മുംബൈ: നോട്ടുകൾ അസാധുവാക്കിയ ശേഷം നടന്ന മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കു മുന്നേറ്റം. ആദ്യ ഫലസൂചനകളിൽ മുന്നിൽ ബിജെപി-ശിവസേന സഖ്യമാണ്.

കഴിഞ്ഞ തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ച കോൺഗ്രസും എൻസിപിയുമായിരുന്നു ഭൂരിപക്ഷം സീറ്റുകളിലും വിജയിച്ചത്. എന്നാൽ, ഇക്കുറി ഒറ്റയ്‌ക്കൊറ്റയ്ക്കു മത്സരിക്കാനുള്ള ഇരു പാർട്ടികളുടെയും തീരുമാനം തിരിച്ചടിയായെന്നാണു പുറത്തുവരുന്ന ഫലങ്ങൾ സൂചിപ്പിക്കുന്നത്.

മഹാരാഷ്ട്രയിലെ 25 ജില്ലയിലെ 147 മുനിസിപ്പൽ കൗൺസിലിലേക്കും 17 നഗരപഞ്ചായത്തുകളിലേക്കുമാണു വോട്ടെടുപ്പു നടന്നത്. 19നായിരുന്നു വോട്ടെടുപ്പ്. 147ൽ 128 കൗൺസിലിലും ബിജെപി-ശിവസേന സഖ്യമാണു മുന്നിട്ടു നിൽക്കുന്നത്.

വർധ ജില്ലയിൽ ആറിൽ ആറു മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ബിജെപി ജയിച്ചു. ബിജെപിയുടെ മഹാരാഷ്ട്ര വക്താവായ കേശവ് ഉപാധ്യായ അറിയിച്ചത് 39 നഗരസഭ അധ്യക്ഷന്മാരായി ഇതിനകം ബിജെപിയുടെ സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടു എന്നാണ്.

ഫലം വന്ന 1349 സീറ്റുകളിൽ 334 എണ്ണത്തിലാണു ബിജെപി ജയിച്ചിരിക്കുന്നത്. 228 എണ്ണത്തിൽ സഖ്യ കക്ഷികളായ ശിവസേനയും ജയിച്ചു. എൻസിപി- 287, കോൺഗ്രസ് - 201, എംഎൻഎസ്- 5, ബിഎസ്‌പി -3, യുഎൻആർഇസിഒജി-55, പ്രാദേശിക സഖ്യങ്ങൾ-112, സ്വതന്ത്രർ-124 എന്നിങ്ങനെയാണു വിജയിച്ചവരുടെ എണ്ണം. വോട്ടെണ്ണൽ തുടരുകയാണ്.

അൻപത് വർഷം കോൺഗ്രസ് ഭരിച്ച സോലാപൂർ മുനിസിപ്പാലിറ്റി ബിജെപി പിടിച്ചെടുത്തിരുന്നു. ഇക്കുറി നഗരസഭാ-മുനിസിപ്പൽ അധ്യക്ഷന്മാരെ ജനങ്ങൾ നേരിട്ടാണു തെരഞ്ഞെടുക്കുന്നത്. മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യമായാണ് ഇത്തരത്തിൽ നേരിട്ടുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.