ബീഹാർ: 25കാരിയായ സഹോദര ഭാര്യയെ വിവാഹം കഴിക്കേണ്ടി വന്നതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത മഹാദേവിനെ കുറിച്ച് ഭാര്യ റൂബിയുടെ വെളിപ്പെടുത്തൽ. മഹാദേവിന് ഏഴു വയസ്സുള്ളപ്പോഴാണ് മഹാദേവിന്റെ സഹോദരൻ സതീഷിനെ വിവാഹം കഴിച്ച് റൂബി ആ വീട്ടിലേക്ക് എത്തുന്നത്. അമ്മയില്ലാത്ത മഹാദേവിന് അന്നു മുതൽ താൻ അമ്മയുടെ സ്ഥാനത്തായിരുന്നെന്നും ഇവർ പറയുന്നു. മഹാദേവിനെ അന്നു മുതൽ മകനെ പോലെ നോക്കി വളർത്തിയതും റൂബിയായിരുന്നു. അതുകൊണ്ടാണ് സ്വന്തം അമ്മയുടെ സ്ഥാനത്ത് കണ്ട യുവതിയെ വിവാഹം കഴിക്കേണ്ടി വന്നപ്പോൾ 15കാരൻ ആത്മഹത്യ ചെയ്തത്.

2013ൽ റൂബിയുടെ ഭർത്താവ് സതീഷ് മരിച്ചപ്പോൾ റൂബിക്ക് മൂന്ന് വയസ്സും ഒരു വയസ്സുമുള്ള രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. ഈ കുട്ടികളുമായി ഈ വീട്ടിൽ കഴിയണമെങ്കിൽ മഹാദേവിനെ കല്ല്യാണം കഴിക്കേണ്ട സാഹചര്യം വന്നപ്പോഴാണ് റൂബി ഇയാളെ വിവാഹം ചെയ്യാൻ തീരുമാനിച്ചത്. ഇല്ലെങ്കിൽ മക്കളുമായി ഈ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരുമായിരുന്നെന്നും ഇവർ പറയുന്നു. മഹാദേവിന്റെ മൂത്ത സഹോദരനായ മനീഷ് ദാസ് നേരത്തെ കെട്ടി. അതിനാലാണ് 10 വയസ്സിനിളയതായ മഹാദേവിനോട് റൂബിയെ കെട്ടാൻ സ്വന്തം പിതാവ് തന്നെ നിർദ്ദേശിച്ചത്. മഹാദേവിന്റെ അച്ഛനും റൂബിയുടെ അമ്മയും കൂടിയാണ് പഠിക്കണമെന്ന് പറഞ്ഞിട്ടും മഹാദേവിനെ നിർബന്ധിച്ച് റൂബിയെ കൊണ്ട് വിവാഹം കഴിപ്പിച്ചത്. ഇവർ രണ്ടു പേരെയും ബാല വിവാഹം നടത്തിയതിന് അറസ്റ്റ് ചെയ്തു.

ഭർത്താവ് മരിച്ചതോടെ സ്വന്തം വീട്ടിലേക്ക് പോവാൻ റൂബി തയ്യാറായി. എന്നാൽ ഭർത്താവിന്റെ അച്ഛൻ അവിടെ തന്നെ പിടിച്ച് നിർത്തുകയും മഹാദേവ് വലുതാകുമ്പോൾ വിവാഹം ചെയ്യിക്കാമെന്ന് വാക്കു കൊടുക്കുകയുമായിരുന്നു. താൽപര്യമില്ലായിരുന്നെങ്കിലും കുട്ടികളെ വളർത്താൻ പണം വേണ്ടതിനാൽ ഇവർ സമ്മതിക്കുകയായിരുന്നു. ഇതോടെ വീട്ടിലെ ഷെയറും ഭർത്താവ് മരിച്ചപ്പോൾ കിട്ടിയ നഷ്ടപരിഹാരവും റൂബിക്ക് നൽകാമെന്ന് പിതാവ് സമ്മതിച്ചു. മഹാദേവിനെ വിവാഹം ചെയ്താൽ കുടുംബത്തിന്റെ സ്വത്തിന്റെ മൂന്നിൽ രണ്ട് ഭാഗം തരാമെന്നാണ് പിതാവ് വാക്കു കൊടുത്തത്.

വിവാഹത്തെ മഹാദേവ് എതിർത്തു. എന്നാൽ പിതാവ് നിർബന്ധിപ്പിച്ച് സമ്മതിപ്പിച്ചു. വിവാഹ ദിവസം മാലയണിഞ്ഞതിന് പിന്നാലെ വൈകിട്ട് ആറു മണിയോടെ വിവാഹ വേദി വിട്ട് മഹാദേവ് വീട്ടിലെത്തി. ഞാൻ രാത്രി 8.30 ഓടെയാണ് എത്തിയത്. മഹാദേവ് എന്നോട് ഒന്നും മിണ്ടിയില്ല. പതിവു പോലെ മക്കൾക്കൊപ്പം ഉറങ്ങാൻ കിടന്നു. രാത്രി ഒരു മണിയോടെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന മഹാദേവിനെ കണ്ടതെന്നും പറയുന്നു. പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.