- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
നാലു പതിറ്റാണ്ടായി സൂപ്പർതാരങ്ങളുടെ 'തല്ലുവാങ്ങി'; നടനാവാൻ കൊതിച്ച് എത്തിയത് സിനിമാ 'ഗുണ്ട'യായി; ധർമ്മേന്ദ്ര വഴി പേരിനൊപ്പം കയറിയ മാഫിയ; ആയിരത്തോളം പടങ്ങളിൽ സ്റ്റണ്ട് മാസ്റ്റർ; ഇന്ദ്രസിനെ കൊണ്ടു പോലും ആക്ഷൻ ചെയ്യിപ്പിച്ച പ്രതിഭ; പാവങ്ങളുടെ പീറ്റർ ഹെയ്ൻ; ദേശീയ അവാർഡ് ലഭിച്ചിട്ടും അവഗണന; മാഫിയാ ശശിയുടെ സിനിമാ ജീവിതം
മലയാളം വെട്ടിത്തിളങ്ങി നിൽക്കുന്ന ഒരു ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ആയിരുന്നു ഇത്തവണത്തേത്. ഒന്നും രണ്ടുമല്ല, മികച്ച നടിക്കും സഹനടനും സംവിധായികയ്ക്കും ഉൾപ്പെടെ 11 പുരസ്‌കാരങ്ങളാണ് മലയാളികൾ ദേശീയ തലത്തിൽ സ്വന്തമാക്കിയത്. നമ്മൾ അപർണ്ണ ബാലമുരളിയെക്കുറിച്ചും, നാഞ്ചിയമ്മയെക്കുറിച്ചും, ബിജുമോനെനെക്കുറിച്ചുമെല്ലാം വാ തോരാതെ സംസാരിക്കുന്നു. നവമാധ്യമങ്ങളിൽ എഴുതി മറിക്കുന്നു. ശരിയാണ് അവർ അത് അർഹിക്കുന്നത് തന്നെ. പക്ഷേ ഇവിടെ പറയാൻ പോകുന്നത്, ഇവർക്കൊപ്പം അവാർഡ് കിട്ടിയിട്ടും മലയാള പ്രേക്ഷകരും, ചലച്ചിത്ര പ്രവർത്തകരും യാതൊരു പരിഗണനയും കൊടുക്കാത്ത ഒരു വ്യക്തിയെക്കുറിച്ചാണ്. അതാണ് കണ്ണൂർ പുതിയവീട്ടിൽ ശശിധരൻ. അങ്ങനെ പറഞ്ഞാൽ ആരും അറിയില്ല. ഫൈറ്റ് മാസ്റ്റർ മാഫിയ ശശി എന്ന് പറയണം.
'അയ്യപ്പനും കോശിയും' സിനിമയുടെ സംഘട്ടന സംവിധാനത്തിന് മാഫിയ ശശി, രാജശേഖർ, സുപ്രീം സുന്ദർ എന്നിവരും ഇത്തവണത്തെ ദേശീയ പുരസ്‌ക്കാര ജേതാക്കളാണ്. അഭിനേതാക്കളും കുറേ ടെക്്നീഷ്യൻസും മാത്രമാണ് സിനിമയെന്ന പൊതുബോധം കൊണ്ടാവണം, നാലുപതിറ്റാണ്ടുനീണ്ട, ചലച്ചിത്ര ജീവിതമുള്ള മാഫിയാ ശശിക്ക്, ഇന്ത്യൻ ചലച്ചിത്രലോകത്തിന്റെ പരമോന്നത പുരസ്‌ക്കാരം കിട്ടിയത്, മലയാള ചലച്ചിത്രലോകം അറിഞ്ഞ മട്ടില്ല.
പക്ഷേ അങ്ങനെ എഴുതിത്ത്ത്ത്ത്തള്ളാവുന്ന ഒന്നല്ല സംഘട്ടന സംവിധാനം. കൃത്യമായ പ്ലാനിങ്ങും ടൈമിങ്ങും ഇല്ലെങ്കിൽ താരങ്ങളുടെ ജീവൻ തന്നെ അപകടത്തിലാവും. ഇവിടെയാണ് ആയിരത്തിലേറെ സിനിമകൾ ചെയ്ത്, ഒന്നിൽപോലും അപകടം ഉണ്ടാക്കാത്ത മാഫിയാ ശശിയുടെ പ്രസക്തി. സംഘട്ടനത്തിനും ഹീറോയിസത്തിനുമൊക്കെ കൊമേർഷ്യൽ സിനിമയിൽ വലിയ പ്രസക്തിയുണ്ട്. എക്കാലവും ചന്തയിലെ മൺ ചട്ടികൾ തട്ടിപ്പൊട്ടിക്കുന്ന പഴയ രീതിയുമായി നടന്നാൽ നമ്മുടെ ഇൻഡസ്ട്രി വല്ലാതെ പുറകിലാവും. ചെറുപ്പക്കാർ തീയേറ്ററിൽ കയറില്ല. പക്ഷേ തമിഴിലോ, തെലുങ്കിലോ ചെയ്യുന്നപോലെ വലിയ ബജറ്റിൽ ചിത്രം ഒരുക്കാനും നമുക്ക് കഴിയില്ല. അവിടെയാണ് മാഫിയായ ശശിയുടെ പ്രസക്തി. ചുരുങ്ങിയ ചെലവിൽ തീ പാറുന്ന ആക്ഷൻ രംഗങ്ങൾ അയാൾക്ക് ഒരുക്കാനായി. അങ്ങനെ മലയാള വാണിജ്യ സിനിമയെ താങ്ങി നിർത്തിയ ഒരു വ്യക്തിയാണ് ഈ രീതിയിൽ അവഗണിക്കപ്പെടുന്നത്.
