- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമസ്തക്ക് കീഴിൽ എട്ട് മദ്രസകൾക്ക് കൂടി അംഗീകാരം; സമസ്തക്ക് കീഴിൽ മാത്രമുള്ള മദ്രസകളുടെ എണ്ണം 10459 ആയി ഉയർന്നു; വിവിധ ബോർഡുകൾക്ക് കീഴിലായി കേരളത്തിൽ പ്രവർത്തിക്കുന്നത് ഇരുപതൊന്നായിരത്തിലേറെ മദ്രസകൾ; സർക്കാർ കണക്കിൽ രണ്ട് ലക്ഷത്തോളം മദ്രസ അദ്ധ്യാപകരും കേരളത്തിൽ
തേഞ്ഞിപ്പലം: കേരളത്തിലെ ഏറ്റവു വലിയ മദ്രസാ സംവിധാനങ്ങൾ ഉള്ളത് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനാണ്. സുന്നി വിഭാഗങ്ങളുടെ നേതൃത്വത്തിൽ വിലുപമായി തന്നെ മദ്രസാ വിദ്യാഭ്യാസം പുരോഗമിക്കുന്നു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവാഹകസമിതി യോഗം പുതുതായി എട്ട് മദ്രസകൾക്കുകൂടി അംഗീകാരം നൽകി. ഇതോടെ സമസ്തയ്ക്കു കീഴിലുള്ള മദ്രസകളുടെ എണ്ണം 10459 ആയി.
ഹയാത്തുൽ ഇസ്ലാം മദ്രസ ഹാമിദാബാദ്, ഹയാത്തുൽ ഇസ്ലാം മദ്രസ അനിലകട്ടെ, നുസ്‌റത്തുൽ ഇസ്ലാം മദ്രസ രാജത്ത്‌റ ഗുരി (ദക്ഷിണകന്നട), സിറാജുൽഹുദാ മദ്രസ കാട്ടിപ്പള്ളം, എടച്ചാക്കൈ-അഴീക്കൽ, ഇർശാദുൽ ഇസ്ലാം കൊക്കാകടവ് ബ്രാഞ്ച് കൊക്കാകടവ് (കാസർകോട്), മോഡേൺ സെക്കൻഡറി സ്‌കൂൾ കാഞ്ഞിരങ്ങാട് (കണ്ണൂർ), ജെംസ് പബ്ലിക് സ്‌കൂൾ കൂരിയാട് (മലപ്പുറം) എന്നീ മദ്രസകൾക്കാണ് പുതുതായി അംഗീകാരം നൽകിയത്.
മറ്റ് മദ്രസ ബോർഡുകളുടെ കീഴിലെ മദ്രസകളുടെ കണക്കുകൾ കൂടി പരിശോധിച്ചാൽ കേരളത്തിൽ ഇരുപതിനായിരത്തിന് മുകളിൽ മദ്രസകൾ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാകും. വിവിധ മദ്രസാ വിദ്യാഭ്യാസ ബോർഡുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട ഇസ്ലാം വിദ്യാഭ്യാസ ബോർഡുകൾ ഇവയാണ്:
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്(സുന്നി )
സുന്നി വിദ്യാഭ്യാസ ബോർഡ് ഓഫ് ഇന്ത്യ (സുന്നി)
കേരള സംസ്ഥാനമത വിദ്യാഭ്യാസ ബോർഡ്(സുന്നി)
ദക്ഷിണ കേരള മദ്രസ ബോർഡ്(സുന്നി)
മജ്ലിസുത്തഅ്ലീമിൽ ഇസ്ലാമി (ജമാഅത്തെ ഇസ്ലാമി)
വിസ്ഡം എജുക്കേഷൻ ബോർഡ് (മുജാഹിദ്)
കേരള നദ്വത്തുൽ മുജാഹിദീൻ വിദ്യാഭ്യാസ ബോർഡ് (മുജാഹിദ്)
കൗൺസിൽ ഫോർ ഇസ്ലാമിക് എജുക്കേഷൻ ആൻഡ് റിസേർച്ച് (മുജാഹിദ്)
മദ്രസാ അദ്ധ്യാപകർക്ക ശമ്പളം നൽകുന്നത് ആര്? ആനുകൂല്യങ്ങൾ എന്തൊക്കെ?
പലപ്പോഴും സൈബർ ഇടത്തിൽ അടക്കം വാദപ്രതിവാദങ്ങൾക്ക് ഇടയാക്കുന്ന കാര്യമാണ് മദ്രസാ അദ്ധ്യാപർക്ക് ശമ്പളം നൽകുന്നത് ആരെന്നത്? അതത് മഹല്ലു കമ്മറ്റികൾ തന്നെയാണ് മദ്രസാ അദ്ധ്യാപകർക്ക് ശമ്പളം നൽകുന്നത്. ശമ്പളവും പെൻഷനും നൽകാൻ സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചെലവഴിക്കുന്നു എന്ന വാദവും ശരിയല്ല.
