ക്യൂൻസ്‌ലാന്റ്: ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ക്യൂൻസ്‌ലാന്റിൽ വീണ്ടും ഭൂചലനം റിപ്പോർട്ട് ചെയ്തു. ക്യൂൻസ്‌ലാന്റിന്റെ തീരപ്രദേശത്തു സ്ഥിതി ചെയ്യുന്ന ഫ്രാസർ ദ്വീപിലാണ് ഇന്നു രാവിലെ 6.45 ഓടെ ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 4 മാഗ്‌നിറ്റിയൂഡ് ആണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്.

ഇനിയും തുടർ ചലനങ്ങൾക്ക് സാധ്യത ഉണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നല്കുന്നുണ്ട്. എന്നാൽ രാജ്യത്തു സുനാമി സാധ്യത ഇല്ലെന്നാണ് ജിയോസയൻസ് ഓസ്‌ട്രേലിയ വ്യക്തമാക്കുന്നത്.

ഇതിനു മുൻപ് കഴിഞ്ഞ ജൂലൈയിലാണ് ഫ്രാസർ കോസ്റ്റിൽ ഭൂചലനം ഉണ്ടായിട്ടുള്ളത്. അന്ന് 5.4 മാഗ്‌നിറ്റിയൂഡ് തീവ്രത രേഖപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ ഉണ്ടായ ഭൂമികുലുക്കത്തിൽ ബ്രിസ്‌ബെയ്‌നിന്റെ ചില ഭാഗങ്ങളിൽ ചെറിയ പ്രകമ്പനങ്ങൾ ഉണ്ടായതായി ദ കൊറിയർ മെയിൽ റിപ്പോർട്ടു ചെയ്യുന്നു. ഫ്രാസർ തീരത്തുണ്ടായ ഭൂചലനത്തിന്റെ പ്രതിഫലനമാകാം അതെന്നാണ് സൂചനകൾ ലഭിക്കുന്നത്. എന്നാൽ ഭൂചലനത്തെ തുടർന്ന് ഫ്രാസറിൽ ആളുകൾക്കു പരിക്കുകളോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നു റിപ്പോർട്ടുകളുണ്ട്.

എന്നാൽ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ ഇടക്കാലങ്ങളായി ഉണ്ടാകുന്ന ഭൂചലനങ്ങൾക്ക് കാരണമുണ്ടെന്ന വ്യാഖ്യാനവുമായി സെസ്മിയോളജിസ്റ്റ് ഡാൻ ജാക്ക്‌സ രംഗത്തെത്തിയിട്ടുണ്ട്. ഓരോ വർഷവും ഓസ്‌ട്രേലിയൻ വൻകര 7 സെന്റീ മീറ്റർ വടക്കോട്ടു നീങ്ങുകയാണെന്നും പസഫിക് പ്ലേറ്റുമായി കൂട്ടിമുട്ടുന്നുണ്ടെന്നുമാണ് ഇദ്ദേഹം നല്കുന്ന വിശദീകരണം.