ജീവൻ പണയം വെച്ച മരണക്കളി
ശശിക്കുവേണ്ടി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു കുറിപ്പ് ഇങ്ങനെയാണ്. ''സിനിമയിലെ സംഘട്ടന സംവിധായകനാണ്. പൊളിറ്റിക്കൽ കറക്ടനെസ്സും കുന്തവും, കൊടചക്രവുമൊക്കെ തപ്പുന്ന സംവിധായകരുടെ ഇടയിൽ റോപ്പും, പുള്ളിയും, ലിഫ്റ്റും ഒടിഞ്ഞ ഡെസ്‌ക്കും ശരീരവും വെച്ചു ഡയറകട് ചെയ്ത മനുഷ്യൻ. മാഫിയ ശശി എന്ന ഐഡന്റിറ്റിയെ വരെ അവഹേളിച്ചു പടമിറങ്ങിയിട്ടും അതൊന്നും ആ മനുഷ്യനെ ബാധിച്ചില്ല, ഒരു പത്രസമ്മേളനവും വിളിച്ചു കൂട്ടിയില്ല. ഒരു രാഷ്ട്രീയക്കാരന്റെ വാലാട്ടിയായിട്ടു നിന്നിട്ടില്ല. അയാളെ ഏൽപ്പിച്ച ജോലി വളരെ മനോഹരമായി നിർവഹിച്ച്, ആരുടെയും കൈയടി വാങ്ങാതെ തിരിച്ചു പോയ കണ്ണൂർക്കാരനായ ശശിധരൻ എന്നൊരു മനുഷ്യനുണ്ട്. അദ്ദേഹത്തിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചപ്പോ മലയാളികളിൽ ചിലരെങ്കിലും അദേഹത്തോടൊപ്പം നിൽക്കേണ്ട സമയമാണ്.
ഇത്തവണ അവാർഡ് കിട്ടിയതിൽ അതേറ്റു വാങ്ങാൻ ഭൗതിക സാന്നിധ്യമില്ലാത്ത സച്ചിയെകുറിച്ചു നമുക്ക് വേദനയുണ്ട്. നാഞ്ചിയമ്മയ്ക്കു അവാർഡ് കിട്ടിയതിൽ ആത്മഹർഷമുണ്ട്, ബിജുമേനോൻ അതു അർഹിക്കുന്നു എന്നു നമുക്ക് ഉറച്ച വിശ്വാസമുണ്ട്. പക്ഷെ മാഫിയ ശശി എന്നയാളെ ദേശീയ സിനിമ ലോകം തിരിച്ചറിഞ്ഞു എന്നതിൽ നമ്മൾ അഭിമാനം കൊള്ളേണ്ടേ. അദ്ദേഹത്തിന് ചുറ്റും നിന്നും മലയാളികൾ കൈയടിക്കണം, നീണ്ട 40 വർഷത്തെ കാണികളാണ് ഇന്നൊരു ദിവസം കൈയടി്ക്കുന്നത്. മാർക്കറ്റിലും തെരുവോരങ്ങളിൽ കയറിൽ തൂങ്ങിയും, ക്രയിനിൽ നിന്നും ട്രെയിനിൽ നിന്നും മറിഞ്ഞും, ജീവൻ പണയം വെച്ചും മലയാള സിനിമയ്ക്ക് കൈയടി നേടികൊടുത്തതിലും, സകല ഹീറോയിസത്തിലും പിന്നിൽ മാഫിയ ശശിയുടെ മലക്കം മറിച്ചിലുകളുണ്ട്. അരങ്ങുവാണ പുരുഷകഥാപാത്രങ്ങളുടെ ഇടയിൽ മോഹൻലാലിനെ കൊണ്ടു മുണ്ട് മടക്കി കുത്തിച്ചതും. മമ്മൂട്ടിയെ താറുടുപ്പിച്ചതും, ദിലീപിന്റെ സിഐഡി മൂസയക്കും, കള്ളൻ മാധവനും, സുരേഷ്‌ഗോപിയുടെ കിച്ചാമണിക്കുമുള്ള പൗരുഷത്തിനു പിന്നിൽ അദ്ദേഹത്തിന്റെ നെറ്റിയിലെ വിയർപ്പുണ്ട്, മസിൽ പവറുണ്ട്.
മരണത്തെ മുന്നിൽ കണ്ടു സ്വന്തം ശരീരവും ടൈമിങ്ങും വച്ചു കളിച്ചതുകൊണ്ടാണ് ഇവരൊക്കെ പൗരുഷത്തിന്റെ ആൾരൂപങ്ങളായി മാറിയത്. തിയേറ്ററിലെ നിറഞ്ഞ കൈയടിക്കു പിന്നിൽ ഈ മനുഷ്യനുണ്ട്. മാഫിയ ശശി എന്ന ഫൈറ്റ് മാസ്റ്റർ ശശിധരന് അഭിനന്ദനങ്ങൾ''- ഇങ്ങനെയാണ് ആ കുറപ്പ് അവസാനിക്കുന്നത്. നോക്കുക, മലയാളത്തിലെ ചലച്ചിത്രകാരന്മാരല്ല, സിനിമയെ സ്നേഹിക്കുന്ന സാധാരണക്കാരാണ്, 61ാം വയസ്സിലും തിളങ്ങി നിൽക്കുന്ന ഈ ഫൈറ്റ് മാസ്റ്ററെ അഭിനന്ദിക്കുന്നത്.
