കൊച്ചി: ഉത്തരേന്ത്യക്കാരനായ ഒരു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുടെ കണ്ടെത്തലിന്റെ ഫലമായാണ് ആഗോള ഭീമനായ നെസ്‌ലേയുടെ മാഗിയെ താൽക്കാലികമായെങ്കിലും ഇന്ത്യയിൽനിന്നു കെട്ടുകെട്ടിച്ചത്. പക്ഷേ, കേരളത്തിൽ മാഗിയുടെ പരിശോധന നടത്തിയപ്പോൾ ഒന്നും കണ്ടെത്തിയില്ല.

മാഗിയെന്നല്ല, കഴിച്ചാൽ ഉടൻ തട്ടിപ്പോകുന്ന വിഷവസ്തു ചേർത്ത് ഭക്ഷണപദാർത്ഥം തയാറാക്കിയാലും കേരളത്തിലെ പരിശോധനയിൽ കണ്ടെത്തിയെന്നു വരില്ലെന്നാണു വിദഗ്ദ്ധർ പറയുന്നത്. കാരണം നിലവിലുള്ള ഭക്ഷ്യസുരക്ഷാ നിലവാരനിയമം ഉപയോക്താക്കൾക്കു വേണ്ടിയുള്ളതല്ല, നിർമ്മാതാക്കൾക്കു വേണ്ടിയാണ്. പണം കൊടുത്താൽ എന്തു പരസ്യവും കാണിക്കാൻ തയ്യാറാകുന്ന ചാനലുകാരും ഇവർക്കൊപ്പമുണ്ട്.

മാഗി കഴിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും അതിൽ വലിയ അളവിൽ ചേർത്തിരുന്ന ഈയവും അജിനാമോട്ടോയുമെല്ലാം വാർത്തകളിൽ നിറഞ്ഞെങ്കിലും മലയാളത്തിലെയടക്കം പല ചാനലുകളിലും മാഗിയുടെ പരസ്യം ഇന്നലെവരെ കൊണ്ടാടിയിരുന്നു. ഇന്നുമുണ്ടാകുമോയെന്നറിയില്ല. പരസ്യത്തിൽ അഭിനയിച്ച താരങ്ങൾക്കെതിരെ കോടതി കേസെടുത്തപ്പോഴും പണക്കൊതി പൂണ്ട ചാനലുകൾ പരസ്യം കാണിച്ചിരുന്നു. ഇതിലെ യുക്തി തിരുവനന്തപുരം ആസ്ഥാനമായുള്ള ചാനലിനോട് വിളിച്ചപ്പോൾ കിട്ടിയ മറുപടി ഇതാണ്- പരസ്യത്തിൽ അഭിനയിച്ചവർക്കെതിരെ കേസെടുത്തതും മാഗി കഴിച്ചാൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെന്നതും പരസ്യം കാണിക്കുന്നതിന് തടസ്സമല്ല, കാരണം പരസ്യം നിരോധിച്ചിട്ടില്ല, എന്നാണ്.

വിഷമെന്നു കണ്ടെത്തിയ ഒരു ഉൽപ്പന്നത്തിന്റെ പരസ്യം പോലും ഒരു സാമൂഹ്യ പ്രതിബദ്ധതയുമില്ലാതെ പ്രദർശിപ്പിക്കാൻ ചാനലുകൾ വരെ മത്സരിക്കുമ്പോൾ മായവും വിഷവും ചേർത്ത് വിപണിയിലേക്കെത്തുന്ന മറ്റ് ഉൽപ്പന്നങ്ങൾ പരിശോധിച്ചു കണ്ടെത്താൻ നമ്മുടെ നാട്ടിൽ നിയമം മാത്രമേയുള്ളൂ, അതു നടപ്പിലാക്കാൻ കഴിയില്ല. പൊതുജനാരോഗ്യത്തിനു ഹാനികരമാകുന്ന ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി നടപടിയെടുക്കാനാണ് ഭക്ഷ്യസുരക്ഷാ നിലവാരനിയമം. പിടികൂടുന്ന ഭക്ഷ്യവസ്തുക്കളുടെ സ്റ്റാറ്റിയൂട്ടറി സാമ്പിൾ ശേഖരിക്കാൻ അനുമതി നൽകാത്തതുകൊണ്ട് ഈ നിയമം വെറുമൊരു കടലാസ്പുലിയായി. പിടിച്ചെടുക്കുന്ന വസ്തുവിന്റെ സ്റ്റാറ്റിയൂട്ടറി സാമ്പിൾ ശേഖരിക്കുന്നതിനു രണ്ടു വർഷമായി വിലക്ക് ഏർപ്പെടുത്തിരിക്കുകയാണ്.