മദ്രസ അദ്ധ്യാപകർക്ക് ശമ്പളം നൽകുന്നത് അതത് മദ്രസ കമ്മറ്റികളാണ്. സർക്കാർ ഖജനാവിൽ നിന്ന് ഇതിനായി പണം ചെലവഴിക്കുന്നില്ലെന്ന് നിയമസഭാ രേഖകളും വ്യക്തമാക്കുന്നത്. പെൻഷൻ വിതരണം ചെയ്യാനായി മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡ് 2019ൽ സർക്കാർ രൂപീകരിച്ചിരുന്നു. ഇതുവഴി മറ്റെല്ലാ ക്ഷേമനിധി പെൻഷനും നൽകുന്നതിനു സമാനമായി വിരമിച്ചവർക്കുള്ള പെൻഷൻ നൽകുന്നുണ്ട്.
സംസ്ഥാനത്തെ മദ്രസാ അദ്ധ്യാപക ബോർഡിൽ 22500ന് മുകളിൽ അദ്ധ്യാപകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക്, ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത് ശമ്പളത്തിൽ മാസാമാസം പിടിക്കുന്ന ക്ഷേമനിധി തുകയിൽ നിന്നുമാണ്. രണ്ടു ലക്ഷത്തോളം വരുന്ന മദ്രസ അദ്ധ്യാപകർക്ക് പെൻഷനും ശമ്പളവും നൽകി മതപഠനത്തിന്റെ പേരിൽ കോടികളാണ് സർക്കാർ ഖജനാവിൽ നിന്ന് ചോർത്തുന്നതെന്ന വിധത്തിൽ വാര്ത്തകൾ വന്നിരുന്നെങ്കിലും അതിനൊന്നും അടിസ്ഥാനമില്ലെന്ന് വ്യക്തമായിരുക്കുന്നു.
പാലോളികമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിലെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ മദ്രസാധ്യാപകർക്ക് ക്ഷേമനിധി 2010ൽ നിലവിൽ വന്നത്. മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് നിലവൽ വന്ന് ഏകദേശം ഒരു വർഷത്തിനുള്ളിൽ പുതിയതായി 6000ത്തോളം പേരാണ് ഇതിൽ അംഗങ്ങളായത്. 65 വയസ് പൂർത്തിയായവരും അംഗത്വമെടുത്ത് അഞ്ച് വർഷം കഴിഞ്ഞവരുമായ അംഗങ്ങൾക്കാണ് നിലവിൽ 1000 രൂപ പെൻഷൻ നൽകി വരുന്നത്. പുതിയ സ്‌കീം പ്രകാരം 2020 ഏപ്രിൽ ഒന്നുമുതൽ പെൻഷൻ പ്രായം 60 വയസാക്കി കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു. കൂടാതെ പെൻഷൻ തുക കുറഞ്ഞത് 1500 രൂപയും കൂടിയത് 7500 രൂപയും ആക്കി നിജപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 230 പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. പ്രതിമാസ പെൻഷൻ പദ്ധതിക്ക് പുറമെ താഴെ പറയുന്ന ആനുകൂല്യങ്ങൾ കൂടി ബോർഡുവഴി നടപ്പാക്കി വരുന്നു.
അംഗങ്ങളുടെ സ്വയം വിവാഹത്തിനും പെൺമക്കളുടെ വിവാഹത്തിനും 1000 രൂപ ധനസഹായം, എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2000 രൂപ സ്‌കോളർഷിപ്പ്, പലിശ രഹിത ഭവന വായ്പയായി 2.5 ലക്ഷം രൂപ ഭവന വായ്പ, അംഗങ്ങൾക്ക് സാധാരണ അസുഖങ്ങൾക്ക് 5000 രൂപയും ഗുരുതര രോഗങ്ങൾക്ക് 25,000 രൂപവരെയും ചികിത്സാ സഹായം, മദ്രസാധ്യാപികമാർക്ക് 15000 രൂപ പ്രസവാനുകൂല്യം രണ്ടു പ്രസവത്തിന് എന്ന നിലയിൽ നൽകുന്നുണ്ട്. വിദ്യാഭ്യാസ ധനസഹായം, മരണാനന്തര ധനസഹായം സംസ്‌കാര ചടങ്ങുകൾക്കുള്ള ധനസഹായം, അവശതാ പെൻഷൻ, കുടുംബ പെൻഷൻ, പലിശരഹിത വിവാഹാവശ്യ വായ്പ, തുടങ്ങിയ ധനസഹായങ്ങളും ഇതുവഴി നടപ്പാക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