കാസർകോട്: കർണ്ണാടകത്തിലെ സുള്ള്യയിൽ പൊലീസ് കേസിൽപ്പെട്ട കാസർഗോഡ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് തൃശ്ശൂർ സ്വദേശിയായ വി.കെ. ഉണ്ണിക്കൃഷ്ണൻ വാസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. സുള്ള്യയിൽ പൊലീസിനേയും ഓട്ടോറിക്ഷാ ഡ്രൈവറേയും മർദ്ദിച്ചുവെന്ന കേസിൽപ്പെട്ടതിനെ തുടർന്ന് ഹൈക്കോടതിയുടെ ഭരണ വിഭാഗം ഉണ്ണികൃഷ്ണനെ സസ്‌പെന്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് മജിസ്‌ട്രേറ്റിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

വീട്ടിലുണ്ടായിരുന്ന സഹായി പ്രഭാത ഭക്ഷണത്തിന് പുറത്ത് പോയി വന്ന സമയത്താണ് മജിസ്‌ട്രേറ്റിനെ തൂങ്ങിയ നിലയിൽ കണ്ടത്. ഇയാൾ ഉടനെ പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് മജിസ്‌ട്രേറ്റിനെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹം മരണമടഞ്ഞിരുന്നു. സുള്ള്യ സംഭവത്തിനു ശേഷം കാസർഗോട്ടെത്തിയ മജിസ്‌ട്രേറ്റ് രണ്ടു ദിവസം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽ നിന്നും ഇന്നലെ വൈകീട്ടാണ് ഉണ്ണിക്കൃഷ്ണൻ ഡിസ്ച്ചാർജായത്. അദ്ദേഹത്തിന് കടുത്ത മനോ വിഷമം നേരിട്ടതായി സഹായി പറയുന്നു. സുള്ള്യയിൽ പൊലീസ് രണ്ടു കേസുകളാണ് രജിസ്ട്രർ ചെയ്തത്. ഓട്ടോ ഡ്രൈവർ അബൂബക്കറിനെ തടഞ്ഞു വച്ച് അസഭ്യം പറഞ്ഞ ശേഷം മർദ്ദിച്ചതാണ് ഒന്നാമത്തെ കേസ്.

ഇതേ തുടർന്ന് സ്ഥലത്തെത്തിയ സുള്ള്യ പൊലീസ് കോൺസ്റ്റബിൾ സ്യൂചിനെ ഭീഷണിപ്പെടുത്തി മർദ്ദിച്ചെന്നും കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയെന്നുമാണ് രണ്ടാമത്തെ കേസ്. ഈ മാസം ആറാം തീയ്യതി ഉച്ചക്ക് 12.30 ന് സുള്ള്യ ടൗണിലാണ് സംഭവം. കാസർഗോഡു നിന്നും മൂന്ന് അഭിഭാഷകർക്കൊപ്പമാണ് മജിസ്‌ട്രേറ്റ് സുള്ള്യയിലെത്തിയത്. സംസ്ഥാനത്തിന്റെ അതിർത്തി കടന്നു പോകണമെങ്കിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റേയും ഹൈക്കോടതിയുടേയും അനുമതി തേടേണ്ടതുണ്ട്. അഭിഭാഷകരായ മൂന്ന് പേരുടെ പ്രേരണ കാരണമാണ് ഇതൊന്നുമില്ലാതെ മജിസ്‌ട്രേറ്റ് അവർക്കൊപ്പം സുള്ള്യയിലെത്തിയതെന്ന് പറയുന്നു.

മദ്യപിക്കാത്ത ആളായിരുന്നു ഉണ്ണികൃഷ്ണനെന്നാണ് അറിയുന്നത്. ആദ്യമായി മദ്യപിച്ചപ്പോൾ അതിര് വിടുകയും ചെയ്തു. കൂട്ടുകാരെന്ന് പറയുന്ന അഭിഭാഷകർ മജിസ്‌ട്രേറ്റിൽ വന്ന ഭാവമാറ്റത്തെ തടയാൻ തയ്യാറായില്ലെന്ന് സുള്ള്യയിൽ നിന്നും വിവരമുണ്ട്. ഒന്നിച്ചു പോയി മദ്യപിച്ചിട്ടും മജിസ്‌ട്രേറ്റിനെ രക്ഷിക്കാൻ കൂട്ടാളികളായ അവർ തയ്യാറായില്ലെന്നാണ് അവിടുന്നുള്ള വിവരം. കൂടെപ്പോയ അഭിഭാഷകരാരും കേസിൽ പെട്ടില്ലെന്നതും ദുരൂഹത ഉയർത്തുന്നുണ്ട്. മജിസ്‌ട്രേറ്റ് മാത്രമാണ് ബലം പ്രയോഗിച്ചതെന്നും കൃത്യ നിർവ്വഹണത്തിന് തടസ്സം വരുത്തിയതെന്നുമാണ് കേസ്.

പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ഭരണ വിഭാഗത്തിൽ നിന്നും നടപടി നേരിട്ടതിനെ തുടർന്നാണ് വി കെ ഉണ്ണിക്കൃഷ്ണൻ ആത്മഹത്യ ചെയ്തത്. സുള്ള്യ സംഭവങ്ങളെ തുടർന്നുണ്ടായ മാനഹാനിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗനം. ജില്ല ജഡ്ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാലാണ് മജിസ്‌ട്രേറ്റിനെ സസ്‌പെന്റ് ചെയ്തത്. കർണാടകയിൽ പോയി പൊലീസിനോടും മറ്റും മോശമായി പെരുമാറിയെന്ന് കാസർകോട്ടെ മജിസ്‌ട്രേട്ടിനെതിരെ പരാതിയുണ്ടായിരുന്നു. കൂട്ടുകാർക്കൊപ്പം കർണ്ണാടകയിൽ ടൂറിന് പോയപ്പോഴാണ് സംഭവമുണ്ടായത്. മജിസ്‌ട്രേറ്റ് മദ്യപിച്ച് ബഹളമുണ്ടാക്കി ഓട്ടോക്കാരനെ മർദ്ദിച്ചവെന്നായിരുന്നു പരാതി.

തർക്കം പരിഹരിക്കാനെത്തിയ കർണാടക പൊലീസ് ഇൻസ്‌പെക്ടറെയും പൊലീസുകാരെയും മർദ്ദിക്കുകയും ചെയ്‌തെന്നും പരാതിയുണ്ടായിത്. ഇതോടെ ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പരുക്കേറ്റ കർണാടക സ്വദേശികളായ ഓട്ടോഡ്രൈവറും രണ്ടു പൊലീസുകാരും സുള്ള്യ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് ദിവസം മുമ്പ് ഉച്ചയ്ക്ക് 12.30നു സുള്ള്യ ടൗണിലാണു സംഭവം. കാസർകോട്ടുനിന്നു സുഹൃത്തുക്കളായ ചില അഭിഭാഷകർക്കൊപ്പം സുള്ള്യയിലെത്തിയതായിരുന്നു മജിസ്‌ട്രേട്ട്. മദ്യലഹരിയിൽ ഓട്ടോറിക്ഷയിൽ കയറിയ മജിസ്‌ട്രേട്ട് ഡ്രൈവറുടെ നേരെ തട്ടിക്കയറുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. ഓട്ടോ ഡ്രൈവർ അബൂബക്കറെ ഒരാൾ മർദിക്കുന്നത് കണ്ട് നാട്ടുകാർ സംഘടിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത ഡ്രൈവറെ മജിസ്‌ട്രേട്ട് മർദിക്കുകയായിരുന്നു. അതേസമയം മജിസ്‌ടേറ്റിന് പൊലീസ് കസ്റ്റഡിയിലും മർദ്ദനമേറ്റിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ തന്നെ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു.

സുള്ള്യ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോൾ ഓട്ടോ ഡ്രൈവർ അധികം കൂലിചോദിച്ചത് ചോദ്യം ചെയ്തതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് മജിസ്‌ട്രേറ്റിന്റെ പറഞ്ഞിരുന്നത്. ക്ഷേത്രത്തിലേക്ക് പോകേണ്ടിവന്നത് പെട്ടെന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായതിനാൽ അനുമതി വാങ്ങാൻ കഴിഞ്ഞില്ല. മദ്യപിച്ചിരുന്നില്ലെന്നും സ്റ്റേഷനിൽ കൊണ്ടുപോയി പൊലീസാണ് മദ്യം വായിൽ ഒഴിച്ചതെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐഐആറിലെ വാദങ്ങൾ മറിച്ചാണ്.

ഉണ്ണിക്കൃഷ്ണൻ നവംബർ അഞ്ചിന് 12.30ന് സുള്ള്യ കെഎസ്ആർടിസിക്ക് പരിസരത്ത്, മദ്യപിച്ച നിലയിൽ ഓട്ടോ ഡ്രൈവർമാരെ മർദിച്ചുവെന്നും തടയാൻ ഇടപെട്ട രണ്ടു പൊലീസുകാരുടെ കൃത്യനിർവഹണം തടസപ്പെടുത്തി വധഭീഷണി മുഴക്കിയെന്നുമാണ് സുള്ള്യ പൊലീസ് എഫ്എആർ രജിസ്റ്റർ ചെയ്തത്. കേട്ടാൽ അറക്കുന്ന ഭാഷയിൽ തെറിവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മജിസ്‌ട്രേറ്റ് ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു. സുള്ള്യ സർക്കിളിലെ കോൺസ്റ്റബിൾമാരായ അബ്ദുൽ ഖാദർ, സച്ചിൻ എന്നിവരെ മജിസ്‌ട്രേറ്റിന്റെ മർദനത്തിൽ പരിക്കേറ്റ് സുള്ള്യ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഹൈക്കോടതി രജിസ്ട്രാർ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സിജെഎം റിപ്പോർട്ട് നൽകിയത്.