വൈത്തിരി: ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികളെ അധിക്ഷേപിച്ച് സംസാരിച്ചതിന്റെ പേരിൽ അദ്ധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തപ്പോൾ സമുദായത്തിനെതിരായ കടന്നുകയറ്റമെന്ന് പറഞ്ഞ് രംഗത്തിറങ്ങിയവരാണ് മതസംഘടനകൾ. എന്നാൽ, മതപുരോഹിതർ എന്തു തോന്നിവാസം കാണിച്ചാലും അതെക്കുറിച്ച് ഒരു ചെറുവിരൽ അനക്കാൻ പോലും ഇക്കൂട്ടർ തയ്യാറാകാറില്ല. സമാനമായ സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മേൽ കാമവെറി തീർത്ത നീചനായ അദ്ധ്യാപകന്റെ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

വയനാട്ടിലെ വൈത്തിരിയിലാണ് സംഭവം. പതിനാലുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മദ്‌റസാധ്യാപകനെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പഴയ വൈത്തിരി മദ്രസയിലെ അദ്ധ്യാപകൻ കൊടുവള്ളി മാനിപുരം സ്വദേശി പള്ളിക്കണ്ടി മുഹമ്മദിന്റെ മകൻ ഹുസൈൻകുട്ടിയെ(53 )യാണ് എസ്.ഐ രാധാകൃഷ്ണൻ അറസ്റ്റ് ചെയ്തത്.

തുടർച്ചയായി ഒരു വർഷത്തോളം ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു എന്നാണ് അറിയുന്നത്. ഭീഷണിപ്പെടുത്തിയും മറ്റുമാണ് ഇയാൾ പീഡനം തുടർന്നു പോന്നത്. ഭീഷണി ഭയന്ന് പുറത്തുപറയാതിരിക്കാൻ പെൺകുട്ടിയ നിർബന്ധിതമായി. ഇതിനിടെ തുടർച്ചയായി പനി ബാധിച്ചു വൈത്തിരി ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി പെൺകുട്ടി.

കുട്ടിയെ പരിശോധിച്ച ഡോക്ടർ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. പൊലീസ് ചോദ്യം ചെയ്യലിൽ പീഡന വിവരം ഇയാൾ സമ്മാതിച്ചു. പ്രതിക്കെതിരെ പോക്‌സോ നിയമം ചുമത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.