സുൽത്താൻ ബത്തേരി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്രോളുകളുടെ പെരുമഴ തന്നെ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. ഫോട്ടോഷോപ്പിൽ പരിഹാസ ശരങ്ങൾ ചൊരിഞ്ഞു കൊണ്ടാണ് ഇത്തരം ട്രോളുകൾ പ്രവഹിക്കാറ്. ഇതിനെയൊക്കെ ഒരു സ്‌പോർഡ്‌സ് മാൻ സ്പിരിറ്റിലാണ് നമ്മുടെ രാഷ്ട്രീയക്കാർ എടുക്കുന്നതും. കേരളത്തിലെ രാഷ്ട്രീയ നേതാക്കളും ഏതാണ്ട് ഇതേ നിലപാട് തന്നെയാണ് സ്വകരിക്കാറുള്ളത്. എന്നാൽ, മത നേതാവ് കൂടിയായ രാഷ്ട്രീയക്കാരനെ വിമർശിക്കാൻ പാടില്ലെന്നാണ് വയനാട്ടിലെ ഒരു മഹല്ല് കമ്മിറ്റിയുടെ പക്ഷം. ഫേസ്‌ബുക്കിലൂടെ പരിഹസിച്ചാൽ ഊരുവിലക്കി കൊണ്ടാണ് പ്രതികാര നടപടി.

വയനാട് ജില്ലാ ഖാസിയും മുസ്ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ ട്രോളിക്കൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിൽ മുസ്ലിം കുടുംബത്തെ ഊരുവിലക്കി കൊണ്ടാണ് മഹല്ല് കമ്മിറ്റി പ്രതികാരം തീർത്തത്. വയനാട്ടിലെ അമ്പലവയൽ ആനപ്പാറയിലിലാണ് സംഭവം. കൂരിമണ്ണിൽ മേലേമണ്ണിൽ ലബീബിനും കുടുംബത്തിനുമാണ് മഹല്ല് കമ്മിറ്റി ഊരു വിലക്ക് ഏർപ്പെടുത്തിയത്.

വയനാട് ഖാസി കൂടിയായ പാണക്കാട് തങ്ങളെ പരിഹസിച്ചത് ദൈവം പോലും പൊറുക്കാത്ത തെറ്റാണെന്നാണ് ഇവരുടെ മഹല്ല് കമ്മിറ്റിയുടെ നിലപാട്. വയനാട് അമ്പവയൽ ആനപ്പാറ കൂരിമണ്ണിൽ മേലേമണ്ണിൽ ലബീബിനും കുടുംബത്തിനുമാണ് കമ്മിറ്റി വിലക്ക് ഏർപ്പെടുത്തിയത്. തിരഞ്ഞെടുപ്പിന് ശേഷം ബിജെപി - ലീഗ് ബന്ധം ചില മണ്ഡലങ്ങളിൽ ശക്തമായി ഉണ്ടായിരുന്നു എന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോ കളിയാക്കാൻ വേണ്ടി തയ്യാറാക്കിയ കുമ്മനം- തങ്ങൾ ട്രോൾ പോസ്റ്റർ ലബീബ് ഷെയർ ചെയ്യുകയാണ് ഉണ്ടായത്.

ഈ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ ഹൈദരലി തങ്ങളെ അപമാനിച്ചുവെന്നാണ് മഹല്ല് കമ്മിറ്റി വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഖിത്മദുൽ ഇസ്ലാം സംഘം ആനപ്പാറ ജുമാ മസ്ജിദ് കമ്മിറ്റി കുടുംബത്തിന് കത്ത് നൽകിയത്. കുടുംബത്തിൽ ഈ മാസം നടക്കുന്ന വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾക്ക് പങ്കെടുക്കില്ലെന്ന് കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങുകളിൽ പള്ളി കമ്മിറ്റി ഭാരവാഹികളോ അംഗങ്ങളോ പങ്കെടുത്തുമില്ല. എന്നാൽ, പല തവണ ആവശ്യപ്പെട്ടിട്ടും പള്ളിയിലെത്താൻ കുടുംബം തയ്യാറായില്ലെന്നും ഇതാണ് നോട്ടിസ് നൽകാൻ കാരണമെന്നും പള്ളി കമ്മിറ്റി പറയുന്നു. മഹല്ല് ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്നുമാണ് വീടുകാർ പറഞ്ഞത്.

എന്നാൽ മുസ്ലിംലീഗുമായി അടുത്തു നിൽക്കുന്ന ലീഗ് കമ്മിറ്റി പ്രതികാര നടപടിയുടെ ഭാഗമായാണ് ലബീബിനും കുടുംബത്തിനുമെതിരെ നടപടി സ്വകരിച്ചതെന്നാണ് വ്യക്തമാകുന്നത്. കുടുംബത്തിനുണ്ടായ മാനക്കേടിന് കേസ് നൽകാനും മനുഷ്യാവകാശ കമ്മിഷന് പരാതി നൽകാനും ഒരുങ്ങുകയാണ് ലബീബും കുടുംബവും.

അതേസമയം വിഷയം സോഷ്യൽ മീഡിയയിലും സജീവ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ലബീബിനെയും കുടുംബത്തെയും പിന്തുണച്ച് നിരവധി പേർ രംഗത്തിയിട്ടുണ്ട്. മുസ്ലിംലീഗിന്റെ അധ്യക്ഷനായ പാണക്കാട് തങ്ങൾ തികഞ്ഞ രാഷ്ട്രീയക്കാരനാണ്. അതുകൊണ്ട് ആ രാഷ്ട്രീയക്കാരനെ ട്രോളുന്നതിൽ എന്താണ് തെറ്റെന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. ഒരേസമയം മത നേതാവും രാഷ്ട്രീയക്കാരുനമായി പ്രവർത്തിക്കുന്ന വെള്ളാപ്പള്ളിക്ക് അപ്പുറത്തേക്ക് എന്ത് പ്രാധാന്യമാണ് പാണക്കാട് തങ്ങൾക്കുള്ളതെന്നും സോഷ്യൽ മീഡിയ വിമർശനം ഉന്നിയിക്കുന്നു. മതനേതാവ് മാത്രമായി തുടരാനാണ് താൽപ്പര്യമെങ്കിൽ ലീഗ് അധ്യക്ഷ സ്ഥാനം അദ്ദേഹം ഒഴിയട്ടെയെന്നും ചിലർ ആവശ്യപ്പെടുന്നു.