ഭോപാൽ: രാജസ്ഥാനിൽ ബിജെപിക്ക് പ്രതീക്ഷകളൊന്നുമില്ല. ഡിസംബറിലെ തെരഞ്ഞെടുപ്പിൽ അധികാരം നഷ്ടമാകുമെന്ന് ബിജെപിക്കാർ തന്നെ ഉറപ്പിക്കുന്നു. എന്നാൽ മൂന്ന് ടേമായി ഭരണത്തിൽ തുടരുന്ന മധ്യപ്രദേശ് ബിജെപിക്ക് നിർണ്ണായകമാണ്. ഇവിടെ അനുകല വിധിയെഴുത്തിനാണ് ബിജെപി ശ്രമിക്കുന്നത്. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാല സഖ്യമുണ്ടാക്കാൻ കോൺഗ്രസിനും കഴിയുന്നില്ല. ഇതും ബിജെപിക്ക് പ്രതീക്ഷയാണ്. 2003 മുതൽ മധ്യപ്രദേശിൽ ബിജെപിയാണു ഭരിക്കുന്നത്.

അതിനിടെ സമാജ്വാദ് പാർട്ടി (എസ്‌പി) അടക്കം 6 പ്രതിപക്ഷ പാർട്ടികൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ സഖ്യത്തിനു ധാരണയായി. എല്ലാം മധ്യപ്രദേശിനെ സംബന്ധിച്ചിടത്തോളെ ചെറു കക്ഷികളാണ്. എന്നാൽ, സംസ്ഥാനത്തു കോൺഗ്രസിന്റേത് 'മൃദുഹിന്ദുത്വ' രാഷ്ട്രീയമാണെന്നാരോപിച്ചു സിപിഎമ്മും സിപിഐയും സഖ്യത്തിനു വിസമ്മതിച്ചു. സഖ്യസാധ്യതകൾ ചർച്ചചെയ്യാൻ ഇടതുകക്ഷികൾ അടക്കം 8 പ്രതിപക്ഷ പാർട്ടികൾ ഇന്നലെയാണു യോഗം ചേർന്നത്. ഇതിനൊപ്പം ബിഎസ്‌പിയും മധ്യപ്രദേശിൽ കോൺഗ്രസിനൊപ്പം ചേരാൻ വിസമ്മതം പ്രകടിപ്പിക്കുന്നുണ്ട്.

ലോക്താന്ത്രിക് ജനതാദൾ (എൽജെഡി), എസ്‌പി, ബഹുജൻ സംഘർഷ് ദൾ (ബിഎസ്ഡി), ഗോണ്ട്വാന ഗണതന്ത്ര പാർട്ടി (ജിജിപി), രാഷ്ട്രീയ സാമന്തദൾ (ആർഎസ്ഡി), പ്രജാതന്ത്രിക് സമാധൻ പാർട്ടി (പിഎസ്‌പി) എന്നീ കക്ഷികൾ കോൺഗ്രസ് സഖ്യത്തോടു യോജിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിനു താൽപര്യമില്ലെന്നാണ് ഇടതുകക്ഷികളുടെ നിലപാട്. 8 പാർട്ടികളും 7നു വീണ്ടും യോഗം ചേരുന്നുണ്ട്.

മായാവതി കഴിഞ്ഞമാസം 20നു ബിഎസ്‌പിയുടെ 22 സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക പ്രസിദ്ധീകരിച്ചതു കോൺഗ്രസിന്റെ സഖ്യനീക്കത്തിനു തിരിച്ചടിയായിരുന്നു. ബിഎസ്‌പി അടക്കം ബിജെപി വിരുദ്ധ കക്ഷികളുമായി സഖ്യത്തിനു തയാറാണെന്നു മധ്യപ്രദേശ് പിസിസി അധ്യക്ഷൻ കമൽനാഥ് വ്യക്തമാക്കിയിരുന്നു. എന്നാൽ, 230 നിയമസഭാ സീറ്റുകളിലും തനിച്ചു മൽസരിക്കുമെന്ന നിലപാടിലാണു ബിഎസ്‌പി.