- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫൈസറും, മൊഡേണ വാക്സീനുകൾ ഇന്ത്യയ്ക്ക് ഇനി ആവശ്യമില്ല; നഷ്ടപരിഹാര ബാധ്യതയിൽ നിന്ന് ഒഴിവാക്കണമെന്ന ഫൈസറിന്റെ ആവശ്യം അംഗീകരിക്കാതെ കേന്ദ്രസർക്കാർ; രാജ്യത്തു നിർമ്മിച്ച വാക്സിനുകൾ കൊണ്ട് ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പൂർത്തിയാക്കാൻ ഇന്ത്യ
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ വാക്സിനേഷനാണ് ഇന്ത്യയിൽ നടക്കുന്നത്. വിദേശ രാജ്യത്തു നിന്നും വാക്സിൻ ഇറക്കുമതി ചെയ്യാതെ ഇന്ത്യയിൽ നിർമ്മിച്ച വാക്സിനുകൾ കൊണ്ടാണ് രാജ്യത്തിന്റെ കോവിഡ് പോരാട്ടം. അതുകൊണ്ട് തന്നെ വാക്സിൻ വിപണന രംഗത്തെ വമ്പൻ കമ്പനികൾക്ക് ഇന്ത്യയോട് അൽപ്പം പടലപ്പിണക്കവുമുണ്ട്. ഇതിനിടെ ഫൈസർ, മൊഡേണ കോവിഡ് വാക്സീനുകൾ കേന്ദ്രസർക്കാർ വാങ്ങിക്കില്ലെന്ന് റിപ്പോർട്ടും പുറത്തുവന്നു.
ആരോഗ്യമന്ത്രാലയത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസി റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. വാക്സീൻ കാരണം വിപരീത ഫലം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാര ബാധ്യതയിൽനിന്ന് ഒഴിവാക്കണമെന്ന ഫൈസറിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാക്സീൻ വാങ്ങിക്കുന്നതിൽനിന്നു കേന്ദ്രസർക്കാർ പിൻവാങ്ങുന്നത്. ഇന്ത്യയിൽ വാക്സീൻ വിതരണം ചെയ്യുന്ന ഒരു കമ്പനിക്കും ഈ പരിരക്ഷ നൽകുന്നില്ലെന്നണ് കേന്ദ്രം ഇതിന് മറുപടി നൽകിയിരിക്കുന്നത്.
''ഫൈസർ വാക്സീൻ ആവശ്യമുള്ള ഒരു സമയമുണ്ടായിരുന്നു. ഇന്ത്യയിൽ വാക്സീന് ക്ഷാമം ഉണ്ടായിരുന്ന സമയം. എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമില്ല. ഉയർന്ന നിരക്കിലാണ് അവർ വാക്സീൻ നൽകുന്നത്. പിന്നെ എന്തിന് അവരുടെ ഉപാധികൾ അംഗീകരിക്കണം?'' ആരോഗ്യ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. അടിയന്തര അനുമതിക്കായി അപേക്ഷ നൽകണമെന്നു കാട്ടി ഇന്ത്യൻ ഡ്രഗ്സ് കൺട്രോളർ ഫൈസറിനു അങ്ങോട്ടു കത്ത് നൽകിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെ പ്രതികരണം.
ഫൈസർ, മൊഡേണ വാക്സീൻ സർക്കാർ വാങ്ങിക്കില്ലെന്നും അതേസമയം സ്വകാര്യ കമ്പനികളുമായി കരാറിലേർപ്പെടുന്നതിന് തടസ്സമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൊഡേണ വാക്സീന് ഇന്ത്യയിൽ അടിയന്തര അനുമതി ലഭിച്ചിരുന്നു. എന്നാൽ, ഈ വാക്സിൻ സൂക്ഷിക്കുന്നത് അടക്കം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്. മുംബൈ ആസ്ഥാനമായ സിപ്ല കമ്പനിക്കാണ് വാക്സീൻ ഇറക്കുമതിക്ക് അനുമതി നൽകിയത്. എന്നാൽ ദീർഘകാലം വാക്സീൻ സൂക്ഷിക്കാൻ സാധാരണ റഫ്രിജറേറ്റർ തണുപ്പിനേക്കാൾ കൂടിയ ശീതീകരണ സംവിധാനം വേണമെന്നതാണ് പ്രതിസന്ധി. ഫൈസറിനും ഇതേ പ്രതിസന്ധിയുണ്ട്.