തികച്ചും ശാസ്ത്രീയമായി വേണം സ്റ്റാറ്റിയൂട്ടറി സാമ്പിൾ എടുക്കേണ്ടത്. ഇതിന് ഫുഡ് സേഫ്റ്റി ഇൻസ്‌പെക്ടർക്ക് അധികാരമുണ്ടെങ്കിലും നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതി വേണം. പക്ഷേ വലിയ കമ്പനികളാണെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതി ലഭിക്കില്ലെന്ന് ഫുഡ് സേഫ്റ്റി ഇൻസ്‌പെക്ടർമാർ പറയുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ചില ഉന്നതരും ഭക്ഷ്യോൽപാദന വിതരണരംഗത്തെ വൻകിടക്കാരും തമ്മിലുള്ള ബന്ധം കാരണം ജനങ്ങൾ വിഷം കഴിക്കേണ്ട അവസ്ഥയാണ്. ഈ നിയമം വന്ന ശേഷമാണ് സ്റ്റാറ്റിയൂട്ടറി സാമ്പിൾ ശേഖരിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ അനുമതി ആവശ്യമായി വന്നത്.

പരസ്യത്തിന്റെ മിടുക്ക് കൊണ്ട് സംസ്ഥാനത്തെ വീട്ടമ്മമാരുടെ ചുണ്ടിൽ തത്തിക്കളിക്കുന്നതും ഏറ്റവും മികച്ചതെന്നു കരുതുന്നതുമായ ഒരു കറി പൗഡർ കമ്പനിയുടെ മുളകുപൊടിയിൽ അർബുദത്തിന് കാരണമാകുന്ന സുഡാൻ ഡൈയുടെ അംശം കണ്ടെത്തിയിരുന്നു. ഇതു വാർത്തയായില്ലെന്നു മാത്രമല്ല കമ്പനിക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. ഈ കറി പൗഡർ വീട്ടമ്മമാർ ഇപ്പോഴും വളരെ താത്പര്യപൂരവം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

വെള്ള അരിയെ ചുവന്ന അരിയാക്കാൻ റെഡ് ഓക്‌സൈഡ്, വെളിച്ചെണ്ണയിൽ പാരഫിൻ, മഞ്ഞളിൽ ക്രോമിയവും തുണി ഡൈ ചെയ്യുന്ന റോഡമിൻ ബി, പയറുവർഗങ്ങളും പലവ്യഞ്ജനങ്ങളും കേടാകാതിരിക്കാൻ കീടനാശിനികളും രാസ വസ്തുക്കളുമൊക്കെ പ്രയോഗിക്കുന്നുണ്ട്. മത്സ്യം, ഭക്ഷണ ശാലകൾ, കുടിവെള്ളം, ബേക്കറി, ഭക്ഷണനിർമ്മാണ സ്ഥലങ്ങൾ തുടങ്ങിയയിടങ്ങളിലെല്ലാം പേരിന് പരിശോധന നടത്താമെങ്കിലും സാമ്പിൾ ശേഖരിക്കാൻ അനുമതിയില്ലാത്തതിനാൽ നടപടികൾ ഉണ്ടാകുന്നില്ല.

തമിഴ്‌നാട്ടിൽനിന്ന് അതിർത്തി കടന്നെത്തുന്ന പച്ചക്കറിയിലെ വിഷത്തെക്കുറിച്ചു ചിന്തിക്കുന്നതിനെക്കാൾ മലയാളികൾ ഗൗരവമായി ചിന്തിക്കേണ്ടത് ടി.വിയിലെ പരസ്യം കണ്ട് വാങ്ങിക്കഴിക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ചാണെന്നാണ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്. കുട്ടികൾക്ക് പ്രിയങ്കരമായ ലെയ്‌സ് പോലുള്ളവയിൽ പ്ലാസ്റ്റിക് ഉണ്ടെന്നു കണ്ടെത്തിയിട്ടും വിൽപ്പന തകൃതിയാണ്.