- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമർ ചിത്രകഥകളിലൂടെ പകർന്ന് കിട്ടിയിരുന്ന പുരാണ ആസ്വാദന കഥകൾ ഇനി ഓൺലൈനിൽ; മഹാഭാരതത്തിന്റെ സാരം കളയാതെ പുരാണ സാരം പകർന്നു നൽകാൻ സംബോധ് ഫൗണ്ടേഷൻ; മെയ് 20 മുതൽ 41 ദിവസം യൂട്യൂബിൽ കഥ കേൾക്കാം
കൊല്ലം: സംബോധ് ഫൗണ്ടേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി മഹാഭാരതം ആസ്വാദനം. സ്വാമി ഹരിഹരാനന്ദയാണ് 41 ദിവസം നീളുന്ന പരിപാടിയുടെ ആചാര്യൻ. മെയ് 20 മുതൽ ജൂൺ 29 വരെ ഓൺലൈൻ ആസ്വാദനം നീണ്ടു നിൽക്കും. വൈകീട്ട് 6.30 മുതൽ 7.30 വരെ. സംബോധ് യൂ ട്യൂബ് ചാനൽ വഴി ഇത് ലഭ്യമാകും.
മഹാഭാരതത്തിലെ ഒരുപാട് കഥകൾ കേൾക്കാൻ ഇതിലൂടെ അവസരമുണ്ടാകും. അവധികാലത്ത് കുട്ടികൾക്ക് ഭാരതീയ സംസ്‌കാരത്തിൽ അറിവുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്. കേൾക്കാത്തവർക്ക് കേൾക്കാനും അറിഞ്ഞ കഥകൾ അറിയാനും ഉള്ള അവസരമാണ് ഇത്. മഹാഭാരത കഥകളിലൂടെ ഒരു യാത്ര എന്ന ടാഗ് ലൈനിലാണ് സംപ്രേഷണം. കോവിഡുകാലത്തെ ലോക്ഡൗൺ ആശങ്കകളാണ് ഇത്തരമൊരു യുട്യൂബ് മഹാഭാരത കഥ പറയാനുള്ള ആശയത്തിന് പിന്നിൽ.
അമർചിത്രകഥകളിലൂടേയും മറ്റും മഹാഭാരത കഥകൾ കുട്ടികളിലേക്ക് പകർന്നു നൽകിയ കാലമുണ്ടായിരുന്നു. എന്നാൽ സാങ്കേതികത വളർന്നപ്പോൾ അമർചിത്രകഥകളും മറ്റും അപ്രത്യക്ഷമായി. ഈ സാഹചര്യത്തിലാണ് കഥകളിലൂടെ ഓൺലൈനിൽ മഹാഭാരത ആസ്വാദന പഠനത്തിനുള്ള അവസരം സംബോധ് ഫൗണ്ടേഷൻ ഒരുക്കുന്നത്.
മഹാഭാരതത്തിൽ ഒന്നേകാൽ ലക്ഷം ശ്രോകങ്ങളുണ്ട്. ഇതിൽ ഏറെയും കഥകളാണ്. ഈ കഥകൾ ലളിതമായി ആസ്വദിക്കാനാണ് സംബോധ് അവസരമൊരുക്കുന്നത്. കഥകളിലൂടെ കാര്യം പറയാൻ കഴിവുള്ളവരായിരുന്നു ഋഷീശ്വരന്മാർ. വേദവ്യാസൻ മഹാഭാരതം രചിച്ചതിന് പിന്നിലും ഈ ലക്ഷ്യമായിരുന്നു. വേദ സാരം ഉൾക്കൊണ്ടായിരുന്നു മഹാഭാരതം എഴുതിയത്. വേദസാരം സാധാരണക്കാരിലേക്ക് എത്തിക്കാനായിരുന്നു ഈ കൃതിയും. മനുഷ്യ മനഃശാസ്ത്രം ഭംഗിയായി അപഗ്രഥിക്കപ്പെട്ട മഹാഭാരതം കഥകളിലൂടെ പകർന്ന് നൽകാനാണ് സംബോധിന്റെ ശ്രമം.
യുഗയുഗാന്തരങ്ങളെ കുറിച്ചുള്ള വിശകലനമാണ് മഹാഭാരതം. ഇത് 41 ദിവസം കൊണ്ട് പകർന്ന് നൽകുകയാണ് സംബോധിന്റെ ലക്ഷ്യം. മഹാഭാരതത്തിന്റെ ഉൾക്കാഴ്ച പകർന്നു നൽകലാണ് ലക്ഷ്യം. ഇതിന് വേണ്ടിയുള്ള ആസ്വാദനമാകും സ്വാമി ഹരിഹരാനന്ദ നടത്തുക. കഥ പറയുന്നതിൽ സമർത്ഥനായ ആചാര്യനാണ് ഹരിഹരാന്ദ സ്വാമി. മഹാഭാരതവും ഭാഗവതവും ആഴത്തിൽ മനസ്സിലാക്കിയ സന്യാസിയാണ് സ്വാമി ഹരിഹരാന്ദൻ. മഹാഭാരതം മുഴുവൻ പറയാതെ ആശയ സമാഹരണത്തിലൂടെ കഥ പറയുകയാകും ചെയ്യുക.
സൗകര്യം അനവധിയുണ്ടെങ്കിലും വേണ്ടത് അറിയാനുള്ള ശ്രമമാണ് ഈ സംരഭത്തിലൂടെ നടത്തുന്നതെന്ന് സംബോധ് ഫൗണ്ടേഷൻ പറയുന്നു. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ഈ പാഠം ഗുണകരമാകുമെന്ന് ഫൗണ്ടേഷൻ വിശദീകരിക്കുന്നു.