ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി പ്രഭാവത്തിന് മങ്ങൽ. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തിരിച്ചുവരവിനാണ് സംസ്ഥാനം സാക്ഷിയായത്. 19 തദ്ദേശ സ്ഥാപനങ്ങളിൽ ഒമ്പത് ഇടങ്ങളിൽ വീതം കോൺഗ്രസും ബിജെപിയും പ്രസിഡന്റ് സ്ഥാനം നേടി. ഒരിടത്ത് സ്വതന്ത്രനാണ് പ്രസിഡന്റ് പദത്തിലേക്ക് ജയിച്ചത്. ഈ വർഷം മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. അതുകൊണ്ട് തന്നെ വിജയം കോൺഗ്രസിന് കരുത്ത് പകരും. ഒപ്പത്തിനൊപ്പം പോരാട്ടമാണ് നടന്നത്. എന്നാൽ ശിവരാജ് സിങ് ചൗഹാന്റെ ഭരണത്തിനെതിരെ മധ്യപ്രദേശിൽ ആദ്യമായി വികാരം ഉയരുന്നതിന്റെ സൂചനകൾ ഫലം നൽകുന്നു.

ആറ് നഗരപാലികകളിൽ കോൺഗ്രസ് നാലിടത്ത് വിജയിച്ചപ്പോൾ ബിജെപിക്ക് രണ്ടിടത്തെ ജയിക്കാനായുള്ളൂ. എന്നാൽ ഏഴ് നഗരപാലിക പരിഷത്തുകളിൽ ബിജെപിക്ക് വിജയിക്കാനായി. കോൺഗ്രസ് വിജയിച്ചത് അഞ്ചിടത്താണ്. രാജ്ഘട്ടിലും ഗേവാസിലും കോൺഗ്രസ് ബിജെപിയിൽ നിന്ന് ഭരണം തിരിച്ചുപിടിച്ചു. അനുപ്പൂരിൽ ബിജെപി വിമതനാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ആദിവാസി മേഖലകളിലെ മാനാവറിലും, ധാറിലും ബർവാനിയിലും കോൺഗ്രസ് വിജയം ആവർത്തിച്ചു. പ്രചാരണത്തിനിടെ ബിജെപി സ്ഥാനാർത്ഥി ദിനേഷ് ശർമ്മയ്ക്ക് ചെരുപ്പുമാല ഇടാൻ ശ്രമിച്ച സംഭവം പോലുമുണ്ടായി. എങ്കിലും അദ്ദേഹം തന്നെയാണ് ഇവിടെ ജയിച്ചത്. സെന്ദുവയിൽ ബിജെപി ഐകകണ്ഠ്യേന വിജയിച്ചു. കഴിഞ്ഞയിടെ മുഖ്യമന്ത്രി അംഗരക്ഷകനെ മർദിച്ച സംഭവം അരങ്ങേറിയ ബാവറിൽ കോൺഗ്രസ് പ്രസിഡന്റ് പദം നേടി.

2003 മുതൽ സംസ്ഥാന ഭരണത്തിന് പുറത്ത് നിൽക്കുന്ന കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ് ഈ വിജയം. ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കപ്പെട്ടിരുന്ന തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് ബിജെപിക്കൊപ്പമെത്തിയിരിക്കുന്നത്. സമീപകാലത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ബിജെപിക്ക് തിളക്കം കുറഞ്ഞ വിജയവും. മുതിർന്ന കോൺഗ്രസ് നേതാക്കളൊന്നും പ്രചരണത്തിനെത്തിയിരുന്നില്ല.ദ്വിഗ് വിജയ് സിങ്ങിന്റെ മകൻ ജയ്വർധൻ സിങ്ങാണ് കോൺഗ്രസ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നിരവധി റാലികളും റോഡ്ഷോകളും നടത്തിയിട്ടും ബിജെപിക്ക് മുന്നേറാനായില്ല. കോൺഗ്രസിന്റെ കോട്ടയായ രാഗോഘട്ടിൽ 24 സീറ്റിൽ 20 സീറ്റും കോൺഗ്രസ് നേടി. ബിജെപിക്ക് നേരെയുള്ള ജനങ്ങളുടെ ഭരണവിരുദ്ധ വികാരം വെളിപ്പെടുത്തുന്നതായി തിരഞ്ഞെടുപ്പ് ഫലം. പ്രതീക്ഷിച്ച വിജയം നേടാനാവാത്തതിന്റെ കാരണങ്ങൾ പരിശോധിച്ച് വിലയിരുത്തുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ പോരായ്മകൾ മറികടക്കുമെന്നും ബിജെപി പ്രതികരിച്ചു.

ബിജെപിയുടെ വാഗ്ദാനലംഘനങ്ങൾക്കും ഭരണപരാജയത്തിനുമുള്ള മറുപടിയാണ് ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ നൽകിയതെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു.