ന്യൂഡൽഹി: ഒരു കാലത്ത് സിപിഎമ്മിന്റെ ഭാഗമായിരുന്ന രണ്ട് പേരാണ് ഇത്തവണ കേന്ദ്ര ഹജ്ജ് കമ്മറ്റിയുടെ ഭാരവാഹികളായിരിക്കുന്നത്. ചെയർമാൻ അബ്ദുള്ളക്കുട്ടിയും രണ്ട് വൈസ് ചെയർപേഴ്സൺമാരിൽ ഒരാളുമായ മഫൂജ ഖാത്തൂനുമാണ് നേരത്തെ സിപിഎം നേതാക്കളായിരുന്നവർ.

ഉംറയ്ക്ക് പോയതിന് സിപിഎം പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടിയെ ഹജ്ജ് കമ്മിറ്റി ചെയർമാനാക്കിയാണ് ബിജെപി നിർണായക ചുമതല നൽകിയതെങ്കിൽ സമാനമായ തലത്തിലേക്കാണ് മഫൂജ ഖാത്തൂനും നൽകിയത്. ഒരിക്കൽ ഉംറ കർമ്മത്തിന് കുടുംബസമേതം പോയതിനാണ് സിപിഎം പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ ഹജ്ജ് കമ്മിറ്റി ചെയർമാനാക്കിയത്.

അബ്ദുള്ളക്കുട്ടി എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. 1998ൽ എസ്എഫ്ഐ സംസ്ഥാന അദ്ധ്യക്ഷനായിരുന്നു. കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ നിന്ന് 1999ലും 2004ലും വിജയിച്ചു. കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെയാണ് പരാജയപ്പെടുത്തിയത്.

2009ൽ നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡലിനെ പ്രകീർത്തിച്ചതിനെ തുടർന്ന് സിപിഎമ്മിൽ നിന്ന് അബ്ദുള്ളക്കുട്ടിയെ പുറത്താക്കുകയായിരുന്നു. അതേ വർഷം തന്നെ കോൺഗ്രസിൽ ചേർന്ന അബ്ദുള്ളക്കുട്ടി കണ്ണൂർ നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭയിലുമെത്തി.

2016ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി തലശേരി നിയോജക മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2019ൽ ബിജെപിയിൽ ചേർന്നു. 2020ൽ അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉപാദ്ധ്യക്ഷനാക്കുകയും ചെയ്തു.

ദക്ഷിണ ദിനാജ്പൂരിലെ കുമാർഗജ്ഞ് നിയോജക മണ്ഡലത്തിൽ നിന്ന് രണ്ട് തവണ വിജയിച്ച സിപിഎം നേതാവായിരുന്നു മഫൂജ ഖാത്തൂൻ. 2017ൽ മഫൂജ ബിജെപിയിൽ ചേരുകയായിരുന്നു. പാർട്ടിയിൽ ചേർന്ന് ആറ് മാസത്തിനകം മഫൂജയെ ബിജെപി ന്യൂനപക്ഷ മോർച്ച ഉപാദ്ധ്യക്ഷയാക്കി.

ദിനാജ്പൂർ, മുർഷിദാബാദ് ജില്ലകളിൽ മഫൂജക്കുള്ള വലിയ ജനപ്രീതിക്കും സംഘാടക മികവിനും ഉള്ള അംഗീകാരമായാണ് ഈ സ്ഥാനലബ്ദിയെ അന്ന് നിരീക്ഷകർ വായിച്ചത്. മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ സ്വാധീനം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി മഫൂജയെ പാർട്ടിയിലെത്തിച്ചത്. മഫൂജയുടെ യൂ ട്യൂബ് വീഡിയോകൾക്കും വലിയ കാഴ്ചക്കാരാണുള്ളത്.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മുർഷിദാബാദിലെ ജംഗിപൂർ മണ്ഡലത്തിൽ മഫൂജയെ ബിജെപി സ്ഥാനാർത്ഥി. സംസ്ഥാനത്ത് ബിജെപിയുടെ ആദ്യ മുസ്ലിം ലോക്സഭ സ്ഥാനാർത്ഥിയായിരുന്നു മഫൂജ. തെരഞ്ഞെടുപ്പിൽ മഫൂജക്ക് വിജയം നേടാൻ കഴിഞ്ഞില്ല.

വൈസ് ചെയർപേഴ്സൺമാരിൽ മറ്റൊരാൾ തമിഴ്‌നാട്ടിൽ നിന്നുള്ള മുനവരി ബീഗമാണ്. രണ്ട് ദശാബ്ദമായി ബിജെപിയുടെ ഭാഗമാണ് മുനവരി. ഇപ്പോൾ കേന്ദ്ര വഖഫ് കൗൺസിൽ അംഗവും ന്യൂനപക്ഷ വകുപ്പിന് കീഴിലുള്ള മൗലാന ആസാദ് ഫൗണ്ടേഷൻ ജനറൽ ബോഡി അംഗവുമാണ്.