മുംബൈ: മഹാരാഷ്ട്രാ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയും കോൺഗ്രസിന് വൻ മുന്നേറ്റവും. മുനിസിപ്പൽ കൗൺസിൽ, നഗരപഞ്ചായത്തുകൾ, മറ്റു പഞ്ചായത്തുകളിലെ ഉപതെരഞ്ഞെടുപ്പുകളടക്കം 345 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് നേട്ടമുണ്ടാക്കിയത്. 105 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. എൻസിപിയും ശിവസേനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വെറും 39 സീറ്റ് മാത്രമാണ് ഭരണകക്ഷിയായ ബിജെപിക്ക് ലഭിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ 105 വാർഡുകൾ നേടി കോൺഗ്രസ് കരുത്തുതെളിയിച്ചു. എൻസിപിക്ക് 80ഉം ശിവസേനയ്ക്ക് 59ഉം വാർഡുകളിൽ ജയിക്കാനായി. റായ്ഗഡ്, നന്ദുർബർ, അഹമദ്‌നഗർ, നന്ദേഡ്, ഒസ്മാനാബാദ്, ഹിങ്കോലി, വാഷിം, ചന്ദ്രപൂർ മുനിസിപ്പൽ കൗൺസിലുകളിലേക്കും നഗരപഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

രത്‌നഗിരി, ജൽഗാവ്, ലത്തൂർ, യവത്മൽ, വാർദ്ധ, ഭന്ദാരാ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപി മന്ത്രിസഭയിലെ ആഭ്യന്തര സഹമന്ത്രി രാം ഷിൻഡെയുടെ ജന്മനാടായ അഹമദ് നഗറിലെ ജാംഖേദിൽ ബിജെപി തോറ്റു. ധനമന്ത്രി സുധീർ മുൻഗണ്ടിവാറിന്റെ ചന്ദ്രപൂരിലും ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റു. മുഖ്യമന്ത്രി ഫട്‌നാവിസിനെ കനത്ത തിരിച്ചടിയാണ് ഈ ഫലം.

ബിജെപി ഭരണത്തിനേറ്റ ആദ്യ പ്രഹരമാണിതെന്ന് കോൺഗ്രസും എൻസിപിയും അവകാശപ്പെട്ടു. ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. കോൺഗ്രസിനോട് ജനങ്ങൾക്കുള്ള വിശ്വാസം വീണ്ടെടുക്കാനായെന്നും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീൽ പറഞ്ഞു. ബിജെപി-ശിവസേന സഖ്യസർക്കാരിന്റെ പരാജയമാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് എൻസിപി നേതാവ് ധനജയ് മുണ്ഡെ അവകാശപ്പെട്ടു.

കഴിഞ്ഞ വർഷം നവംബറിൽ 59 നഗര പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 254 വാർഡുകളിൽ വിജയിച്ചിരുന്നു. കോൺഗ്രസ് 239ഉം എൻസിപി 201ഉം വാർഡുകളിലും ശിവസേന 126 വാർഡുകളിലും അന്ന് വിജയിച്ചിരുന്നു. ഈ രാഷ്ട്രീയാവസ്ഥയാണ് മാറുന്നത്. മോദി തരംഗത്തിന്റെ കരുത്തിലാണ് മഹാരാഷ്ട്രയിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്.