ഒരു 'സിനിമാ ഗുണ്ട' ജനിക്കുന്നു
കണ്ണൂർ ജില്ലയിലെ ചിറയ്ക്കലിലാണ് ശശിയുടെ ജനനം. ബാലനും, സരസ്വതിയുമാണ് മാതാപിതാക്കൾ. ശശിധരൻ എന്നാണ് ശരിയായ പേര്. നാട് കണ്ണൂരാണെങ്കിലും അച്ഛൻ ബാലന് മദ്രാസിൽ ബിസിനസ്സായിരുന്നതിനാൽ വളർന്നതും പഠിച്ചതും അവിടെ ആയിരുന്നു. മദ്രാസ് ക്രിസ്ത്യൻ കോളേജ് സ്‌കൂളിലായിരുന്നു ആറാംക്ലാസുവരെ പഠനം. പഠനം ഉഴപ്പാണെന്ന് കണ്ട് അച്ഛൻ ശശിധരനെ നാട്ടിലേയ്ക്കയച്ചു. നാട്ടിൽ ചെറിയച്ഛന്റെകൂടെ താമസിച്ച് ചിറയ്ക്കൽ രാജാസ് സ്‌കൂളിൽ രണ്ട് വർഷം പഠിച്ചു. ആ സമയത്താണ് ശശിധരൻ കളരിപ്പയറ്റ് പഠിക്കാൻ തുടങ്ങുന്നത്. ചിറയ്ക്കൽ ചന്ദ്രശേഖര ഗുരുക്കളുടെ കളരിയിലായിരുന്നു പഠിച്ചത്. ആ പഠനമാണ്, ഫൈറ്റ് രംഗങ്ങളിൽ പിൽക്കാലത്ത് തനിക്ക് തുണയായതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
രണ്ടു വർഷത്തെ പഠനത്തിനുശേഷം വീണ്ടും മദ്രാസ് കൃസ്ത്യൻ കോളേജ് സ്‌കൂളിൽ ചേർന്ന് പഠിക്കാൻ തുടങ്ങി. ആ സമയത്ത് ശശിധരന്റെ അനുജൻ സിനിമയിൽ ബാലതാരമായി അഭിനയിക്കാൻ തുടങ്ങിയിരുന്നു. ഇടയ്ക്കൊക്കെ അനുജനോടൊപ്പം ശശിയും ലൊക്കേഷനിൽ പോകുമായിരുന്നു. ഷൂട്ടിങ് കണ്ടുതുടങ്ങിയപ്പോൾ സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹം വന്നു.
അതിനിടയിൽ ചന്ദ്രശേഖരൻ ഗുരുക്കൾ മദ്രാസിൽ വരികയും അവർ മദ്രാസിൽ കളരിപ്പയറ്റ്ഷോകൾ അവതരിപ്പിക്കുകയും ചെയ്തു. മദ്രാസിൽ കളരിക്ക് പ്രചാരം വരുന്നതിന് ഈ ഷോകൾ സഹായകമായി. കളരിപ്പയറ്റിനോടൊപ്പം ബോക്സിംഗിലും ശശിധരൻ പരിശീലനം നേടി. അഭിനയമോഹം സഫലമാവുന്നത് ഹരിഹരൻ സംവിധാനം ചെയ്ത 'പൂച്ച സന്യാസി' എന്ന സിനിമയിലൂടെയാണ്. ആ സിനിമയിൽ ഒരു കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിൽ ശശി ആദ്യമായി അഭിനയിച്ചു. അതിനുശേഷം രജനീകാന്ത് നായകനായ തമിഴ്ചിത്രം 'റാണുവവീരൻ' എന്ന സിനിമയിൽ വില്ലനായ ചിരഞ്ജീവിയുടെ സഹായികളിൽ ഒരാളായി അഭിനയിച്ചു. പിന്നെ പല സിനിമകളിലും ഇതുപോലുള്ള ഗൂണ്ട റോളുകളിൽ അദ്ദേഹം അഭിനയിച്ചു. പിന്നീട് അത് ഒരു സ്ഥിരം ഗുണ്ട എന്ന രീതിയിൽ മാറി.
ത്യാഗരാജൻ മാസ്റ്ററുടെ ശിഷ്യൻ
സംവിധാനം ഐ വി ശശിയെന്നും ജോഷിയെന്നും എഴുതി കാണിക്കുമ്പോൾ ഉള്ളതിനോക്കാൾ തീയേറ്ററിൽ കൈയടി കിട്ടുന്ന ഒരുവാക്കുണ്ടായിരുന്നു 80കളിലും 90കളിലും. സംഘട്ടനം ത്യാഗരാജൻ, എന്നായിരുന്നു ആ എഴുത്ത്. ആ ത്യാഗരാജൻ മാസ്റ്ററുടെ ശിഷ്യനായിട്ടാണ് മാഫിയാ ശശിയുടെ സംഘട്ടന സംവിധാനത്തിലേക്കുള്ള കടന്നു വരവ്.
വില്ലൻ വേഷങ്ങളിൽ അഭിനയിക്കുന്നതുകൊണ്ട് സ്റ്റണ്ട്മാസ്റ്റർ മാരുമായുള്ള അടുപ്പം അവരുടെ യൂണിയനിൽ ചേരുന്നതിന് കാരണമായി. ത്യാഗരാജൻ മാസ്റ്ററടക്കം പ്രമുഖരായ പല സ്റ്റണ്ട്മാസ്റ്റേൾസും അസിസ്റ്റൻഡാക്കി. വർക്ക് തുടങ്ങി എട്ടുവർഷം കഴിഞ്ഞതിനുശേഷമാണ് 'പപ്പയുടെ സ്വന്തം അപ്പൂസ്' എന്ന സിനിമയിലൂടെ സ്വതന്ത്രമായി ഫൈറ്റ് സംവിധാനം ചെയ്യുന്നത്. അതിനിടെ 'മാഫിയ' എന്ന ഹിന്ദി സിനിമയിൽ ഫൈറ്റ് മാസ്റ്ററാകാൻ ശശിക്ക് അവസരം ലഭിച്ചു. അതിലെ ശശിയുടെ ഫൈറ്റുകൾ ഇഷ്ടമായ, സിനിമയിലെ നായകനായ ധർമ്മേന്ദ്രയാണ് പേര് 'മാഫിയ ശശി' എന്നാക്കി മാറ്റുന്നത്. അത് ജീവിതത്തിൽ ഒരു വഴിത്തിരിവായി. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടിവന്നില്ല.
