തിരുവനന്തപുരം: മാരകവിഷാംശം കണ്ടെത്തിയ മാഗി നൂഡിൽസിന്റെ നിരോധനം കോടതി നീക്കിയതോടെ കേരളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു. നവംബറിൽ പരസ്യങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം ആർജിച്ച് ഡിസംബറോടു കൂടി കേരള വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിന് മുന്നോടിയായി നെസ്ലെയുടെ വിതരണക്കാർക്ക് വൻവാഗ്ദാനങ്ങളും പ്രഖ്യാപിക്കാനാണ് നീക്കം.

സോഷ്യൽ മീഡിയകൾ അടക്കമുള്ള മാദ്ധ്യമങ്ങളിലൂടെ നെസ്ലെ മാഗിയുടെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് അണിയറയിൽ കമ്പനി ഒരുക്കുന്നത്. മാഗി ആരോഗ്യത്തിന് ദോഷകരമല്ല എന്ന് സ്ഥാപിക്കുന്ന തരത്തിലുള്ള പരസ്യങ്ങളുടെ നിർമ്മാണത്തിന് മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരങ്ങളെ സമീപിച്ചെങ്കിലും ആരും തന്നെ സമ്മതിച്ചിട്ടില്ല. അതിനിടെ കേരളത്തിൽ മാഗിക്ക് ഏർപ്പെടുത്തിയ നിരോധനം തുടരാനാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി അനൂപ് ജേക്കബ് കഴിഞ്ഞ ദിവസം വ്യക്തമാക്കി കഴിഞ്ഞു.

എന്നാൽ സർക്കാർ ഔട്‌ലെറ്റുകളിൽ മാത്രമേ സർക്കാരിന് നിരോധിക്കാൻ കഴിയൂ എന്നാണ് മാഗിയുടെ വിലയിരുത്തൽ. സപ്ലൈകോ, കൺസ്യൂമർ ഫെഡ് തുടങ്ങിയ ഇടങ്ങിൽ മാത്രമേ അനൂപ് ജേക്കബിന് ഇടപെടാൻ കഴിയൂ. ഈ സാഹചര്യത്തിലാണ് മലയാള സിനിമാ താരങ്ങളെ അണി നിരത്തി പരസ്യ ചിത്ര നിർമ്മാണത്തിന് മാഗി ശ്രമം തുടങ്ങിയത്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ പ്രമുഖരെ തന്നെ സമീപിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ മാഗിയുടെ പരസ്യത്തിൽ അഭിനയിക്കാൻ ഇല്ലെന്നായിരുന്ന അവർ അറിയിച്ചതെന്നാണ് സൂചന. ഇതോടെ ന്യൂജെനറേഷൻ താരങ്ങളെ തേടാൻ മാഗി തീരുമാനിച്ചിട്ടുണ്ട്. നവിൻ പോളി ഉൾപ്പെടെയുള്ളവർ സമ്മതം അറിയിച്ചില്ല. ഇതോടെ ഈ നീക്കവും പൊളിഞ്ഞു.

എന്തുവന്നാലും ഈ വർഷം കേരളത്തിൽ മാഗി എത്തിക്കാൻ തന്നെയാണ് നെസ്ലെയുടെ തീരുമാനം. അതിൽ നിന്ന് പിന്നോട്ട് പോവുകയുമില്ല. വലിയ ഓഫറുകൾ നൽകി സിനിമാ താരങ്ങളെ ആകർഷിക്കാനും പദ്ധതിയുണ്ട്. നെസ്ലെ മാഗിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പൂർണമായും മാറ്റി കൊണ്ടായിരിക്കും മാഗി വീണ്ടും വിപണിയിൽ എത്തിക്കുന്നതെന്ന് നെസ്ല ഇന്ത്യ ഡയറക്ടർ സുരേഷ് നാരായൺ പറഞ്ഞു. ' നിലവിലുള്ള ഫോർമുലയിൽ തന്നെയായിരിക്കും പുനർനിർമ്മിക്കുക. ചേരുവകളിലും മാറ്റമുണ്ടാകില്ലെന്നും' ഇദ്ദേഹം വ്യക്തമാക്കുന്നു.

450 കോടി രൂപ വിറ്റുവരുവുണ്ടായിരുന്ന നെസ്ലെ മാഗി നൂഡിൽസിൽ ഈയത്തിന്റെ അംശം കൂടുതലായി കണ്ടെത്തിയതിനെ തുടർന്നാണ് മുംബൈ ഹൈക്കോടതി മാഗിയുടെ വിൽപന നിരോധിച്ചത്. കോടതി ഉത്തരവിനെ തുടർന്ന് 30000 ടൺ മാഗി നൂഡിൽസാണ് നശിപ്പിച്ചത്. ഇതിന് വിപണിയിൽ 320 കോടി രൂപ വിലവരും. സിമന്റ് നിർമ്മിക്കാനുള്ള ഇന്ധനമായിട്ടാണ് പല സംസ്ഥാനങ്ങളും നിരോധിക്കപ്പെട്ട മാഗി ഉപയോഗിച്ചത്.

'എൻ.എ.ബി.എല്ലിന്റെ അംഗീകാരമുള്ള ലബോറട്ടറികളിൽ പരിശോധിച്ച ശേഷമായിരിക്കും മാഗി വീണ്ടും വിപണികളിൽ എത്തിക്കുക. പഞ്ചാബ്, ഹൈദരാബാദ്, ജയ്പൂർ എന്നിവടങ്ങളിലെ ലബോറട്ടറികളിലാണ് പരിശോധന നടത്തുക. മുമ്പുണ്ടായിരുന്നതിനേക്കാൾ മികച്ച ഗുണനിലവാരത്തിൽ മാഗി വിപണിയിൽ എത്തിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മാസത്തോടെ ഗുണനിലവാര പരിശോധനകളടക്കമുള്ളവയുടെ അനുമതി ലഭിക്കും. അനുമതി ലഭിച്ചശേഷം ആറാഴ്ച പരീക്ഷണാർഥത്തിൽ ഉൽപാദനം നടത്തിയശേഷമായിരിക്കും പൂർണതോതിലുള്ള ഉൽപാദനം ആരംഭിക്കുകയുള്ളുവെന്നും' സുരേഷ് നാരായൺ വ്യക്തമാക്കി.

മാഗി നൂഡിൽസിൽ അപകടരമായ ചേരുവകളില്ലെന്ന് മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്‌നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് വീണ്ടും വിപണിയിലേക്ക് മാഗി നൂഡിലിൽസ് എത്തിക്കാനുള്ള ശ്രമം കമ്പനി ആരംഭിച്ചത്.