മലപ്പുറം: മദ്രസകളിലെ അദ്ധ്യാപകർ നടത്തുന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് മാദ്ധ്യമപ്രവർത്തക വി പി റെജീന തുറന്നെഴുതിയപ്പോൾ അതിനെ തുറന്നെതിർക്കാൻ രംഗത്തെത്തിയത് പ്രബലരായ മുസ്ലിം സംഘടനകളുടെ വക്താക്കൾ തന്നെയായിരുന്നു. റെജീനയുടെ തുറന്നെഴുത്തിന്റെ പേരിൽ അസഹിഷ്ണുക്കളായവർ അവർക്കെതിരെ നിരന്തരം തെറിവിളികളുമായി രംഗത്തെത്തി. എന്നാൽ, റെജീന പറയുന്ന പൊതുവായ കാര്യമല്ലെങ്കിലും ചില മദ്രസകളിലെങ്കിലും പീഡന വിഷയങ്ങൾ നടത്തുന്നുവെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. മദ്രസാ അദ്ധ്യാപകൻ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭംവം പൂഴ്‌ത്തിവെക്കാൻ ശ്രമിച്ചിട്ടും പുറത്തുവന്നത് മലപ്പുറത്തെ തിരൂരിൽ നിന്നുമാണ്. പീഡനം നടന്ന് നാലു ദിവസത്തിനു ശേഷമാണ് തിരൂർ പുല്ലൂരിൽ മദ്രസാ അദ്ധ്യാപകൻ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ ക്രൂരസംഭവം പുറത്താകുന്നത്.

കേസ് ഒതുക്കിത്തീർക്കാൻ അതീവ ശ്രമം നടത്തി വരുന്നതിനിടെയാണ് ജിഷയുടേതുൾപ്പടെ പീഡന സംഭവങ്ങൾ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയും ചർച്ചയാവുകയും ചെയ്തത്. ഇതോടെ സംഭവം അറിഞ്ഞ നാട്ടുകാർ ജില്ലാ ചൈൽഡ്‌ലൈൻ, പൊലീസ് എന്നീ വിഭാഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് കുട്ടികളിൽനിന്നും ഞെട്ടിക്കുന്ന പീഡന വിവരങ്ങൾ പുറത്തറിയുന്നത്. പീഡനത്തിനിരയായ കുട്ടിയുടെ മാതാവ് നൽകിയ പരാതിന്മേൽ മദ്രസാധ്യാപകനായ പുല്ലൂർ ചെറുപറമ്പിൽ സി.പി. അബ്ദുറഹിമാൻ മുസ്ലിയാർ (45) ക്കെതിരെ പൊലീസ് കേസെടുത്തു. തിരുന്നാവായ എടക്കുളം സ്വദേശിയായ ഇയാൾ പുല്ലൂരിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയാണ്. പീഡനം നടത്തിയ മദ്രസ അദ്ധ്യാപകന്റെ രണ്ടു പെൺമക്കൾ ഇതേ മദ്രസയിൽ പഠിക്കുന്നുണ്ട്.

സംഭവം നടക്കുന്നത് ഏപ്രിൽ 30 ശനിയാഴ്ച. എന്നാൽ ഇന്നലെയായിരുന്നു പൊലീസിനെയും ചൈൽഡ് ലൈനെയും വിവരമറിയിച്ചത്. സംഭവം നടന്നതിനു ശേഷം വീട്ടുകാരുമായി ബന്ധമുള്ള ഏതാനും പേരും നാട്ടിലെ ചില പ്രമുഖരും ഇടപെട്ട് കേസ് ഒതുക്കാൻ ശ്രമം നടത്തിവരികയായിരുന്നു. എന്നാൽ കേസ് ഒതുക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവിന്റെ ബന്ധുക്കളും നാട്ടുകാരായ ചിലരും ചേർന്ന് രംഗത്തു വന്നതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി പല സ്ഥലങ്ങളിലായി നടന്ന പീഡന സംഭവങ്ങൾ മാദ്ധ്യമങ്ങളിലൂടെ ചർച്ചയായത് ഇവരെ രംഗത്തുവരാൻ പ്രേരിപ്പിച്ചു. തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങിൽ പരാതിക്കാരിയായ കുട്ടിക്കു പുറമെ മറ്റ് ഏഴുകുട്ടികളെ ഒരു വർഷത്തോളമായി ഈ മദ്രസ അദ്ധ്യാപകൻ പീഡനത്തിനിരയാക്കിയതായി കുട്ടികളുടെ മൊഴി ലഭിച്ചിട്ടുണ്ട്. നീചവും നികൃഷ്ടവുമായ പ്രവൃത്തിക്ക് ഇയാൾ മറ്റു കുട്ടികളെയും ഉപയോഗപ്പെടുത്തി എന്നാണ് ഇത് വ്യക്തമാക്കുന്നത്. വേലി തന്നെ വിളവു തിന്നുന്നതിന്റെ ഉത്തമ ഉദാഹരണം.

