മുംബൈ: പ്രകോപനപരമായ പ്രസംഗത്തിലൂടെ സാമുദായിക സ്പർധ വളർത്താൻ ശ്രമിച്ചെന്നാരോപിച്ച് ദളിത് നേതാവും ഗുജറാത്ത് എംഎൽഎയുമായ ജിഗ്‌നേഷ് മേവാനിക്കും ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനുമെതിരേ പുണെ പൊലീസ് കേസെടുത്തു.

അക്ഷയ് ബികാന്ത്, ആനന്ദ് ദോന്ത് എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരേ കേസെടുത്തിരിക്കുന്നത്. സാമുദായിക സ്പർധ വളർത്താനുതകുന്ന പ്രഭാഷണം നടത്തിയ മേവാനിക്കും ഉമറിനുമെതിരേ ക്രിമിനൽ വകുപ്പ് ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇരുവരുടെയും പ്രഭാഷണം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സീനിയർ ഇൻസ്പെക്ടർ അപ്പസാഹേബ് ഷേവാൾ അറിയിച്ചു. ഇതിനിടെ മുംബൈയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് പൊലീസ് മേവാനിക്ക് വിലക്ക് ഏർപ്പെടുത്തി. വിലെ പാർളിയിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്നതിൽ നിന്നാണ് അദ്ദേഹത്തെ വിലക്കിയത്.

ബീമാ കൊറേഗാവ് കലാപത്തെ തുടർന്നുണ്ടയ ആക്രമണത്തിന്റെയും ബന്ദിന്റെയും അടിസ്ഥാനത്തിലാണ് മേവാനിയെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയത്.