മലപ്പുറം: പത്ത് വയസ്സുകാരിയായ വിദ്യാർത്ഥിനിക്ക് മദ്രസാധ്യാപകനിൽ നിന്നും പീഡനം. മഞ്ചേരി തുറക്കലിനടുത്ത പ്രദേശത്താണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. ഉസ്താദ് വാങ്ങിവച്ച ഹെയർ പിൻ തിരികെ വാങ്ങാനായി പോയ വിദ്യാർത്ഥിനിയെ പിടിച്ചു നിർത്തുകയും വിവസ്ത്രയാക്കി ശരീര ഭാഗങ്ങളിൽ പിടിക്കുകയുമായിരുന്നു. സംഭവം കണ്ടുവന്ന അമ്മാവൻ മദ്രസാധ്യാപകനെ കയ്യോടെ പിടികൂടിയതോടെയാണ് സംഭവം പുറത്തായത്. അമീൻ എന്ന മദ്രസാധ്യാപകനെയാണ് അമ്മാവനും നാട്ടുകാരും ചേർന്ന് കൈകാര്യം ചെയ്തത്. തുടർന്ന് സംഭവം മഞ്ചേരി പൊലീസിലും അറിയിച്ചു.

പതിവുപോലെ കഴിഞ്ഞ ദിവസം രാവിലെ മദ്രസയിലേക്കു പോയ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. രാവിലെ മദ്രസാ ക്ലാസ് നടക്കുന്നതിനിടെ ഉസ്താദ് കുട്ടിയുടെ തല മുടിയിൽ ഘടിപ്പിച്ച ഹെയർ പിൻ വാങ്ങി വച്ചിരുന്നു. മദ്രസ വിട്ടു പോകുമ്പോൾ വാങ്ങാനായിരുന്നു ഉസ്താദിന്റെ നിർദ്ദേശം. ഇതനുസരിച്ച് ഹെയർപിൻ വാങ്ങാൻ പോയ കുട്ടിയെ പിടിച്ചിരുത്തുകയും കുറച്ചു കഴിഞ്ഞ് പോയാൽ മതിയെന്നും പറയുകയായിരുന്നു. ഏറെ നേരം ഉസ്താദിന്റെ മുറിയിൽ ഇരുത്തുകയും കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇയാൾ പിടിക്കുകയും പരതുകയും ചെയ്തു. ഇതിനിടെ കുട്ടിയുടെ വസ്ത്രങ്ങൾ ഭാഗികമായി അഴിച്ചു. ഈ സമയം മദ്രസയിൽ പോയ പെൺകുട്ടിയെ കാണാതെ വീട്ടുകാർ പരിഭ്രമിക്കുന്നുണ്ടായിരുന്നു.

രാവിലെ മദ്രസ വിടുന്ന സമയം കഴിഞ്ഞ് ഏറെ നേരം രക്ഷിതാക്കൾ കാത്തു നിന്നെങ്കിലും കുട്ടിയെ കണ്ടില്ല. തുടർന്ന് കുട്ടിയുടെ അമ്മാവൻ നേരിട്ട് മദ്രസയിലെത്തിയപ്പോയാണ് വിവസ്ത്രയായ കുട്ടിയെ ഉസ്താദിന്റെ മുറിയിൽ കാണുന്നത്. വിഷയം കുട്ടി അമ്മാവനോടു പറഞ്ഞു. ഇതോടെ നാട്ടുകാരും അമ്മാവനും ചേർന്ന് ഇയാളെ പെരുമാറുകയും പൊലീസിൽ അറയിക്കുകയും ചെയ്തു. വിവരമറിയിച്ചതിനെ തുടർന്ന് മഞ്ചേരി പൊലീസ് സ്ഥലത്തെത്തിയിരുന്നു. ജില്ലാ ചൈൽഡ് ലൈൻ പ്രവർത്തകരും സ്ഥലത്തെത്തി കുട്ടിയെ കൗൺസിലിംങിന് വിധേയമാക്കി. മുമ്പും ഈ അദ്ധ്യാപകൻ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചിരുന്നതായി കുട്ടി കൗൺസിലിംങിൽ പറഞ്ഞു.

മറ്റു വിദ്യാർത്ഥികൾ ഇയാളുടെ പീഡനത്തിനിരയായിട്ടുണ്ടോയെന്ന് വ്യക്തമല്ല. ക്ലാസിലെ മറ്റു കുട്ടികളെ അടുത്ത ദിവസം കൗൺസിലിംങിന് വിധേയമാക്കുമെന്ന് ജില്ലാ ചൈൽഡ് ലൈൻ കോഡിനേറ്റർ അൻവർ കാരക്കാടൻ അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകരായ രാഗേഷ് കൃഷ്ണൻ, ബിനു മേലേ വളപ്പിൽ എന്നിവരടങ്ങുന്ന ചൗൽഡ് ലൈൻ പ്രവർത്തകരാണ് ഇന്നലെ കൗൺസിലിംങിന് നേതൃത്വം നൽകിയത്.

കുട്ടിയിൽ നിന്നും ലഭിച്ച കൗൺസിലംങിന്റെ വിശദമായ റിപ്പോർട്ട് ചൈൽഡ് ലൈൻ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ട്. പ്രതി പൊലീസ് കസ്റ്റഡിയിലുണ്ടോയെന്ന് വ്യക്തമല്ല. ഇതേ കുറിച്ച് പൊലീസും ക്രിത്യമായ വിവരം നൽകിയിട്ടില്ല. എന്നാൽ പ്രതിക്കെതിരെ കേസെടുത്തതായും തുടർ നടപടി അടുത്ത ദിവസം ആലോചിച്ച് ചെയ്യുമെന്ന് മഞ്ചേരി പൊലീസ് അറിയിച്ചു.