കൊച്ചി: മഹാരാജാസ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വെള്ളിക്കൊടി പാറിച്ച് എസ്.എഫ്.ഐ. അഭിമന്യുവിന്റെ ചോരവീണ് ചുവന്ന മണ്ണിൽ ഐതിഹാസിക വിജയമാണ് എസ്.എഫ്.ഐ നേടിയെടുത്ത്ത. 14 സീറ്റുകളിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ജനറൽ സീറ്റുകളിൽ എണ്ണൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്ഥാനാർത്ഥികൾ വിജയിച്ചത്. ഒന്നാം വർഷം മുതൽ പി.ജി വിദ്യാർത്ഥികളുടെ വരെ ഭീമമായ പിന്തുണയും ഐതിഹാസിക ലീഡുമാണ് എസ്.എഫ്.ഐക്ക് ലഭിച്ചത്. ജനറൽ സീറ്റുകളിലടക്കം എസ്.എഫ്.ഐ നിർണായക ഭൂരിപക്ഷം ഉറപ്പിച്ചു.

മുഴുവൻ സീറ്റുകളിലേക്കുമുള്ള റിസൾട്ട് ഉച്ചയോടെ പ്രഖ്യാപിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ റിസൾട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പിന്നാലെ എസ്.എഫ്.ഐ പ്രവർത്തകർ വലിയ രീതിയിലുള്ള ആഹ്ലാദ പ്രകടനം തന്നെ ക്യാമ്പസിൽ കാഴ്ചവെക്കുകയായിരുന്നു.
രണ്ട മണിയോടെ കൗണ്ടിങ് ആരംഭിച്ചത്. ഇതിന് ശേഷം രണ്ടരയോടെ റിസൽട്ട് പൂർണമായും പ്രഖ്യാപിച്ചത്.

ഒന്നാം വർഷ റിസൾട്ടുകളായിരുന്നു ആദ്യം പുറത്ത് വന്നത്. പിന്നാലെ തുടർന്നുള്ള എല്ലാ സീറ്റുകളും എസ്.എഫ്.ഐ വിജയമുറപ്പിക്കുകയായിരുന്നു.അഭിമന്യു വധത്തിന് ശേഷം നടത്തുന്ന ആദ്യ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ നേടിയ വിജയം വലിയരീതിയിലാണ് പ്രവർത്തകർ ഏറ്റെടുത്തത്. വിജയിച്ച സ്ഥാനാർത്ഥികളുമായി യൂണിയൻ ഓഫീസിൽ നിന്നും ആരംഭിച്ച ആഹ്ലാദ പ്രകടനം ടൗൺ ചുറ്റിയാണ് അവസാനിച്ചത്.

തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയുടെ ആഹ്ലാദ പ്രകടനത്തിൽ പങ്കാളിയാകാൻ അഭിമന്യുവിനൊപ്പം കുത്തേറ്റ അർജുൻ ക്യാമ്പസിലേക്ക് തിരിച്ചെത്തിയെന്നതും ഇലക്ഷന്റെ മധുരം കൂട്ടിയിരുന്നു. കോളേജ് ഇലക്ഷന്റെ ഭാഗമായി വോട്ട് രേഖപ്പെടുത്തിയാണ് അർജുൻ മടങ്ങിയത്. അഭിമന്യു ബാക്കിവെച്ച സ്വപ്നങ്ങളെ പൂർത്തീകരിക്കുമെന്നും അർജുൻ പറഞ്ഞു.

മുദ്രാവാക്യം വിളികളോടെ സഹപ്രവർത്തകർ അർജുനെ വരവേറ്റു. അക്രമങ്ങളെ ഭയന്ന് നിലപാടിൽനിന്ന് പിന്നോട്ടില്ലെന്ന് അർജുൻ വ്യക്തമാക്കി.ഒന്നിച്ചു നടക്കാറുള്ള അഭിമന്യു ഇല്ലാതെയാണ് അർജുൻ വീണ്ടും മഹാരാജാസിൽ എത്തിയത്. വർഗീയവാദികൾക്ക്ആശയങ്ങളെ ഇല്ലാതാക്കാൻ സാധിക്കില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് വോട്ട് രേപ്പെടുത്തി അർജുൻ മടങ്ങി.

വർഗീയതയോടുള്ള പോരാട്ടത്തിന് കൂടിയായിരുന്നു എസ്.എഫ്.ഐ ചരിത്രവിജയം നേടിയത്. ക്യാമ്പസ് ഫ്രണ്ട്, ഫെർട്ടേണിറ്റി, എ.ബി.വി.പി കക്ഷികളെ ആട്ടിയോടിക്കുന്ന വിജയമാണ് കാഴ്ചവെച്ചത്. വർഗീയതയോടുള്ള പോരാട്ട വിജയമെന്നായിരുന്നു ആഹ്‌ളാദ പ്രകടനത്തിൽ സ്ഥാനാർത്ഥികളും പറഞ്ഞത്.

വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നത് സംബന്ധിച്ച ചുവരെഴുത്തനെ ചൊല്ലിയുള്ള തർക്കമായിരുന്നു അഭിമന്യുവിന്റെ കൊലപാതകത്തിൽ കലാശിച്ചത്. പുറത്തുനിന്നും സംഘടിച്ചെത്തിയ ക്യാംപസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യു മഹാരാജാസിലെ സജീവ എസ്എഫ്ഐ പ്രവർത്തകരിൽ ഒരാൾകൂടിയായിരുന്നു. എന്നാൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ പോലും പിടികൂടാൻ പൊലീസിന് ഇതുവവരെ സാധിച്ചിട്ടില്ല.