ദോഹ: ഖത്തറിൽ റേഡിയോ ജോക്കിയായിരുന്ന രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൂടുതൽ വ്യക്തത വരുത്തി പൊലീസ്. സാലിഹ് എന്ന അലിഭായി തന്നെയാണ് കൊല നടത്താൻ ഖത്തറിൽ നിന്നെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഇതോടെ കേസിൽ സാലിഹിന്റെ മുതലാളിയായ ഖത്തർ വ്യവസായി സത്താറും പ്രതിയാകുമെന്ന് ഉറപ്പായി. സത്താറിന്റെ മുൻ ഭാര്യയും രാജേഷിന്റെ പെൺ സുഹൃത്തുമായിരുന്ന ഖത്തറിലെ നൃത്താധ്യാപികയും ഗൂഢാലോചനയിൽ പ്രതിയാകാൻ സാധ്യതയുണ്ട്. സാലിഹിനേയും സത്താറിനേയും രക്ഷിക്കാൻ നൃത്താധ്യാപിക ബോധപൂർവ്വമായ ഇടപെടൽ നടത്തി. അഹമ്മദ് കബീർ എന്ന മറ്റൊരാളിലേക്ക് അന്വേഷണം എത്തിക്കാനും ശ്രമിച്ചു. ഇതിന് പിന്നിൽ സാലിഹ് പിടിക്കപ്പെടാതിരിക്കാനുള്ള ഗൂഢാലോചനയാണെന്ന് പൊലീസ് വിലയിരുത്തുന്നു.

അലിഭായി എന്നറിയപ്പെടുന്ന സാലിഹ് ബിൻ ജലാലിന്റെ നേതൃത്വത്തിലെ മൂന്നംഗ ക്വട്ടേഷൻ സംഘം കൊലനടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ക്വട്ടേഷൻ കൊടുത്തത് ഖത്തറിലെ വ്യവസായി അബ്ദുൾ സത്താർ. കൊല്ലാനുള്ള കാരണം സത്താറിന്റെ ഭാര്യയായിരുന്ന നൃത്താധ്യാപികയും രാജേഷും തമ്മിലുള്ള ബന്ധം. അന്വേഷണസംഘത്തിന്റെ ഇതുവരെയുള്ള വിലയിരുത്തൽ ഇങ്ങിനെയാണ്.

ഫോണിലൂടെ നൃത്താധ്യാപികയുടെ മൊഴിയെടുത്തപ്പോൾ ഈ വിലയിരുത്തലിനെ അവരും ശരിവച്ചിരുന്നു. എന്നാൽ കഴിഞ്ഞദിവസം ഖത്തറിലെ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ നിലപാട് മാറ്റി. സത്താർ ക്വട്ടേഷൻ നൽകുമെന്ന് കരുതുന്നില്ലെന്നാണ് നൃത്താധ്യാപിക പറയുന്നത്. ഇത് പൊലീസിനെ ആശയക്കുഴപ്പത്തിലാകുന്നുണ്ട്. ഇതിനിടെ കൊലയിൽ നൃത്താധ്യാപികയുടെ പങ്കിലേക്കും സംശയമെത്തുന്നത്.

കേസിൽ മൂന്നാമതൊരാളെ സംശയിക്കുന്നുവെന്നത് ഉൾപെടെ യുവതി നടത്തിയ വെളിപ്പെടുത്തിയ കാര്യങ്ങൾ അന്വേഷണത്തെ വഴി തിരിച്ചു വിടാനാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.രാജേഷിനെ പോലെ നിഷ്‌കളങ്കനായ ഒരാളെ കൊല്ലാൻ നല്ല അച്ഛനായ തന്റെ മുൻ ഭർത്താവ് തയാറാകില്ലെന്ന യുവതിയുടെ വാദം കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയതായി പൊലീസ് വിശ്വസിക്കുന്ന സത്താറിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണെന്നും പൊലീസ് പറയുന്നു.

യുവതിയുമായുള്ള അഭിമുഖത്തിന്റെ വീഡിയോയും ശബ്ദരേഖയും അന്വേഷണ സംഘം വിശദമായി പരിശോധിച്ചു. യുവതിയുമായി പൊലീസ് നിരന്തരം ഫോണിൽ ബന്ധപ്പെടുന്നുണ്ട്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അവർ പറയുന്നത്. ഈ സാഹചര്യത്തിൽ അവരേയും സംശയിക്കേണ്ട സ്ഥിതിയാണ് പൊലീസിനുള്ളച്

