ചെന്നൈ: ഇന്നിറങ്ങിയ മാധ്യമം പത്രത്തിലെ ഒരു വാർത്തയാണ് മദ്രാസ് ഐ.ഐ.ടിയിൽ ജാതി മതിൽ എന്നത്. ഇതേ വാർത്ത മറ്റ് ചില വാർത്താ ചാനലുകളിലും കാണിച്ചു. മദ്രാസ് ഐഐടിയിൽ ജാതി മതിൽ എന്ന് കേട്ടാൽ സ്വാഭാവികമായും ജാതിയുടെ പേരിൽ അവിടെ മതിൽ കെട്ടിയിരക്കുന്നു അല്ലെങ്കിൽ വിവേചനം കാണിക്കുന്നു എന്നാവും വാർത്ത വായിക്കുന്നവർക്ക് ആദ്യം സ്വാഭാവികമായും തോന്നുക. പ്രത്യേകിച്ച് കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം അങ്ങനെ ചെയ്യുമ്പോൾ സ്വാഭാവികമായും ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി മാറുന്നു.

എന്നാൽ ആ വാർത്ത പറയുന്നത് ഇങ്ങനെയാണ് കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മദ്രാസ് ഐ.ഐ.ടിയിൽ സസ്യഭുക്കുകളും മാംസഭുക്കുകളുമായ വിദ്യാർത്ഥികൾക്ക് പ്രത്യേക പ്രവേശന കവാടവും വാഷ്‌ബേസിനും സ്ഥാപിച്ചത് വിവാദമായി എന്നാണ്. അതായത് ഒരു സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിലെ കാന്റീനിൽ സസ്യഭുക്കുകൾക്കും മാംസഭുക്കുകൾക്കും ഇരിപ്പിടം രണ്ടായി തരംതിരിച്ചതാണ് ജാതിമതിലായി ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഇത് വളരെ ഭീകരമായ നിർവചനമാണ്. ലോകമെമ്പാടും സസ്യഭുക്കുകൾക്കും മാംസഭുക്കുകൾക്കും രണ്ടായാണ് ഭക്ഷണം കൊടുക്കുന്നത്. അതിനൈ ജാതിമതിലായി ചിത്രീകരിക്കുന്നത് വർഗീയതയാണ്.

സസ്യാഹാരം കഴിക്കുന്നവർക്ക് ചിലപ്പോൾ മാംസ്യാഹാരത്തിന്റെ മണം വരുന്നതു പോലും ഇഷ്ടപ്പെട്ടെന്ന് വരില്ല. സസ്യാഹാരം കഴിക്കുന്നവർ മുഴുവനും ഹിന്ദുക്കളാണെന്നും എല്ലാ ഹിന്ദുക്കളും സസ്യാഹാരം മാത്രമാണ് കഴിക്കുന്നതെന്നും ഹിന്ദുക്കളല്ലാത്ത മറ്റെല്ലാവരും മാംസാഹാരികളാണെന്നുമുള്ള തെറ്റായ സന്ദേശമാണ് ഈ വാർത്ത നൽകുന്നത്. മാംസഹാരം കഴിക്കുന്നതിന്റെ മണം സസ്യാഹാരം കഴിക്കുന്നവർക്ക് ഇഷ്ടമായെന്ന് വരില്ല. ലോകമെമ്പാടും ഇതിനെ മാനിക്കുന്നുമുണ്ട്. പന്നിയിറച്ചി മുസ്ലിംകളുടെ മുന്നിലിരുന്ന് കഴിക്കാത്തത് പോലെയാണ് ഇതും. അതുകൊണ്ട് തന്നെ ഇത്തരത്തിൽ വാർത്ത എഴുതുന്നതിന്റെ പിന്നിൽ അതി ഭീകരമായ ഹിന്ദു വിരുദ്ധതയാണെന്ന് പറയാതിരിക്കാൻ വയ്യ. ഇത്തരത്തിലുള്ള വാർത്തകൾ ഒരു മാധ്യമം നൽകുന്നത് മാധ്യമ ധർമ്മത്തിന് എതിരാണ്. ഭക്ഷണം കഴിക്കാൻ ഇരിപ്പിടം തയ്യാറാക്കിയതിനെ ജാതി മതിൽ എന്ന് എങ്ങനെയാണ് ഒരു മാധ്യമ സ്ഥാപനത്തിന് പറയാൻ കഴിയുക.

കാമ്പസിലെ 'ഹിമാലയ' എന്ന പേരിലുള്ള മൂന്ന് നില കെട്ടിടത്തിലെ ആറ് ഹാളുകളിലായാണ് മെസ് പ്രവർത്തിച്ചിരുന്നത്. നിലവിൽ നാല് ഹാളുകളിൽ മാത്രമായി ചുരുക്കി. ഇതിൽ രണ്ട് ഹാളുകൾ വീതമാണ് വെജിറ്റേറിയൻ നോൺ വെജിറ്റേറിയൻ വിദ്യാർത്ഥികൾക്കായി വേർതിരിച്ചത്. നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് വെജിറ്റേറിയൻ ഹാളിൽ വന്ന് കൈ കഴുകാനോ മറ്റോ അനുവാദമില്ല. ഇതുമായി ബന്ധപ്പെട്ട് ഹാളുകൾക്ക് മുന്നിൽ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

ഭക്ഷണത്തിന്റെ പേരിൽ വിവേചനമില്ലെന്നും മെസ് നടത്തുന്ന കാറ്ററിങ് സ്ഥാപനമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നുമാണ് ഐ.ഐ.ടി അധികൃതരുടെ വിശദീകരിച്ചു. ഭക്ഷണത്തിന്റെ പേരിൽ വിദ്യാർത്ഥികളെ വേർതിരിക്കുന്നതിന് പിന്നിൽ ജാതി വിവേചനമാണെന്ന് ആരോപിച്ച് അംബേദ്ക്കർ പെരിയാർ സ്റ്റഡി സർക്കിൾ (എ.പി.എസ്.സി) രംഗത്തിറങ്ങി. എന്നാൽ ഇതിൽ എവിടെയാണ് ജാതി വിവേചനം എന്നത് മാത്രം വ്യക്തമല്ല.