ഉയർന്നനിരക്കിൽ വാങ്ങിക്കുന്നതിനു പുറമേ സൂക്ഷിക്കാൻ കൂടുതൽ ചെലവ് വേണ്ടിവരുമെന്നതും ഈ രണ്ടു വാക്സീനുകളും വേണ്ടന്നുവയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്ന കാരണമായി. അതേസമയം, ചർച്ച പുരോഗമിക്കുകയാണെന്നും വാക്സീൻ രാജ്യത്തേക്ക് കൊണ്ടുവരാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യയിലെ ഫൈസർ പ്രതിനിധി പ്രതികരിച്ചു. എന്നാൽ സർക്കാരുമായി നേരിട്ടല്ലാതെ കരാറിൽ ഏർപ്പെടില്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർ യുകെയിൽ എത്തുമ്പോൾ 10 ദിവസം ഹോം ക്വാറന്റൈൻ എന്ന നിബന്ധന വിവേചനപരമെന്ന് ഇന്ത്യ അറിചിച്ചിരുന്നു. ഇത്തരം വിവേചന പരമായ തീരുമാനത്തിന് പിന്നിൽ മരുന്നു കമ്പനികളുടെ സമ്മർദ്ദമാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. പുതിയ യുകെ ചട്ടപ്രകാരം സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ച കോവിഷീൽഡിന്റെ രണ്ട് ഡോസ് എടുത്തവരെയും ലണ്ടനിൽ എത്തുമ്പോൾ വാക്സിൻ എടുത്താത്തവരെന്ന തരത്തിലായിരിക്കും പരിഗണിക്കുക. ഇവർക്ക് 10 ദിവസം ക്വാറന്റൈനിൽ പോകേണ്ടി വരും. കോവിഷീൽഡ് ഓക്സഫഡ് സർവകലാശാലയും, ഫാർമഭീമൻ ആസ്ട്ര സെനക്കയും ചേർന്നാണ് വികസിപ്പിച്ചത്.
ആസ്ട്രാ സെനക വാക്സിന്റെ ഇന്ത്യൻ രൂപമായ കോവിഷീൽഡ് സ്വീകരിച്ച ശശി തരൂരിന് യുകെയിൽ എത്തുമ്പോൾ പത്തു ദിവസം ഹോം ക്വാറന്റൈൻ വേണമെന്ന നിബന്ധന അംഗീകരിക്കാൻ ആകാതെ കേംബ്രിഡ്ജിൽ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദാക്കിയിരുന്നു. തരൂർ വാക്സിൻ റേസിസം എന്ന വിവാദത്തിനു തിരി കൊളുത്തുകയും ചെയ്തു. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച ബ്രിട്ടീഷുകാർക്കു ഇന്ത്യയിൽ പോയി മടങ്ങി വന്നാൽ ഹോം ക്വാറന്റൈൻ വേണ്ടെന്ന നിർദ്ദേശം വന്നതോടെയാണ് ഓക്സ്ഫോർഡ് വാക്സിന്റെ ഇന്ത്യൻ രൂപം സ്വീകരിച്ചവർ രണ്ടാം തരക്കാരായി കാണുന്നതിനെ തരൂർ എതിർക്കുന്നത്.
ഒട്ടുമിക്ക മാധ്യമങ്ങളും തരൂർ യാത്ര റദ്ദാക്കിയതിനു വലിയ രാഷ്ട്രീയ പ്രധാന്യമാണ് നൽകുന്നത്. ഈ വിവേചനം ഇപ്പോൾ ഇന്ത്യയിൽ നിന്നും യുകെയിൽ എത്തിക്കൊണ്ടിരിക്കുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികളെയും ബാധിക്കുകയാണ്. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ ക്വാറന്റൈൻ സംബന്ധിച്ച നിർദ്ദേശങ്ങളും ലഭിക്കുന്നുണ്ട്.
യുകെയിൽ നിർമ്മിച്ച വാക്സിനും ഇന്ത്യൻ വാക്സിനും തമ്മിൽ വലിയ വത്യാസം ഉണ്ടെന്ന നിലപാടിലാണ് യുകെ. നേരത്തെ കോവിഷീൽഡ് വാക്സിൻ എടുത്തവർക്കു യൂറോപ്യൻ യൂണിയൻ പ്രവേശന അനുമതി നിഷേധിക്കപ്പെട്ടപ്പോൾ ലൈസൻസിന് അപേക്ഷിക്കാൻ ഉത്പാദകരായ പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് കാലതാമസം വരുത്തി എന്ന ന്യായമാണ് ഉയർത്തിയിരുന്നത്. ഒടുവിൽ മന്ത്രിതലത്തിൽ തിരക്കിട്ട നീക്കങ്ങൾ നടത്തിയാണ് യൂറോപ്പിലെ പ്രധാന രാജ്യങ്ങളിൽ നിന്നും യാത്ര അനുമതി നേടിയെടുത്തത്.
മറുനാടന് ഡെസ്ക്