ഭോപ്പാൽ: അവസാനവട്ട തെരഞ്ഞെടുപ്പ് പ്രചാരണരംഗം കൊഴുക്കുമ്പോൾ വോട്ടർമാർക്ക് വാഗ്ദാനപ്പെരുമഴയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ. പതിനഞ്ചു വർഷമായി മുഖ്യമന്ത്രിക്കസേര കൈയടക്കി വാഴുന്ന ചൗഹാൻ കോൺഗ്രസിനെതിരേയും വാളോങ്ങാൻ മറന്നില്ല. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്നത് കോൺഗ്രസിന് ഒട്ടും സഹിക്കാൻ കഴിയുന്നില്ലെന്നും ഈ അസഹിഷ്ണുത കോൺഗ്രസ് ജനങ്ങളുടെ മേൽ കെട്ടിവയ്ക്കുകയാണെന്നും ചൗഹാൻ ആരോപിച്ചു.

ഇന്ദിരാ ഗാന്ധിയുടെ കാലം തൊട്ട് കോൺഗ്രസ് പറയുന്നു രാജ്യത്തു നിന്ന് ദാരിദ്ര്യം തുടച്ചു നീക്കുമെന്ന്. എന്നിട്ടെന്തുണ്ടായി? 2022-ഓടെ ആരും മണ്ണുകൊണ്ടുണ്ടാക്കിയ വീട്ടിൽ കഴിയേണ്ടി വരില്ലെന്ന് ചൗഹാൻ വാഗ്ദാനം നൽകി. എല്ലാവർക്കും ജീവിക്കുന്നതിന് മെച്ചപ്പെട്ട വീടു പണിതു നൽകുമെന്ന് ഉജ്ജയിനിൽ നടന്ന തെരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ ചൗഹാൻ വെളിപ്പെടുത്തി.

ദേവാസിൽ നടന്ന റാലിയിൽ സംസ്ഥാനത്തെ ചെറുപ്പക്കാരെ നോട്ടമിട്ടാണ് ചൗഹാൻ സംസാരിച്ചത്. വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ ചെലവുകൾ സർക്കാർ വഹിക്കുമെന്നും പന്ത്രണ്ടാം ക്ലാസിൽ ഉന്നത വിജയം നേടുന്ന പെൺകുട്ടികൾക്ക് സർക്കാർ ടൂ വീലറുകൾ നൽകുമെന്നും ബിജെപി നേതാവ് പറഞ്ഞു. മികച്ച മാർക്കോടെ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ ചെലവിൽ ഉന്നത വിദ്യാഭ്യാസം നടത്താം. പന്ത്രണ്ടാം ക്ലാസിൽ 75 ശതമാനത്തിലധികം മാർക്ക് നേടുന്ന പെൺകുട്ടികൾക്ക് സ്‌കൂട്ടിയും വിതരണം ചെയ്യുമെന്നും ചൗഹാൻ വെളിപ്പെടുത്തി.

പതിനഞ്ചു വർഷം നീണ്ട ബിജെപി ഭരണം ഇനിയും തുടരാനുള്ള തന്ത്രങ്ങളുമായാണ് നേതാക്കൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 28ന് നടക്കുന്ന വോട്ടെടുപ്പിന്റെ അവസാന ഘട്ട പ്രചാരണമാണ് ഇന്നു നടക്കുന്നത്. ബിജെപിയെ വീഴ്‌ത്തി കോൺഗ്രസ് അധികാരം പിടിച്ചടക്കാനും കിണഞ്ഞു ശ്രമിക്കുന്നുണ്ട്.