ആലപ്പുഴ: താലികെട്ടാൻ മുഹൂർത്തം അടുത്തു.. കാരണവന്മാരും ബന്ധുക്കളും നാട്ടുകാരുമെല്ലാം താലികെട്ട് വീക്ഷിക്കാൻ തയ്യാറായി കാത്തിരിക്കുന്നു. തിരൂർ ജയങ്കറിന്റെ നേതൃത്വത്തിൽ നാദസ്വരവും മുറുകി.. എന്നിട്ടും വധുവിനെയും വരനെയും മാത്രം കാണാനില്ല. മുഹൂർത്തം മുടങ്ങുമല്ലോയെന്ന് കാരണവന്മാർ പറഞ്ഞു തുടങ്ങി. ബന്ധുക്കളിൽ ചിലരുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു. ചുരുക്ക നേരം കൊണ്ട് എല്ലാവരും പറഞ്ഞു വധുവിനെ കാണാനില്ല..! വരനും അപ്രത്യക്ഷനായി.. എന്താണ് സംഭവിച്ചത്. ചിലർ വധൂവരന്മാരെ തിരക്കി പോകാൻ ഒരുങ്ങിയപ്പോൾ അതാ മണ്ഡപത്തിലെ പുകപടലങ്ങൾക്കിടയിൽ കുപ്പുകൈയുമായി വധു പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

വധു വന്നതോടെ പലർക്കും ആശ്വാസം, എന്നാൽ വരൻ എവിടെ എന്നതായി അടുത്ത ചോദ്യം. അതിന് പരിഹാരവും വധു തന്നെ കണ്ടെത്തി. ചിരിച്ചു കൊണ്ട് മണ്ഡപത്തിന് സമീപത്തെ താമരമൊട്ടിലേക്ക് കൈനീട്ടി. താമര വിരിഞ്ഞപ്പോൾ പുറത്തുവന്നത് വരനും. ഹരിപ്പാട് നടന്ന ഒരു മായാജാല ക്കല്യാണത്തിന്റെ കഥയാണ് പറത്തുവരുന്നത്. മജീഷ്യ അമ്മുവിന്റെ വിവാഹമാണ് മാജാജാലങ്ങളുടെ അകമ്പടിയോടെ തന്നെ ഗംഭീരമായ നടന്നത്.

നങ്ങ്യാർകുളങ്ങരയിലെ ഓഡിറ്റോറിയത്തിൽ ഇന്നലെയാണ് മുതുകുളം വടക്ക് തംബുരുവിൽ രാജശേഖരൻ പിള്ളയുടെയും ശ്രീലതയുടെയും മകളായ അമ്മുവും കോട്ടയം എരുവിച്ചിറ ഉഷസിൽ ഓമനക്കുട്ടൻ നായരുടെയും ഉഷാകുമാരിയുടെയും മകൻ വി.ആനന്ദുമായുള്ള വിവാഹം നടന്നത്. ചെറുപ്പം മുതൽക്കേ മാജിക് അഭ്യസിച്ച് ശീലിച്ച അമ്മുവെന്ന 'മായാജാലക്കാരി' തന്റെ വിവാഹത്തിൽ വ്യത്യസ്തത കണ്ടെത്തിയതും മാജിക്കിന്റെ വഴിയേ തന്നെയായിരുന്നു. മുൻകൂട്ടിയുള്ള പ്ലാനിംഗോടെയാണ് വിവാഹ വേദിയിൽ അമ്മു മായാജാലം കാട്ടിയത്. വരന്റെയും അടുത്ത ബന്ധുക്കളുടെയുമൊക്കെ സമ്മതവും ഇതിനുണ്ടായിരുന്നു.

രാവിലെ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിഞ്ഞതിന് ശേഷമാണ് ഓഡിറ്റോറിയത്തിൽ വിശിഷ്ടാതിഥികളുടെ മുമ്പിൽ വച്ച് മാജിക് ഷോയുടെ അകമ്പടിയിൽ വീണ്ടും വിവാഹം നടന്നത്. വധു മജീഷ്യ അമ്മുവായതിനാൽ എല്ലാവരും എന്തെങ്കിലും ഒരു സർപ്രൈസ് പ്രതീക്ഷിച്ചിരുന്നു. എന്തായാലും വിവാഹം കൂടാൻ എത്തിയവർക്ക് മാജിക്ക് ഫ്രീയായി കാണാൻ പറ്റി. ആർട്ടിസ്റ്റ് സുജാതനാണ് വിവാഹദേവിയിൽ മാജിക്കിന് ഉതകുന്ന വിധത്തിൽ സംവിധാനങ്ങൾ ഒരുക്കിയത്.

ഏഴാമത്തെ വയസ് മുതലാണ് അമ്മ മാജിക്ക് പഠിച്ചു തുടങ്ങിയത്. ഫയർ എസ്‌കേപ്പ് അടക്കമുള്ള മാജിക്കുകൾ അവതരിപ്പിച്ചിട്ടുണ്ട്. നാഷണൽ ഹൈവേയിലൂടെ കൺകെട്ടി ബൈക്കോടിച്ചു. കവി കടമനിട്ടയുടെ കവിതകളെ ആസ്പദമാക്കി മാജിക് പരിപാടികളു അമ്മു വതരിപ്പിച്ചിട്ടുണ്ട്. എന്തായാലും വിവാഹ വേദിയിലും മാജിക്കിനോടുള്ള പ്രേമം പ്രകടിപ്പിച്ച അമ്മു ഏവരുടെയും കൈയടി നേടി.

നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ, സൂര്യ കൃഷ്ണമൂർത്തി, മജീഷ്യന്മാരായ സാമ്രാജ്, ആർ.കെ.മനയത്ത്, എ.ഡി.ജി.പി ആർ.ശ്രീലേഖ തുടങ്ങി നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.