മുംബൈ: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്. ഗവർണറെ കണ്ട ശേഷം വമ്പൻ ട്വിസ്റ്റായിട്ടാണ്ട് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും എന്ന പ്രഖ്യാപനം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയത്.

ഫഡ്‌നാവിസ് സർക്കാരിന്റെ ഭാഗമാകില്ല. ഇത് ഏകനാഥ് ഷിൻഡേയുടെ സർക്കാരാണെന്നായിരുന്നു ഫഡ്‌നാവിസിന്റെ പ്രഖ്യാപനം. രാത്രി 7 മണിക്കാണ് സത്യപ്രതിജ്ഞ നടക്കുക. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞയ്ക്കായി ചടങ്ങുകൾ നടക്കുക.

താൻ സർക്കാരിന്റെ ഭാഗമാകില്ലെന്നും ഫഡ്‌നാവിസ് അറിയിച്ചു. ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നും ഷിൻഡെ ഉപമുഖ്യമന്ത്രിയാകുമെന്നും ആയിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ശിവേസനാ ഔദ്യോഗികപക്ഷത്തെ പോലും ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതനീക്കമാണ് ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. മന്ത്രിസഭാ വിപുലീകരണവും വകുപ്പ് വിഭജനങ്ങളും ഉടൻ നടത്തുമെന്നും ഫഡ്‌നാവിസ് അറിയിച്ചു. 2019-ലെ ജനവിധിയെ അപമാനിച്ചുകൊണ്ടാണ് ശിവസേന, എൻ.സി.പിക്കും കോൺഗ്രസിനും ഒപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചതെന്നും ഫഡ്‌നാവിസ് പറഞ്ഞു.

ഷിൻഡെയ്ക്കൊപ്പം മുംബൈയിൽ ഗവർണർ ഭഗത് സിങ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ദേവേന്ദ്ര ഫഡ്‌നാവിസ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയത്. ''2019 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സഖ്യമായി നിന്ന് വിജയിച്ചതാണ്. ആവശ്യമായ ഭൂരിപക്ഷവും ലഭിച്ചിരുന്നു. സർക്കാരുണ്ടാക്കാമെന്നാണു പ്രതീക്ഷിച്ചതെങ്കിലും ബാലാസാഹേബ് എതിർത്തവരോടൊപ്പം സഖ്യമുണ്ടാക്കാനാണ് ശിവസേന തീരുമാനിച്ചത്.'' ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

''ഹിന്ദുത്വത്തെയും വീർ സവർക്കറെയും എതിർക്കുന്നവർക്കൊപ്പമാണ് ശിവസേന സഖ്യമുണ്ടാക്കിയത്. ശിവസേന ജനവിധിയെ അപമാനിക്കുകയാണുണ്ടായത്. ഒരു വശത്ത് ശിവസേന ദാവൂദ് ഇബ്രാഹിമിനെ എതിർത്തു. എന്നാൽ അയാളെ സഹായിച്ചതിന് ജയിലിൽ പോയ ഒരാളെ മന്ത്രിയുമാക്കി.'' ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു.

ഒരു ശിവസേന നേതാവിനെ മുഖ്യമന്ത്രിയാക്കാൻ ഉദ്ധവ് താക്കറെ നേരത്തെ ബിജെപിയെ വെല്ലുവിളിച്ചിരുന്നു. ഗവർണറെ കണ്ട ശേഷമായിരുന്നു നേതാക്കളുടെ വാർത്താസമ്മേളനം. മുംബൈയിൽ തിരിച്ചെത്തിയ ഷിൻഡെ, ഫഡ്നാവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് ഇരുവരും ഗവർണറെ കാണാനെത്തിയത്. തങ്ങൾക്ക് 150 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ഇവർ ഗവർണറെ അറിയിച്ചു.

രണ്ടര വർഷക്കാലം നീണ്ട് നിന്ന മഹാവികാസ് അഖാഡി സഖ്യസർക്കാറിനാണ് ഇന്നലെ കർട്ടൻ വീണത്. വിമതരും സ്വതന്ത്രരുമടക്കടക്കമുള്ളവരുടെ പിന്തുണക്കത്തുമായിട്ടാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചത്. ഷിൻഡേയും ഫഡ്‌നവിസും ഒരേ വാഹനത്തിലാണ് രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. സത്യപ്രതിജ്ഞ ദിവസം മുംബൈയിലെത്തിയാൽ മതിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഗോവയിലുള്ള ശിവസേനാ വിമതർക്ക് നൽകിയ നിർദ്ദേശം.

ബിജെപിക്ക് 27, ഷിൻഡെ പക്ഷത്തിനു 15 വീതം മന്ത്രിമാരുണ്ടാകുമെന്നാണു സൂചന. അസമിലെ ഗുവാഹത്തിയിൽനിന്ന് ഇന്നലെ വൈകിട്ട് ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ ഷിൻഡെ പക്ഷം ഇന്നു രാവിലെ മുംബൈയിൽ എത്താനാണ് ആദ്യം പദ്ധതിയിട്ടത്. ഉദ്ധവിന്റെ രാജി പ്രഖ്യാപനത്തെ തുടർന്ന് ഇവർ ഗോവയിൽനിന്നുള്ള യാത്ര നേരത്തേയാക്കി. ശിവസേനാ വിമതരും ബിജെപിയും അവർക്കൊപ്പമുള്ളവരും ചേരുമ്പോൾ 162 പേരാകും. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 144 പേരുടെ പിന്തുണയാണ് വേണ്ടത്.

ഉദ്ദവ് താക്കറെയെ പുറകിൽ നിന്ന് കുത്തിയെന്ന് ഒരു കാർട്ടൂൺ സഹിതം ശിവസേന വക്താവും മുതിർന്ന നേതാവുമായ സഞ്ജയ് റാവത്തും ട്വീറ്റ് ചെയ്തു. വിശ്വാസ വോട്ടെടുപ്പിന് ഉദ്ദവ് താക്കറെ തയ്യാറാവണമായിരുന്നെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ബാലാസാഹേബ് തോറാട്ടും പറഞ്ഞു.