- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യബോധവൽക്കരണത്തിന് 'ഹാൻഡ്സു'മായി മജീഷ്യൻ നാഥ്
മാജിക് എന്നും മലയാളികൾക്ക് വിസ്മയം സമ്മാനിക്കുന്ന കലാരൂപമാണ്. കഴിഞ്ഞ 34 വർഷമായി ഈ രംഗത്തുള്ള വ്യക്തിയാണ് മജീഷ്യൻ നാഥ്. മദ്യം, മയക്കുമരുന്ന്, എയ്ഡ്‌സ്, ക്യാൻസർ, പുകവലി, റോഡപകടം, മാലിന്യം ഉയർത്തുന്ന ആരോഗ്യപ്രശ്‌നങ്ങൾ, പ്രമേഹം എന്നിവയ്‌ക്കെതിരെയും ഊർജസംരക്ഷണത്തിനായും ബോധവൽക്കരണ മാജിക്‌ഷോ അവതരിപ്പിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. കേരള
മാജിക് എന്നും മലയാളികൾക്ക് വിസ്മയം സമ്മാനിക്കുന്ന കലാരൂപമാണ്. കഴിഞ്ഞ 34 വർഷമായി ഈ രംഗത്തുള്ള വ്യക്തിയാണ് മജീഷ്യൻ നാഥ്. മദ്യം, മയക്കുമരുന്ന്, എയ്ഡ്‌സ്, ക്യാൻസർ, പുകവലി, റോഡപകടം, മാലിന്യം ഉയർത്തുന്ന ആരോഗ്യപ്രശ്‌നങ്ങൾ, പ്രമേഹം എന്നിവയ്‌ക്കെതിരെയും ഊർജസംരക്ഷണത്തിനായും ബോധവൽക്കരണ മാജിക്‌ഷോ അവതരിപ്പിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം.
കേരളത്തിൽ ആദിവാസി ഊരുകൾ, മത്സ്യത്തൊഴിലാളികൾ, തെരുവുകൾ, ജയിലുകൾ, സ്‌കൂൾ, കോളേജ് എന്നിവിടങ്ങളിൽ മാജിക് ഷോയുമായി മജിഷ്യൻ നാഥ് എത്താറുണ്ട്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലെ ഗവൺമെന്റ് സ്‌കൂളുകൾ പലതും സർക്കാരിന്റെ ശ്രദ്ധ കിട്ടാതെയും പല ആനുകൂല്യങ്ങളും വാഗ്ദാനത്തിൽ ഒതുങ്ങിയും കടന്നു പോകുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
സർക്കാരിന്റെ പരിപാടികൾ പലതും ക്രിയേറ്റീവായി ചെയ്യുന്നതിനു പകരം പല പത്രങ്ങളിലും പരസ്യങ്ങൾ നൽകിമാത്രം ഒഴിവാക്കുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. കേരളത്തിൽ ആരോഗ്യശാസ്ത്രം വളരെ വേഗം വളരുന്നുണ്ട്. അതിന്റെ പ്രയോജനം സാമ്പത്തികശേഷി ഉള്ളവർക്ക് ലഭിക്കാൻ തടസമില്ല.
എന്നാൽ കേരളത്തിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് സർക്കാർ സ്‌കൂളിൽ പഠിക്കുന്ന പാവപ്പെട്ടവരുടെ കുട്ടികൾക്ക് ഇക്കാര്യത്തിൽ ബോധവൽക്കരണത്തിന് അവസരം കുറവാണ്. ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണ മാജിക് ഷോ അവതരിപ്പിക്കുന്നതിന് വിവിധ സർക്കാർ ഏജൻസികളെ സമീപിച്ചെങ്കിലും അവരിൽ നിന്നൊന്നും അനുകൂല പ്രതികരണം ലഭിച്ചില്ല. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും അനുകൂല മറുപടി ലഭിച്ചില്ലെന്നും മജീഷ്യൻ നാഥ് പറഞ്ഞു.
ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ബോധവൽക്കരണത്തിന് മജീഷ്യൻ നാഥ് മാനേജിങ് ട്രസ്റ്റിയായി 'ഹാൻഡ്‌സ്' എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. കേരളത്തിൽ സർക്കാർ സ്‌കൂളുകളിൽ പുകയിലജന്യ രോഗങ്ങളെക്കുറിച്ചും രോഗങ്ങളിലേക്ക് വലിച്ചിഴക്കുന്ന ഫാസ്റ്റ്ഫുഡ് ആഹാരരീതികളെക്കുറിച്ചും അവബോധം വളർത്തുന്നതിനായാണ് സംഘടനയ്ക്ക് രൂപം നൽകിയത്.
ബോധവൽക്കരണ പരിപാടി തുടങ്ങുന്നതിനു മുമ്പ് കുട്ടികൾക്ക് ആരോഗ്യ സാക്ഷരതയെക്കുറിച്ചുള്ള അവബോധം അളക്കുകയും ചെയ്യുന്നുണ്ടെന്ന് മജീഷ്യൻ നാഥ് പറഞ്ഞു. സംഘടനയുമായി സഹകരിക്കാൻ താൽപര്യമുള്ളവർ 09847400080 എന്ന നമ്പരിൽ ബന്ധപ്പെടുക. ഇമെയിൽ: charitabletrusthands@gmail.com.