സ്വയം വിമർശനത്തിന്റെയും പുതിയ തുറസ്സുകൾ ഉണ്ടാക്കുന്നു. സ്വതന്ത്ര പത്രപ്രവർത്തനത്തിന്റെ ആത്യന്തികമായ ചായ്‌വുകൾ ജനാധിപത്യത്തോടായിരിക്കണം എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. പത്രപ്രവർത്തനം എന്ന രാഷ്ട്രീയകർമത്തിന്റെ അറിഞ്ഞിരിക്കേണ്ട പാഠങ്ങളിലേക്ക്, മറക്കാൻ പാടില്ലാത്ത പാഠങ്ങളിലേക്ക് സൂക്ഷ്മതയോടെ ശ്രദ്ധതിരിക്കുന്നു. ആശയങ്ങളും അനുഭവങ്ങളും ഇഴചേർത്ത് ധീരമായൊരു പരീക്ഷണത്തിനാണ് ഇവിടെ മുതിർന്നിരിക്കുന്നത്'.

ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും
കമൽറാം സജീവ്
ഒലിവ് ബുക്‌സ്
2014; 250 രൂപ