- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവെച്ചു; രാജി അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ; പരാതി ഉയർന്നത് പൊലീസുകാരോട് പണപ്പിരിവ് നടത്താൻ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടുവെന്ന് കാണിച്ച്
മുംബൈ : മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവെച്ചു.അഴിമതി ആരോപണത്തിൽ ബോംബൈ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് രാജി.രാജിക്കത്ത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കൈമാറി.
പൊലീസുകാരോട് പണപ്പിരിവ് നടത്താൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടു എന്ന പരാതിയിലാണ് കോടതി സിബിഐ അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. ഹോട്ടലുകളിലും ബാറുകളിലും നിന്ന് 100 കോടി രൂപ പ്രതിമാസം പിരിക്കാൻ ആവശ്യപ്പെട്ടതായാണ് പരാതി. മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിങ്ങാണ് കോടതിയെ സമീപിച്ചത്.
ഡാൻസ് ബാറുകൾ, പബ്ബുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ നിന്ന് നൂറ് കോടി രൂപ പിരിച്ചുകൊടുക്കാൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി മുംബൈ പൊലീസിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്ന ആരോപണമാണ് മുംബൈ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിങ് ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരംബീർ സിങ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് നൽകിയ കത്ത് രാഷ്ട്രീയ വിവാദമായി മാറിയിരുന്നു.
ഇതിനെത്തുടർന്ന് ഡോ. ജയശ്രീ പാട്ടീൽ ആണ് ആഭ്യന്തരമന്ത്രിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. അഴിമതി ആരോപണങ്ങളിൽ 15 ദിവസത്തിനകം പ്രാഥമികാന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി സിബിഐയോട് നിർദ്ദേശിച്ചത്.ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് കുൽക്കർണി എന്നിവരടങ്ങുന്ന ബെഞ്ചാണ് അന്വേഷണം പ്രഖ്യാപിച്ചത്. സംഭവം അസാധാരണവും മുൻപില്ലാത്തതുമാണെന്നാണ് കോടതി വിശേഷിപ്പിച്ചത്. നിയമത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടിയെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ ഡയറക്ടർ അനന്തര നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ആരോപണ വിധേയനായ ആൾ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയാണെന്നും, അതിനാൽ പൊലീസിന്റെ അന്വേഷണം നിഷ്പക്ഷവും സ്വതന്ത്രവുമാകില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ അടക്കം മന്ത്രി അഴിമതി നടത്തുന്നുവെന്നും ആരോപണമുയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