മലയാളത്തിലെ സൂപ്പർതാരങ്ങളടക്കമുള്ള ഒരുവിധം നായകന്മാരുടെയും സ്റ്റണ്ട്മാസ്റ്ററായി അദ്ദേഹം. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ചിത്രങ്ങളിലും ഫൈറ്റ്മാസ്റ്ററായി അദ്ദേഹം വർക്ക് ചെയ്തിട്ടുണ്ട്. ഈ ജോലിയുടെ ഇടയിൽ സമയം കിട്ടുമ്പോൾ ചില സിനിമകളിൽ ചെറിയ റോളുകളിൽ അഭിനയിക്കുകയും ചെയ്യും. മാഫിയ ശശിയുടെ ഭാര്യ ശ്രീദേവി. രണ്ടുമക്കളാണുള്ളത്. മകൻ സന്ദീപ്, മകൾ സന്ധ്യ. പിതാവിന്റെ പാത പിന്തുടർന്ന് മകൻ സന്ദീപും നടനാണ്.
ജാതകം തിരുത്തിയത് മമ്മൂട്ടി
സിനിമയിലേക്ക് വന്ന കാലം മുതൽ തന്നെ സഹായിച്ചത് മമ്മൂട്ടിയാണെന്ന് അദ്ദേഹം പറയുന്നു. 1980 കളിലാണ് ഇരുവരും ഒരുമിച്ച് സിനിമയിൽ അഭിനയിക്കുന്നത്. പ്രതിജ്ഞ എന്ന ചിത്രത്തിലായിരുന്നു അത്.പിന്നീട് വടക്കൻ വീരഗാഥ ഉൾപ്പെടെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചു.
ആദ്യമായി ഫൈറ്റ് മാസ്റ്റർ ആകുന്നതും മമ്മൂട്ടിയുടെ സഹായത്താലാണെന്ന് മാഫിയ ശശി പറയുന്നു. ഫാസിലിന്റെ മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസിലൂടെയാണ് തുടക്കം. വളയം, കള്ളനും പൊലീസും തുടങ്ങി നിരവധി ചിത്രങ്ങളിൽ തുടർന്നിങ്ങോട്ട് സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിച്ചു. പിന്നെ വെച്ചടി കയറ്റമായി. തമിഴ് സിനിമയിലേക്കുള്ള രംഗപ്രവേശനത്തിന്റെ കാരണവും മമ്മൂട്ടി തന്നെ. ഹിന്ദിയിലേക്കുമുള്ള കാൽവെയ്‌പ്പും മമ്മൂട്ടിയുടെ സഹായത്തോട് കൂടിയായിരുന്നു. അവിടെവച്ചാണെല്ലോ മാഫിയാ ശശിയായത്. അതുകൊണ്ടാണ് തന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവിന് കാരണക്കാൻ മമ്മൂട്ടിയാണെന്ന് അദ്ദേഹം പറയുന്നത്.
61ലെത്തി നിൽക്കുമ്പോൾ മലയാള സിനിമയിലെ സംഘട്ടനങ്ങുടെ രാജശിൽപ്പിയായ മാഫിയ ശശി താൻ പൂർണ്ണ സംതൃപ്തനാണെന്ന് പറയുന്നു. പക്ഷേ ഫൈറ്റ് കലാകാരന്മാർക്കും, സ്റ്റണ്ട് മാസ്റ്റർമാർക്കും, മറ്റ് ഭാഷകളിൽ വലിയ അംഗീകാരം ലഭിച്ചപ്പോൾ ഇന്നും മലയാളത്തിൽ വേണ്ട അംഗീകരം ലഭിച്ചില്ലെന്ന് പലരും പറയുണ്ട്. പക്ഷേ ശശിക്ക് അതിലും പരാതിയില്ല.
കീരിക്കാടന്റെ ഗുരവായ ലാൽ
കമൽഹാസനും രജനികാന്തും തൊട്ട് ഇന്ത്യയിലെ ഒട്ടുമിക്ക താരങ്ങൾക്കുവേണ്ടിയും സംഘട്ടനരംഗങ്ങൾ ഒരുക്കിയിട്ടുണ്ട് മാഫിയാ ശശി. പക്ഷേ അതിൽ വിസ്മയിപ്പിച്ച ഒരാൾ നമ്മുടെ മോഹൻലാൽ ആണെന്നാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നത്.
