ചലിസ്ഗാവ്: ഹൈവേയിൽ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ കുടുക്കാൻ സ്റ്റിങ് ഓപ്പറേഷനുമായി എംഎൽഎ. മഹാരാഷ്ട്രയിലാണ് സംഭവം. ചലിസ്ഗാവ് എംഎൽഎ മൻകേഷ് ചവാനാണ് ട്രക്ക് ഡ്രൈവറുടെ വേഷത്തിൽ എത്തിയത്. തെളിവ് സഹിതം കൈക്കൂലി പിടിച്ചതോടെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി ഉറപ്പ് നൽകി. നവംബർ 24 ന് ആയിരുന്നു എംഎൽഎയുടെ സ്റ്റിങ് ഓപ്പറേഷൻ. കന്നദ് ഘട്ടിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗത്ത് വലിയ വാഹനങ്ങൾക്ക് പ്രവേശനമില്ലെന്ന് എഴുതി വച്ചിട്ടുണ്ടെങ്കിലും കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ വലിയ വാഹനങ്ങളെ യഥേഷ്ടം കടത്തി വിടുകയായിരുന്നു.



മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട പാതയായണ് ധുലേ, ഔറംഗബാദ്, സോളാപൂർ ഹൈവേ. ഈ പാത കടന്ന് പോവുന്നത് കന്നദ് ഘട്ട് എന്ന ചുരം കയറിയാണ്. രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നും മറാത്ത്വാഡേയിലേക്കും വിദർഭയിലേക്കും പോകുന്ന എളുപ്പ വഴി കൂടിയാണ് ഇത്. കനത്ത മഴയിൽ ഈ ഭാഗത്ത് ഉരുൾ പൊട്ടിയതോടെ ചെറുവാഹനങ്ങൾക്ക് മാത്രമാണ് യാത്രാനുമതിയുള്ളത്. എന്നാൽ വലിയ ട്രക്കുകളും ഇതേ പാതയിൽ അനുവാദമില്ലാതെ യാത്ര ചെയ്യുന്നുണ്ട്.

വാഹനങ്ങൾ വഴിതിരിച്ച് വിടേണ്ട ഉദ്യോഗസ്ഥർ കൈക്കൂലി പോക്കറ്റിലാക്കി ട്രക്കുകൾ കയറ്റി വിടുന്നത് മൂലമാണ് ഇത്. വിവരം ലഭിച്ചതോടെ കൈക്കൂല് തെളിവ് സഹിതം പിടിക്കാനാണ് ബിജെപി എംഎൽഎ മൻകേഷ് ചവാൻ ലോറി ഡ്രൈവറായത്. ക്യാമറയുമായി സഹായിയും ഒപ്പമുണ്ടായിരുന്നു.

500 രൂപ കൈക്കൂലിയാണ് ഉദ്യോഗസ്ഥർ എംഎൽഎയോട് വാങ്ങിയത്. ആയിരവും രണ്ടായിരവുമൊക്കെ കൈക്കൂലി വാങ്ങുന്നുണ്ടെന്ന് എംഎൽഎ ആരോപിക്കുന്നു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ കർശന നടപടിയെടുക്കാൻ ഡിഐജി എസ്‌പിയോട് ആവശ്യപ്പെട്ടു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് ജില്ലാ പൊലീസ് മേധാവി പിന്നാലെ മാധ്യമങ്ങളെ അറിയിച്ചു.

എംഎൽഎയോട് കൈക്കൂലി ആവശ്യപ്പെട്ട സമയത്ത് ഇവിടെയുണ്ടായിരുന്ന മറ്റ് ട്രക്ക് ഡ്രൈവർമാരിൽ നിന്നും എംഎൽഎ മൊഴി എടുത്തിരുന്നു. അഴിമതി വിരുദ്ധ ബ്യൂറോയേയും ഉന്നത ഓഫീസർമാരേയും സമീപിക്കുമെന്നും എംഎല്എ വിശദമാക്കി.