രാജേഷിനെയും മുൻ ഭർത്താവ് സത്താറിനെയും കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളതായി പൊലീസ് പറയുന്ന മുഹമ്മദ് സാലിഹിനെയും വെള്ളപൂശാൻ ശ്രമിച്ച യുവതി തന്റെയും മുൻ ഭർത്താവിന്റെയും ബിസിനസ് പങ്കാളിയായിരുന്ന അഹമ്മദ് കബീറിനെ കൊലപാതകവുമായി ബന്ധപ്പെടുത്തുന്ന പല സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

എന്നാൽ അഹമ്മദ് കബീറിന് രാജേഷുമായി പകയുണ്ടായിരുന്നുവെന്നതിന് തെളിവില്ല. രാജേഷുമായി ഒരുമിച്ച് ജീവിക്കാനായിരുന്നു തന്റെ ആഗ്രഹമെന്ന് നൃത്താധ്യാപിക വ്യക്തമായിരുന്നു. രാജേഷിന്റെ ഭാര്യ ഗർഭിണിയായ വിവരം ഈയിടെയാണ് യുവതി അറിഞ്ഞതെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതും കൊലപാതകത്തിന് കാരണമായി പൊലീസ് വിലയിരുത്തുന്നു. സാലിഹുമായി നൃത്താധ്യാപികയ്ക്ക് അടുത്ത സൗഹൃദമാണുള്ളത്.

രാജേഷിന് നൽകിയ പണത്തിന്റെ കണക്കുകൾ വെളിപ്പെടുത്തിയതും സംശയത്തിന് ഇടയാക്കുന്നുണ്ട്. രാജേഷ് യുവതിയെ ഏതെങ്കിലും തരത്തിൽ ബ്‌ളാക് മെയിൽ ചെയാൻ ശ്രമിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്. .ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കൂടെ ജീവിക്കാൻ ആഗ്രഹിച്ച കാമുകന് നൽകിയ പണത്തിന്റെ കണക്കുകൾ കൃത്യമായി രേഖകൾ സഹിതം മാധ്യമങ്ങൾക്ക് കൈമാറിയതാണ് ഇത്തരമൊരു സംശയത്തിന് ഇടയാക്കുന്നത്. രാജേഷ് വീഡിയോ സഹിതം എല്ലാ തെളിവുകളും സൂക്ഷിക്കുന്ന ആളായിരുന്നുവെന്ന യുവതിയുടെ വെളിപ്പെടുത്തൽ ബ്‌ളാക് മെയിലിങ്ങിനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. ഇതിനൊപ്പം രാജേഷിന്റെ ഭാര്യ ഗർഭിണിയാണെന്ന കാര്യവും യുവതിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്.

യുവതിയുടെ രണ്ടു മക്കളും സത്താറിന്റെ സംരക്ഷണത്തിൽ ആയതിനാൽ അയാളെ രക്ഷിക്കാനുള്ള അടവുകളാണ് യുവതി പുറത്തെടുക്കുന്നതെന്നും പൊലീസ് പറഞ്ഞു. കൊലനടത്തിയ അലിഭായിയെയും അപ്പുണ്ണിയെയും കിട്ടിയാൽ മാത്രമേ യഥാർത്ഥ കാരണം കണ്ടെത്താനാവു. ഇന്ത്യയിൽ തന്നെയുള്ള അപ്പുണ്ണിയെ കണ്ടെത്താനായി വിവിധയിടങ്ങളിൽ തിരയുന്നുണ്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപെടുകയാണെന്ന് പൊലീസ് അറിയിച്ചു. അതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു.

കായംകുളം സ്വദേശിയായ എഞ്ചിനീയർ യാസീൻ മുഹമ്മദാണ് അറസറ്റിലായത്. പ്രതികളെ ബംഗളൂരുവിലേക്ക് രക്ഷപ്പെടാൻ സഹായിച്ചതും പ്രതികൾ കൃത്യം നടത്താൻ ഉപയോഗിച്ചിരുന്ന വാഹനം വഴിയിലുപേക്ഷിച്ചതും യാസീനാണെന്ന് പൊലീസ പറഞ്ഞു.

കൊലപാതകത്തിന്റെ ഗൂഢാലോചനയുടെയും പണം കൈമാറ്റത്തിന്റെയും തെളിവുകൾ പൊലീസിനു ലഭിച്ചു. കേസിൽ സത്താർ, അലിഭായ് എന്നിവരെ പ്രതിചേർത്ത റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും. ഇന്നലെ അറസ്റ്റ് ചെയ്ത കൊല്ലം സ്വദേശി സുഭാഷ് എന്ന സനുവിനെ പൊലീസ് ചോദ്യം ചെയ്തത് നിർണ്ണായകമാണ്. സാലിഹിന്റെ സാന്നിധ്യം ഉറപ്പിക്കാൻ ഇതിലൂടെ പൊലീസിന് കഴിഞ്ഞിട്ടുണ്ട്.