'ലാലേട്ടന്റെ സ്‌റ്റൈൽ വേറെയാണ്. ഫൈറ്റ് സീനുകൾ മുൻപ് ചെയ്തിട്ടില്ലാത്ത ഒരാൾ ഒപ്പമുണ്ടെങ്കിൽ അയാളെക്കൊണ്ട് ലാലേട്ടൻ തന്നെ എല്ലാം ചെയ്യിച്ചോളും. വില്ലൻ റോളിൽ ഒരു പുതുമുഖമാണ് വരുന്നതെങ്കിൽ മറ്റുള്ളവർക്ക് ഒരു ഭയമുണ്ടാവും. നമുക്ക് അടി കൊള്ളുമോ എന്നൊക്കെ. ലാലേട്ടനാണെങ്കിൽ രീതി വ്യത്യസ്തമായിരിക്കും. ഒപ്പം നിന്ന് അവരെക്കൊണ്ട് ചെയ്യിപ്പിക്കും.' ഡ്യൂപ്പിനെ ഉപയോഗിക്കുന്നതിൽ താൽപര്യം കാട്ടാത്തയാളാണ് മോഹൻലാൽ എന്നും മാഫിയ ശശി പറയുന്നു. 'കിരീട'ത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻരാജ് ആ സമയത്ത് സംഘട്ടനരംഗങ്ങളെക്കുറിച്ച് ് അറിവുണ്ടായിരുന്നില്ല. മോഹൻലാലാണ് ഒപ്പം നിന്ന് എല്ലാം ചെയ്യിച്ചത്. പക്ഷേ ആ ഫൈറ്റ് അത്രയും പ്രശസ്തമായി. അത് ലാലേട്ടന്റെ ഒരു കഴിവാണ്.' -മാഫിയ ശശി ഒരു അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
റോപ്പ് ഉപയോഗിക്കുന്നതിൽ ഏറെ തൽപ്പരനാണ് മമ്മൂട്ടിയെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ''മമ്മൂക്കയുടെ ഒരു സ്‌റ്റൈൽ ഉണ്ട്. ഫൈറ്റ് സീനുകൾ റോപ്പിൽ ചെയ്യാൻ അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമാണ്. റോപ്പ് കൈയിൽ കിട്ടിയാൽ എല്ലാ ഷോട്ടും എടുത്തിട്ടേ റോപ്പ് വിടുകയുള്ളൂ. മമ്മൂക്കയുടെ ഫൈറ്റും നല്ല പവർ ഉള്ള ഫൈറ്റ് തന്നെയാണ്,'- മാഫിയ ശശി പറയുന്നു. ഈ എഴുപതാം വയസ്സിലും മമ്മൂട്ടിയുടെ ഫിറ്റ്നസ് കണ്ടുപഠിക്കേണതാണെന്നും അദ്ദേഹം പറയാറുണ്ട്.
ഇന്ദ്രൻസിന്റെ പൊളി അക്ഷൻ
നല്ല ഫിസിക്കൽ ഫീച്ചേഴ്സുള്ള നായകന്മാരെകൊണ്ട് ആക്ഷൻ ചെയ്യിക്കാൻ വലിയ ബുദ്ധിമുട്ടില്ല. എന്നാൽ മെല്ലിച്ച ശരീമുള്ള ഇന്ദ്രൻസിനെ കൊണ്ടുവരെ മാഫിയാ ശശി ആക്ഷൻ ചെയ്യിക്കും. അതാണ് അദ്ദേഹത്തിന്റെ മിടുക്ക്. ഉടൽ എന്ന സിനിമയിലെ സംഘട്ടന രംഗങ്ങൾ ഇത്രയെറെ നന്നായതിന്, ഇന്ദ്രൻസ് നന്ദി പറയുന്നത് മാഫിയാ ശിക്കാണ്. ''ഷൂട്ടിംഗിനിടയിൽ ഉടനീളം അടികൊണ്ട് വശം കെട്ട സിനിമയാണ് ഉടൽ. ഇത്തിരിപ്പോന്ന എന്നെക്കൊണ്ട് രണ്ടാഴ്‌ച്ചയിലേറെയാണ് മാഫിയ ശശി സാർ ആക്ഷൻ രംഗങ്ങൾ ചെയ്യിച്ചത്. അതത്രയും സ്‌ക്രീനിൽ നന്നായി വന്നിട്ടുണ്ട് എന്നറിഞ്ഞതിൽ സന്തോഷം''- ഇന്ദ്രൻസ് പറയുന്നു.
ആരോഗ്യമല്ല ടൈമിങ്ങാണ് സംഘട്ടന രംഗങ്ങൾക്ക് വേണ്ടത് എന്നാണ് മാഫിയായ ശശിയുടെ പക്ഷം. പുരുഷന്മാരേക്കൾ സ്ത്രീകൾ നന്നായി ആക്ഷൻ ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ''ഡാൻസിനുവേണ്ടി ശരീരം ശരിക്കും ഫ്ളക്സിബിൾ ആയിരിക്കുമെന്നത് യുവ നടിമാരുടെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ അവരെ എളുപ്പത്തിൽ ആക്ഷൻ ചെയ്യിക്കാൻ കഴിയും. വിജയശാന്തി, വാണി വിശ്വനാഥ് തുടങ്ങിയവരുടെ ആക്ഷൻ ഇഷ്ടമാണ്''- മാഫിയ ശശി പറയുന്നു.
''ഒരു ഹീറോ ആദ്യം വരുമ്പോൾ അവർക്ക് നമ്മുടെ ടൈമിങ് കിട്ടാൻ ബുദ്ധിമുട്ടാണ്. ഒന്ന് രണ്ട് സിനിമ കഴിയുമ്പോൾ അവർ പഠിക്കും. പിന്നെ ബുദ്ധിമുട്ടൊന്നും ഇല്ല. മലയാള സിനിമയെ സംബന്ധിച്ച് പരമാവധി മൂന്ന് മിനുട്ടിനുള്ളിലേ ഫൈറ്റ് വരുള്ളൂ. തമിഴിലും തെലുങ്കിലുമൊക്കെയാണെങ്കിൽ ക്ലൈമാക്‌സിലെ അര മണിക്കൂറിലേറെ നേരം ഫൈറ്റായിരിക്കും. ചേസിങ്ങും മറ്റും ചേർന്നതാവും ഇത്.
