വിദർഭ:മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ ഗദ്ചിരോളി ജില്ലയിൽ 13 മാവോയിസ്റ്റുകളെ സുരക്ഷ സേന കൊലപ്പെടുത്തി. പയ്യാഡി-കൊട്ടാമി വനമേഖലയിലാണ് സംഭവം നടന്നത്. ഈ സ്ഥലത്ത് കൂടുതൽ തിരച്ചിൽ നടത്തുകയാണ് സുരക്ഷസേന എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

വനപ്രദേശത്ത് വലിയ സംഘം മാവോയിസ്റ്റുകൾ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് സി60 കമാന്റോകൾ, ആന്റി മാവോയിസ്റ്റ് യൂണിറ്റ് എന്നീ വിഭാഗങ്ങൾ സംയുക്തമായ നടത്തിയ ഓപ്പറേഷനാണ് ഇതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.

കമാന്റോകളുടെ വെടിവയ്‌പ്പിൽ നിരവധി മാവോയിസ്റ്റുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും. ഇവർ കാട്ടിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടെന്നുമാണ് കരുതുന്നത്. ഇവർക്കായാണ് തിരച്ചിൽ പുരോഗമിക്കുന്നത്.

മഹാരാഷ്ട്ര ചത്തീസ്ഗഢ് അതിർത്തിയിലെ ഡൊഹാറ വനപ്രദേശത്ത് അടുത്തിടെ സുരക്ഷ സേന നടത്തിയ സമാന ഓപ്പറേഷനിൽ രണ്ട് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയിരുന്നു. ഇതിൽ ഒരാൾ വനിത മാവോയിസ്റ്റ് പ്രവർത്തകയായിരുന്നു.