പൂണെ: മഹാരാഷ്ട്രയിൽ കാണാതായ യുവതിക്കുവേണ്ടിയുള്ള തിരച്ചിലുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കസ്റ്റഡിയിലായ  ഡോക്ടർ യുവതിയെ ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തി ഫാംഹൗസിൽ കുഴിച്ചുമൂടിയതായി കണ്ടെത്തി. പുനെയിലെ മകളെ സന്ദർശിക്കുന്നതിനായി യാത്രതിരിച്ച മംഗൾ ജിദ്ധെ എന്ന 49 കാരിക്കായുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ഡോക്ടർ ഒരു പുരുഷനെയും അഞ്ചു സ്ത്രീകളെയും കൊലപ്പെടുത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.

കാണാതായ അംഗൻവാടി ജീവനക്കാരിയായ സ്ത്രീ ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസിനുള്ളിൽ തന്നെ സംസ്‌കരിച്ചിട്ടുണ്ടെന്ന് സന്തോഷ് പോൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ കുഴിച്ചിട്ട നാലു മൃതദേഹങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ പേരെ ഇയാൾ കൊലപ്പെടുത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നു. മംഗൾ ജിദ്ധെയുടെ ഫോണിൽ നിന്നുള്ള അവസാന കാൾ സന്തോഷിന്റെ നമ്പറിലേക്കായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മംഗൾ ജിദ്ധെയെ തട്ടിക്കൊണ്ടുവന്ന് അമിതഡോസിൽ മരുന്നു നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡോക്ടറുടെ സഹായിയും നഴ്‌സുമായ ജ്യോതി മൺട്രേ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

2003 മുതൽ 2016 വരെയുള്ള കാലത്താണ് കൊലപാതകങ്ങൾ നടന്നതെന്ന് പൊലീസ് പറയുന്നു. സതാറ ജില്ലയിലെ വായിയിൽ താമസക്കാരനായ സന്തോഷ് പോൾ (41) എന്ന 'ഡോക്ടർ ഡെത്ത്' എല്ലാ കൊലപാതകങ്ങളും നടത്തിയത് പണത്തിനും സ്വർണത്തിനും വേണ്ടിയാണെന്ന് പൊലീസിന്റെ ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. മംഗള ജെദ്ദേയുടെ മൃതദേഹത്തിന് പുറമെ സൽമ ഷെയ്ഖ്, ജഗഭായി പോൾ, സുരേഖ ചികാനെ, വനിത ഗെയ്ക്‌വാദ്, നത്മൽ ഭണ്ഡാരി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി.

2008ൽ കൊലപ്പെടുത്തിയ ശേഷം ഗെയ്ക് വാദിന്റെ ശരീരം സമീപത്തെ കുളത്തിൽ തള്ളിയെന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത്. ജെദ്ദെയെ കാണാനായതിനു പിന്നാലെ ഡോക്ടർ മുങ്ങിയതായും പറയുന്നു. ഡോക്ടറുടെ തട്ടിപ്പുകൾ തുറന്നുപറയുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ഇയാൾ ജെദ്ദയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.

ഈ പരമ്പരക്കൊലയാളി കൂടുതൽപേരെ വകവരുത്തിയോ എന്ന സംശയമുയർന്നതോടെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് സതാറ എസ് പി സന്ദീപ് പാട്ടീൽ വ്യക്തമാക്കി. ഇയാളുടെ മെഡിക്കൽ ബിരുദം വ്യാജമാണോ എന്നും സംശയമുയർന്നിട്ടുണ്ട്. പോളും സഹായിയായ വനിതാ നഴ്‌സും ചേർന്ന് ബസ് സ്റ്റാൻഡിൽ നിന്നാണ് മംഗൾ ജെദ്ദെയെ തട്ടിക്കൊണ്ടുപോയതെന്നും കണ്ടെത്തിയിട്ടുണ്ട്. നഴ്‌സുമായും കൊല്ലപ്പെട്ട മംഗളുമായും തനിക്ക് അവിഹിത ബന്ധമുണ്ടായിരുന്നെന്നും പോൾ മൊഴി നൽകിയിട്ടുണ്ട്്.

2003 മുതൽ കാണാതായവരുടെ മൃതദേഹങ്ങളാണ് പൊലീസ് കണ്ടത്തെിയിരിക്കുന്നത്. എന്നാൽ ഇയാൾ ഇതുവരെ ആറുപേരെ മാത്രമാണോ കൊലപ്പെടുത്തിയതെന്ന് ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. അവയവ കച്ചവട റാക്കറ്റുമായി സന്തോഷിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നിരവധി ബോളിവുഡ് സിനിമകൾ ഷൂട്ട് ചെയ്ത ലൊക്കേഷനായ മഹാബലേശ്വർ-പഞ്ച്ഗനി ഹിൽസ്റ്റേഷനുകൾക്ക് സമീപത്തെ കൊച്ചു പട്ടണമായ വായിയിലാണ് കൊലപാതകങ്ങൾ അരങ്ങേറിയത്.