ഏത് സിനിമയാണെങ്കിലും ഡയരക്ടർ ആദ്യം നമ്മളോട് സബ്ജക്റ്റ് പറയും. നമ്മുടെ സ്വന്തം ഇഷ്ടത്തിന് ചെയ്യാൻ കഴിയില്ല. എന്താണോ വേണ്ടത് അത് അവർ പറയും. അതിന് അനുസരിച്ചാണ് ചെയ്തുകൊടുക്കുന്നത്.
ഓരോ നടന്മാർക്കും ഒരോ സ്റ്റെൽ ആണ്.മമ്മൂക്കയാണെങ്കിൽ അദ്ദേഹത്തിന് ഒരു സ്‌റ്റൈലുണ്ട്. അത് എനിക്കറിയാം. അതിനനുസരിച്ചാണ് സ്റ്റണ്ട് രംഗങ്ങൾ പ്ലാൻ ചെയ്യുക. ലാലേട്ടന്റെ സ്റ്റൈൽ വേറെ ആണ്. പൃഥ്വിരാജിന്റെ പവർ വേറെയാണ്. അത് നമ്മൾ പഠിക്കണം, മാഫിയ ശശി പറയുന്നു.സ്റ്റണ്ട് സ്വീകൻസുകൾ ചെയ്യുന്നതിനിടെ വലിയ അപകടങ്ങളൊന്നും ഇതുവരെ സംഭവിച്ചിട്ടില്ലെന്നും ഒരിക്കൽ ത്യാഗരാജന്മാസ്റ്ററുടെ സിനിമയിൽ വർക്ക് ചെയ്യുമ്പോൾ റോപ്പ് പൊട്ടി താഴെ വീണിട്ടുണ്ടെന്നും എന്നാൽ ഇന്ന് കാര്യങ്ങൾ കുറച്ചുകൂടി സേഫ് ആണ്്''- മാഫിയ ശശി ഒരു അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
സംഘട്ടനങ്ങളുടെ രാജശിൽപ്പി
എന്താണ് ആക്ഷൻ കോറിയോഗ്രാഫി എന്നത് ഇന്നും മലയാളികൾ വേണ്ട രീതിയിൽ അറിയില്ലെന്നത് വസ്തുതയാണ്. മനോഹരമായ ഒരു കലതന്നെ ആണിത്. എന്നാൽ ഒരു ആർട്ട് ഡയറക്ടർക്കോ, മ്യുസിക്ക് ഡയറക്ടർക്കോ കിട്ടുന്ന പരിഗണനയൊന്നും ആക്ഷൻ ടീമിന് കിട്ടാറില്ല. സിനിമയുടെ കഥയ്ക്ക് അനുയോജ്യമായ രീതിയിൽ ഒട്ടും കത്തിയാവാതെ വേണം സംഘട്ടന രംഗങ്ങൾ ഒരുക്കാൻ. അതിനായി നല്ല ഹോം വർക്ക് വേണം. ഒരേ പാറ്റേണിലുള്ള സാധനങ്ങൾ കണ്ടാലും പ്രേക്ഷകർക്ക് ബോറിടി വരും. അതിനാൽ വൈവിധ്യങ്ങൾ കൊടുക്കാൻ നിരന്തരം അപ്ഡറ്റേ് ചെയ്യണം. ഹോളിവുഡ് ആക്ഷൻ ചിത്രങ്ങൾ തൊട്ടുള്ളവ കാണണം. പുതിയ സാങ്കേതിക വിദ്യകളിൽ നല്ല അറിവ് വേണം. ഇങ്ങനെ വളരെയധികം ക്രിയേറ്റീവായ ഒരു മേഖലകൂടിയാണിത്. പക്ഷേ നമ്മുടെ പൊതുധാരണ അവർ വെറുതെ വന്ന് അടികൊള്ളുകയാണ് എന്നതാണ്.
മാഫിയാ ശശി ഒരു അഭിമുഖത്തിൽ പറയുന്നു. ''മറ്റ് ഭാഷകളെ അപേക്ഷിച്ച് റിയലസ്റ്റിക്ക് ആയ രീതിയിലാണ് മലയാള സിനിമയിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാറ്. മുൻ കാലത്തെ അപേക്ഷിച്ച് ഫൈറ്റിങ്ങിൽ വലിയ മാറ്റം വന്നു. പണ്ട് ഞങ്ങളുടെ ജോലി അപകടം പിടിച്ചതായിരുന്നു. അന്ന് ഇതുപോലെ സുരക്ഷ ഉപകരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ പച്ചക്ക് അങ്ങോട്ട് ചെയ്യുകയാണ്. ഉയരത്തിൽനിന്നുള്ള ചാടലും, ബൈക്ക് ജമ്പിങ്ങും, കാർറേസും ഒക്കെ കണ്ട് കൈയടിക്കുന്നവരിൽ എത്രപേർ ഇത് മനസ്സിലാക്കിയിരിക്കും. മരണം തൊട്ടുരുമ്മിപ്പോയ അനുഭവങ്ങളും ആദ്യകാലത്ത് ഉണ്ടായിട്ടുണ്ട്. പക്ഷേ ഭാഗ്യത്തിന് കാര്യമായ കുഴപ്പങ്ങൾ ഉണ്ടായിട്ടില്ല. ഇന്ന് ഒരുപാട് ടെക്ക്നോളജി വന്നു. ആക്ഷൻ രംഗങ്ങളിൽ നമുക്ക് ഒരുപാട് സുരക്ഷ നോക്കാൻ കഴിയുന്നുണ്ട്.''- ശശി പറയുന്നു.
