കാസർഗോഡ്: മഴക്കാലമായതോടെ കള്ളന്മാരുടെ ശല്യവും വർദ്ധിച്ചു. പൊലീസിൽ കാര്യമറിയിച്ചിട്ടും മോഷ്ടാക്കളെ പിടികൂടാനുമായില്ല. ഒടുവിൽ ജനങ്ങൾ തന്നെ രംഗത്തിറങ്ങി. നീലേശ്വരത്താണ് ജനങ്ങൾ കള്ളന്മാരെ കുടുക്കാൻ രംഗത്തിറങ്ങിയത്.

പള്ളിക്കരയിലെ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കള്ളന്മാരെ നേരിടാനിറങ്ങിയ ജനങ്ങൾക്ക് കണ്ട കാഴ്ച വിശ്വസിക്കാനായില്ല. മണൽ കൊള്ളക്കാരും പൊലീസും ചേർന്നുള്ള ഒത്തുകളിക്ക് റസിഡൻസ് അസോസിയേഷൻകാർ ദൃക്‌സാക്ഷികളായി. കള്ളന്മാരെ കുടുക്കാനിറങ്ങിയ റസിഡൻസ് അസോസിയേഷൻ അംഗങ്ങളുടെ മുന്നിൽ കുടുങ്ങിയത് ഹൈവേ പൊലീസുകാരാണ്. മണൽ കൊഌക്കാർക്ക് രാത്രിയുടെ മറവിൽ സുഗമമായി സഞ്ചരിക്കാനും അകമ്പടിക്കാർക്ക് നേർവഴി കാട്ടിക്കൊടുക്കാനും പൊലീസ് തന്നെയെന്ന് റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ നേരിട്ട് കണ്ടു.

നീലേശ്വരം പള്ളിക്കരയിലെ റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ കള്ളന്മാരെ നേരിടാൻ പദ്ധതിയിട്ടത് ഇങ്ങനെ. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞാൽ അംഗങ്ങൾ നാല് വീതം സംഘങ്ങളായി റോഡിലിറങ്ങും. ഓരോ സംഘവും മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിലൂടെ ശ്രദ്ധാ പൂർവ്വം നടന്നു നീങ്ങും. ഇതോടെ കള്ളന്മാരുടെ ശല്യം കുറഞ്ഞു തുടങ്ങി. മോഷ്ടാക്കളുടെ ശല്യം പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയപ്പോഴാണ് ഒരു സംഘത്തിന്റെ മുന്നിൽ സംശയകരമായി പൊലീസുകാരെ കണ്ടത്.

തൊട്ടു മുന്നിൽ മണൽ കൊള്ളക്കാരുടെ അകമ്പടി വാഹനം. പാത്തും പതുങ്ങിയും റസിഡൻസ് സംഘം റോഡിലിറങ്ങി നോക്കിയപ്പോൾ മണൽ കൊള്ളക്കാരും അവരുടെ അകമ്പടിക്കാരും ഹൈവേ പൊലീസും ഒറ്റ ടീമായി നിൽക്കുന്നു. മണൽക്കൊള്ളക്കാരും അകമ്പടിക്കാരും പൊലീസ് സംരക്ഷണത്തിന്റെ തണലിൽ മണൽ കടത്തി കൊണ്ടു പോവുന്നത് കണ്ട് റസിഡൻസ് സംഘം മൂക്കത്ത് വിരൽ വച്ചു.

കാര്യങ്ങൾ അവിടം കൊണ്ടവസാനിച്ചില്ല. അപൂർവ്വ കാഴ്ച കണ്ട് റസിഡൻസ് സംഘാംഗങ്ങൾ അടുത്തെത്തിയപ്പോൾ മണൽ ലോറിക്കാരോട് വേഗം വിട്ടോളൂ എന്നു പറയുന്ന പൊലീസുകരേയും നേരിൽ കണ്ടു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മണൽ കടത്തുന്ന ജില്ലകളിലൊന്നാണ് കാസർഗോഡ്. മണൽ കടത്തിലെ മാഫിയക്കാരും പൊലീസും തമ്മിൽ ചങ്ങാത്തമായിരുന്നു വെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു.

എന്നാൽ ഇത്തരം ആക്ഷേപങ്ങളുടെ സത്യാവസ്ഥയാണ് റസിഡൻസ് അസോസിയേഷൻകാരുടെ മുന്നിൽ തെളിഞ്ഞു വന്നത്. മണൽ കൊള്ളയിൽ പൊലീസിന്റെ പങ്ക് വ്യക്തമാക്കി നീലേശ്വരം പൊലീസ് സ്‌റ്റേഷനിൽ അറിയിച്ചിട്ടാണ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അടങ്ങിയുള്ളൂ.