പതിവു പോലെ മദ്രസ വിട്ട് വീട്ടിലെത്തിയ ഏഴു വയസുകാരിയായ കുട്ടി വീട്ടിലെത്തിയതു മുതൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. പിന്നീട് കുട്ടിയെ മാതാവ് കുളിപ്പിക്കുന്നതിനിടെയാണ് ജനനേന്ദ്രിയത്തിൽ ശക്തമായ വേദന അനുഭവപ്പെടുന്നതായി കണ്ടെത്തിയത്. ഇതോടെ വിഷയം ചോദിച്ചറിഞ്ഞതോടെയാണ് ഉസ്താദ് പിടിച്ചതാണെന്ന് കുട്ടി മാതാവിനോടു പറഞ്ഞത്. തുടർന്ന് ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും സ്വകാര്യ ഭാഗത്ത് മുറിവുള്ളതായി കാണപ്പെട്ടു. സംഭവം മദ്രസയിലെ പ്രധാനാധ്യാപകനെയും കമ്മിറ്റിയിലെ മറ്റു ചിലരെയും വീട്ടുകാർ വിവരമറിയിച്ചു.

എന്നാൽ സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളെ അതിജീവിച്ച് മൂന്ന് ദിവസത്തിനു ശേഷമാണെങ്കിലും ചൈൽഡ് ലൈനെ വിവരമറിയിക്കുകയും കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കുട്ടികൾ നൽകിയ മൊഴിയിൽ കൂടുതൽ പേരെ പീഡിപ്പിച്ചതായി പുറത്തു വന്നു. കഴിഞ്ഞ ഒരു വർഷമായി ഇയാൾ കുട്ടികളെ സ്ഥിരമായി പീഡനത്തിനിരയാക്കിയിരുന്നുവത്രെ. ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്ന ഇയാൾ കുട്ടികളെ മേശയുടെ അടുത്തേക്ക് വിളിപ്പിച്ചായിരുന്നു അശ്ലീല വേഴ്‌ച്ചകളിൽ ഏർപ്പെട്ടിരുന്നത്. ഇയാളുടെ ആഭാസത്തരങ്ങൾ കുട്ടികൾ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.

പീഡന വിവരം പുറത്തായി മൂന്നു ദിവസം വരെ പ്രതി നാട്ടിലുണ്ടായിരുന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ചൊവ്വാഴ്ച രാത്രിയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുക്കൾ മദ്രസ അദ്ധ്യാപകനെ വീട്ടിലേക്കു വിളിപ്പിച്ചിരുന്നു. എന്നാൽ ഇയാൾ സംഭവം നിഷേധിക്കുകയായിരുന്നു. ഇതോടെ കൂടിനിന്നവരെല്ലാം ഇയാളെ മർദിക്കുകയുണ്ടായി. സംഭവം കൈവിട്ടു പോകുമെന്നു തോന്നിയതോടെ പ്രതി അന്നു തന്നെ ഒളിവിൽ പോവുകയായിരുന്നു. ചൈൽഡ് ലൈനിന്റെ കൗൺസിലിങിനു ശേഷം കുട്ടിയുടെ മാതാവ് തിരൂർ പൊലീസിൽ നൽകിയ പരാതിയിൻേമേൽ കുട്ടികൾക്കുള്ള നേരെയുള്ള അതിക്രമം, പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തി ഈ അദ്ധ്യാപകനെതിരെ കേസെടുത്തു. മറ്റു കുട്ടികളെയും പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന റിപ്പോർട്ട് ഇന്ന് പൊലീസിനു കൈമാറുമെന്ന് ജില്ലാ ചൈൽഡ് ലൈൻ മറുനാടൻ മലയാളിയോടു പറഞ്ഞു. ഈ റിപ്പോർട്ട് കൂടി ലഭിക്കുന്നതോടെ മറ്റു സംഭവങ്ങളിലും കേസ് രജിസ്റ്റർ ചെയ്‌തേക്കും. ഇതോടെ പ്രതിയുടെ മറ്റു പീഡന സംഭവങ്ങളും അന്വേഷണ പരിതിയിൽ വരും.

മദ്രസാ മാനേജ്‌മെന്റ് പ്രതിയായ അദ്ധ്യാപകനെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്നും ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറയുന്നുണ്ടെങ്കിലും പെൺമക്കളുള്ള രക്ഷിതാക്കളുടെ ആശങ്ക തീരുന്നില്ല. മദ്രസാ അദ്ധ്യാപകരംഗത്തുള്ള ഇത്തരം പുഴുക്കുത്തുകൾ കാരണം മദ്രസാ പ്രസ്ഥാനത്തെ ഒന്നടങ്കം സംശയത്തിന്റെ മുനയിൽ ആഴ്‌ത്തിയിരിക്കുകയാണ്. അറിവ് പകരേണ്ട അദ്ധ്യാപകരിൽ നിന്നു തന്നെ കൊടും പീഡനങ്ങൾ അടുത്തിടെ വർദ്ധിച്ചിരിക്കുന്നത് രക്ഷിതാക്കളുടെ ആധി വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. സംഭവം അറിഞ്ഞതിനു ശേഷം ഇയാളെ മദ്രസയിൽനിന്നും പുറത്താക്കിയിട്ടുണ്ട്.