മലയാള സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രഫി ചെയ്യാൻ പീറ്റർ ഹെയ്‌നെ പോലുള്ളവർ എത്തുന്നത് ഭീഷണിയല്ലേ എന്ന ചോദ്യത്തിന് ഒരിക്കലും അല്ല എന്നായിരുന്നു മാഫിയ ശശിയുടെ മറുപടി. ''നമുക്ക് കിട്ടേണ്ടത് നമുക്ക് കിട്ടും. ഒരാൾ വന്നതിന്റെ പേരിൽ അവസരങ്ങൾ ഇല്ലാതാകില്ല. നമ്മൾ ചെയ്തുവെച്ച കാര്യങ്ങളുണ്ടല്ലോ,'' മാഫിയ ശശി പറഞ്ഞു. മാഫിയാ ശശി മലയാള സിനിമയിൽ അറിയപ്പെടുന്നതും പാവങ്ങളുടെ പീറ്റർ ഹെയ്ൻ എന്ന പേരിലാണ്. കാരണം പീറ്റർ ഹെയ്നിന്റെ ബജറ്റ് ഒന്നും ഉൾക്കൊള്ളാൻ ആവാത്ത മലയാളത്തിൽ, മിനിമം ബജറ്റിൽ ഇത് ചെയ്യാൻ ശശിയെ കഴിഞ്ഞേ മറ്റൊരു നടൻ ഉള്ളൂ.
തല്ലൂവാങ്ങിക്കൂട്ടിയ നടൻ
80കളുടെ തുടക്കത്തിൽ തീപ്പൊരി നായകൻ ജയന്റെ പല പടങ്ങളും നോക്കിയാൽ കാണാം അതിൽ അടിവാങ്ങുന്ന മാഫിയാ ശശിയുടെ രൂപം. ഇന്നും അദ്ദേഹം ചെറിയ വേഷങ്ങൾ ചെയ്യുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായത്, മമ്മൂട്ടിയുടെ ബെസ്റ്റ് ആക്റ്റർ ആയിരുന്നു. അതിൽ മാഫിയാ ശശി എന്ന സ്റ്റണ്ട് മാസ്റ്റർ ആയി തന്നെയാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടി തോക്കെടുത്ത് വിരട്ടി, നീ വെറും ശശിയാണ് എന്ന് പറയുന്ന ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. അത് ആ കലാകാരനെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് സോഷ്യൽ മീഡിയിൽ വിമർശനം ഉയർന്നപ്പോഴും ശശി പ്രതികരിച്ചില്ല. അദ്ദേഹം അത് തമാശയായാണ് എടുത്തത്. നാലു പതിറ്റാണ്ട് തല്ലുവാങ്ങിക്കൂട്ടിയിട്ടും, ശശിക്ക് പരാതികൾ ഒന്നുമില്ല.
മാത്രമല്ല മറ്റുള്ളവരെ ഏറ്റവും കൺഫർട്ടബിൾ ആക്കുന്ന സ്റ്റണ്ട് മാസ്റ്റർ കൂടിയാണ് മാഫിയാ ശശിയെന്നാണ് കുടെ പ്രവർത്തിച്ചവർ പറയുന്നത്. നടൻ ജയാറം ഒരു അഭിമുഖത്തിൽ പറയുന്നു. '' സമയത്തിന് അനുസരിച്ച് ഷോട്ടകൾ തീർക്കാൻ കഴിയും എന്നതാണ് ശശിമാസ്റ്ററുടെ ഏറ്റവും വലിയ പ്രത്യേകത. നേരത്തെ ത്യാഗരാജൻ മാസ്റ്റർക്കും ഇതേ പ്രൊഫഷണലിസം ഉണ്ടായിരുന്നു. മൂന്നും നാലും സെറ്റുകളിലൊക്കെ നസീർ സാർ ഓടി അഭിനയിക്കുമ്പോൾ, മാസ്റ്റർ ചോദിക്കുമത്രേ, എത്ര സമയം ഉണ്ടെന്ന്. നസീർസാർ ഉച്ചവരെ എന്ന് പറഞ്ഞാൽ അതിനുള്ളിൽ ത്യാഗരാജൻ മാസ്റ്റർ തീർത്തിരിക്കും. അതേ രീതിയാണ് ശശി മാസ്റ്റർക്കും. വന്നാലുടനെ ചോദിക്കുക, എത്രസമയം സെറ്റിലുണ്ട് എന്നതാണ്. അത് അനുസരിച്ച് വർക്ക് തീർക്കും''- ജയറാം പറഞ്ഞു.
ഇതേ അനുഭവം തന്നെയാണ് മമ്മൂട്ടിയും ലാലും തൊട്ട് യുവ തലമുറയിലെ പ്രഥീരാജിനും ദുൽഖറിനുമൊക്കെ പറയാനുള്ളത്. പുതിയ താരങ്ങളിൽ നന്നായി ആക്ഷൻ ചെയ്യുന്നവരെ കുറിച്ചുള്ള ചോദ്യത്തിന് മാഫിയായ ശശി ഒരു അഭിമുഖത്തിൽ എടുത്ത പറഞ്ഞ പേര് പൃഥീരാജിന്റെതാണ്. ശരിക്കും ഒരു ഫയർ അദ്ദേഹത്തിന്റെ ആക്ഷൻ രംഗങ്ങളിൽ ഉണ്ട് എന്നാണ്, ഒരുപാട് ഹീറോകളെ കണ്ട, ജാക്കിചാന്റെയും, ജറ്റ്ലിയുടെയും ആരാധകനായ ഈ സ്റ്റണ്ട് മാസ്റ്റർക്ക് പറയാനുള്ളത്.
