കോഴിക്കോട്: ശബ്ദം കേട്ട് എഴുന്നേറ്റപ്പോൾ കണ്ണ് മുന്നിൽ തീ പിടിച്ച ശരീരവുമായി പ്രാണവേദന എടുത്ത് ഓടുന്ന ഭർത്താവ്. ദേഹമാസകലം ചോരയുമായിട്ടാണ് അന്ന് വീട്ടിലേക്ക് കയറി വന്നത്. തട്ടിക്കോണ്ട് പോയ ഗുണ്ടാസംഘം അദ്ദേഹത്തെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു. തൊണ്ടയിലൂടെ കമ്പി കുത്തിയിറക്കി, നാഭിയിൽ തൊഴിച്ചു. കൈയിൽ ആണി കയറ്റി. ആറ് വർഷങ്ങൾക്ക് മുൻപുള്ള ആ രാത്രിയെ പറ്റി പറയുമ്പോൾ റംലയുടെ കണ്ണിലിപ്പോഴും ഭയം. സ്വർണ്ണകടത്തുമായി ബന്ധപ്പെട്ട് കൊലപാതകപരമ്പരകൾ അരങ്ങേറുന്ന ഈ സമയത്ത് തന്റെ ഭർത്താവിനെ സ്വർണ്ണകടത്ത് മാഫിയ കൊന്നതാണെന്ന ആരോപണം വീണ്ടും ഉന്നയിക്കുകയാണ് കൊടുവള്ളി സ്വദേശിയായ റംല.

2016 ഒക്ടോബറിലാണ് സ്വർണ്ണകടത്ത്സംഘം കൊടുവള്ളി രാരോത്ത് ചാലിൽ ഇസ്മായിൽ എന്ന റംലയുടെ ഭർത്താവിനെ ചുട്ട് കൊന്നത്. കൊല്ലുന്നതിന് തൊട്ട് മുൻപുള്ള ദിവസം ഇസ്മായിലിനെ ഈ മാഫിയ തട്ടിക്കോണ്ട് പോയിരുന്നു. ഗുണ്ടൽപേട്ടയിലെ ലോഡ്ജ്മുറിയിൽ കൊണ്ടുപോയി കെട്ടിയിട്ടു പീഡിപ്പിച്ചതിന് ശേഷം പിറ്റേ ദിവസം പുലർച്ചക്ക് ഇസ്മായിലിനെ വീടിന്റെ മുന്നിൽ കൊണ്ട് ഇറക്കി വിട്ടു. ശരീരം മുഴുവൻ ചോരയൊലിച്ച് നടക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു ഇയാൾ. തന്നെ സ്വർണ്ണകടത്ത് മാഫിയ ക്രൂരമായി പീഡിപ്പിച്ചതായി ഇസ്മായിൽ റംലയോട് പറഞ്ഞു.

ആരെയെങ്കിലും വിളിച്ചുപറയണ്ടേ എന്നു ഭയന്ന് പോയ റംല ചോദിച്ചപ്പോൾ അത് വേണ്ട. വേണ്ട ഈ വീടിനു ചുറ്റും ആളുണ്ട്. അവർ വീടു കത്തിക്കും എന്നായിരുന്നു പേടിച്ചരണ്ട ഇസ്മായിൽ പറഞ്ഞ മറുപടി.നേരം വെളുത്തിട്ട് ആശുപത്രിയിൽ പോകാമെന്ന് കരുതി കിടന്നു. ഒരു മണിക്കൂർ കഴിഞ്ഞു കാണും. എന്തോ ശബ്ദം കേട്ട് എഴുന്നേറ്റപ്പോൾ തീ പിടിച്ച ഒരു ശരീരം മുറ്റത്തൂടെ ഓടുന്നു. നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. മൂത്രമൊഴിക്കാനായിട്ട് എഴുന്നേറ്റതാണ് പിന്നെ ഒന്നും ഓർമ്മയില്ല എന്ന് അവസാനമൊഴി പൊലീസിന് നൽകി ഇസ്മായിൽ മരണമടഞ്ഞു. പക്ഷേ ആരും ഒന്നും ചെയ്തില്ല. പ്രതികളെല്ലാം ഇന്നും വിലസുന്നു. അതു തന്നെയാണ് ഇപ്പോഴത്തെ സ്വർണ്ണ കടത്ത് മാഫിയയുടെ ഭീകര ഇടപെടലിന് കാരണവും.

ആ മരണത്തിൽ ദുരൂഹതയുണ്ടെന്നു കുടുംബം ഇപ്പോഴും ആരോപിക്കുന്നു. അന്നു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചവരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും മരണമൊഴിയായി നൽകിയിട്ടും പ്രതികളെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല. കുഴൽപ്പണ സംഘത്തെ ഒറ്റിക്കൊടുത്തെന്ന സംശയത്തിലാണ് ഇസ്മായിലിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കൈവശമുണ്ടായിരുന്ന ആറു ലക്ഷത്തോളം രൂപയും ക്വട്ടേഷൻ സംഘം കൊണ്ടുപോയി. സ്വർണക്കള്ളക്കടത്ത് സംഘത്തിനായി ഇത്തരം ക്വട്ടേഷൻ എടുക്കുന്ന കൊടുവള്ളി സ്വദേശി ആപ്പു എന്ന മുഹമ്മദാണ് ഇതിനു പിന്നില്ലെന്നായിരുന്നു ഇസ്മായിലിന്റ മൊഴി. പക്ഷേ കേസിൽ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

ഈ സംഘങ്ങളാണ് മലബാറിൽ ഭീതി പടർത്തും വിധം വളരുന്നത്. സ്വർണ്ണ കടത്തിനും തട്ടിക്കൊണ്ടു പോകലിനും വകവരുത്തലിനും ഒരു കുറവും വ്ന്നിട്ടില്ല. ഇസ്മായിൽ കേസിൽ ജാഗ്രത പൊലീസ് കാട്ടിയിരുന്നുവെങ്കിൽ അത് കടത്തുകാർക്ക് പാഠമാകുമായിരുന്നു.