അതുപോലെ പുതിയ തലമുറയിലെ നടന്മാരെക്കുറിച്ചും മാഫിയാ ശശിക്ക് നല്ലത് മാത്രമേ പറയാനുള്ളൂ. പ്രണവ് മോഹൻലാലുമായി ഉണ്ടായ ഒരു അനുഭവം അദ്ദേഹം ഇങ്ങനെ പങ്കുവെക്കുന്നു. '' ഒരിക്കൽ രാത്രി ഞാനും പ്രണവും കൂടി വീട്ടിലേക്ക് വരികയായിരുന്നു. പ്രണവിനെ വീട്ടിൽ വിട്ടിട്ടുവേണമായിരുന്നു എനിക്ക് വീട്ടിൽ പോകാൻ. അങ്ങനെ ലാലേട്ടന്റെ വീട്ടിന് മുന്നിലെത്തി. അതിന്റെ ഗേറ്റ് ഏറെ ഉയരമുള്ളതാണ്. പക്ഷേ കാറിൽനിന്ന് ഇറങ്ങിയ പ്രണവ് ഒറ്റ നിമിഷം കൊണ്ട് തന്റെ ബാഗ് അകത്തേക്ക് ഇട്ടു. എന്നിട്ട് ഗേറ്റിന് മുകളിലൂടെ ഒറ്റച്ചാട്ടത്തിന് അകത്ത് കടുന്നു. എന്താ ഗേറ്റ് തുറന്ന് കേറാത്തത് എന്ന് ഞാൻ ചോദിച്ചു. വാച്ച്മാൻ ഉറങ്ങിക്കോട്ടെ, വെറുതെ അയാളെ ശല്യപ്പെടുത്തേണ്ട എന്നായിരുന്നു, പ്രണവിന്റെ മറുപടി. ആരെയും ശല്യപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പ്രത്യേക വ്യക്തിത്വമാണ് അവന്റെത്''- മാഫിയാ ശശി ചൂണ്ടിക്കാട്ടുന്നു.
അതുപോലെ സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ആളാണ് അദ്ദേഹം. താരങ്ങളുടെ മാത്രമല്ല ഡ്യൂപ്പിന്റെയും സുരക്ഷ ശശിക്ക് പ്രധാനമാണ്. അതുകൊണ്ടുതന്നെ ടൈമിങ്ങിനെക്കുറിച്ച് സമയം എടുത്ത്, ജൂനിയേഴ്സിനെ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകനായി പല സെറ്റുകളിലും നിങ്ങൾക്ക് മാഫിയാ ശശിയെ കാണാം. ടൈമിങ്ങ് എന്ന് പറയുന്നതിനെ അങ്ങനെ നിസ്സാരമായി കാണേണ്ട. മഹാഭാരതത്തിലെ ദ്യുരോധനനായി പിന്നീട് ശ്രദ്ധേയനായ നടൻ പുനിത് ഇസാറിൽനിന്ന്, ഒരു ഇടി ടൈമിങ്ങ് തെറ്റി കിട്ടിയാണ, സൂപ്പർ താരമായിരിക്കേ അമിതാ ബച്ചൻ ഗുരുതരാവസ്ഥയിലായത്. ബച്ചൻ മരിച്ചുവെന്നുവരെ ഒരുവേള വാർത്തകൾ വന്നിരുന്നു. അത്തരം അപകടങ്ങൾ വരാതിരിക്കാൻ, നിതാന്ത ശ്രദ്ധയും ജാഗ്രതയും പുലർത്തുന്ന വ്യക്തിയാണ് മാഫിയാ ശശി.
ഇപ്പോൾ ശശിക്ക് കിട്ടിയ ഈ ദേശീയ പുരസ്‌ക്കാരം, ആക്ഷൻ കോറിയോഗ്രാഫർമാരുടെ കഷ്ടപ്പാടിനെക്കുറിച്ച് മനസ്സിലാക്കാനുള്ള ഒരു അവസരമായി എടുക്കാം. അദ്ദേഹത്തിന്റെ നാൽപ്പതുവർഷത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഇത്. മടിച്ചു നിൽക്കാതെ മാഫിയാ ശശിയുടെ അവാർഡിനെ ആഘോഷിക്കാനും, മലയാള സിനിമാലോകത്തിന് കഴിയണം.
വാൽക്കഷ്ണം: ഒരോ പേരിനും ഒരോ കാലത്തും വരുന്ന രൂപാന്തരങ്ങൾ നോക്കണം. 'ചതിക്കാത്ത ചന്തു' എന്ന സിനിമയിലെ സലിംകുമാറിന്റെ തിരുവിതാംകൂർ മഹാരാജാവ് ശശി എന്ന ഒറ്റ കോമഡി വഴിയാണ് ആ പേര് തേഞ്ഞുപോയത്. ശശി എന്ന് പേരുള്ളതുകൊണ്ട് ഇപ്പോൾ എന്തെങ്കിലും അപകർഷതകൾ ഉണ്ടോ എന്നൊരാൾ ഒരു അഭിമുഖത്തിൽ ചോദിക്കുന്നത് കേട്ടു. 'അതിലൊക്കെ എന്തുകാര്യം' എന്നായിരുന്നു ചിരിച്ചുകൊണ്ട് മാഫിയാ ശശിയുടെ മറുപടി. ഒന്നിലും പരാതികളും പരിഭവങ്ങുമില്ലാത്തയാൾ. ഈ മനുഷ്യനെ ആദരിച്ചില്ലെങ്കിൽ 'ശശിയാവുന്നത്' മലയാള സിനിമ തന്നെയാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