ക്വാലാലംപൂർ: ആധുനിക മലേഷ്യയുടെ പിതാവും, മുൻ പ്രധാനമന്ത്രിയുമായി ഡോ.മഹാതിർ മുഹമ്മദ് രണ്ടാം വരവിനൊരുങ്ങുകയാണ്. രണ്ടുപതിറ്റാണ്ടിലേറെ മലേഷ്യ ഭരിച്ച ശേഷം പിൻവാങ്ങിയ 92 കാരനായ നേതാവ് വീണ്ടും മൽസരിക്കുകയാണ്. പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കാണ് വീണ്ടും മാറ്റുരയ്ക്കുന്നത്.തന്റെ പഴയ രാഷ്ട്രീയ ശത്രുക്കൾ കൂടി ഉൾപ്പെടുന്ന നാലുപ്രതിപക്ഷ മുന്നണികളുടെ സ്ഥാനാർത്ഥി എതിരിടുന്നത് അഴിമതി ആരോപണം നേരിടുന്ന പ്രധാനമന്ത്രി നജീബ് റസാക്കിനെ.

മഹാതിർ മുഹമ്മദ് ഇടക്കാലത്ത് കേരളത്തിൽ വാർത്തകളിൽ നിറഞ്ഞത് കൗതുകകരമായ ഒരു സാമ്യം കൊണ്ടാണ്. മുഖ്യമന്ത്രിയായി പിണറായി വിജയൻ ചുമതലയേറ്റ് നാളുകളിലായിരുന്നു ആ സാമ്യം പത്രത്താളുകളിലും ഓൺലൈനുകളിലും നിറഞഞത്. പിണറായിക്കും മഹാതിറിനും തമ്മിലുള്ള മുഖസാമ്യം.ഒറ്റനോട്ടത്തിൽ മഹാതിറിനെ കണ്ടാൽ പിണറായി തന്നെയല്ലേ എന്ന് തോന്നാം. മഹാതിർ വീണ്ടും രാഷ്ട്രീയഗോദായിലിറങ്ങുമ്പോൾ ഓർമകളിൽ ഓടിയെത്തുക അദ്ദേഹത്തിന് കേരളവുമായുള്ള ബന്ധമാണ്.

ബ്രിട്ടീഷ് മലയയിൽ 1925 ഡിസംബർ 20 നാണ് അദ്ദേഹത്തിന്റെ ജനനം.എന്നാൽ, ജൂലൈ 10 ആണ് മഹാതിറിന്റെ ജന്മനാളെന്നും ചിലർ പറയുന്നു.മഹാതിറിന്റെ മുത്തച്ഛൻ കോഴിക്കോട്ടുകാരനായ ഇസ്‌കന്ദർ കുട്ടി വഴിയാണ് അദ്ദേഹത്തിന്റെ മലയാളി വേരുകൾ.1881 ൽ പെനാങ്കിൽ വച്ച് ജോഹോറിൽ നിന്നുള്ള സിതി ഹവയുമായി ഇസ്‌കന്ദർ കുട്ടിയുടെ നിക്കാഹ് നടന്നു. കെദാ കൊട്ടാരത്തിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ വേണ്ടിയാണ് ഇസ്‌കന്ദർ കുട്ടിയെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി മലായിലേക്ക് കൊണ്ടുവന്നതെന്നാണ് ചരിത്രകാരന്മാർ പറയുന്നു.

അതെ, മഹാതിറിന്റെ വേരുകൾ തേടി എത്തിയാൽ നാം എത്തുക മലബാറിലെ ഒരു മുസ്‌ളിം തറവാട്ടിലായിരിക്കും.മുത്തച്ഛൻ ഒരു കുടിയേറ്റ മലബാറി. എന്നാൽ, രാഷ്ട്രീയത്തിൽ പടവുകൾ ചവിട്ടിക്കയറുന്ന കാലത്തൊന്നും മഹാതിർ തന്റെ മലബാറി ബന്ധം പുറത്തുവിട്ടിരുന്നില്ല. മലേഷ്യയിലെ മലയ് മുസ്‌ളിം സമൂഹത്തിന്റെ സമുന്നതനായ നേതാവിന്റെ മലയാളി ബന്ധം പുറത്തായിരുന്നെങ്കിൽ ഒരുപക്ഷേമലേഷ്യക്ക് ശക്തനായ ഒരു പ്രധാനമന്ത്രിയെ നഷ്ടമായേനെ എന്നുപറയുന്നവരുണ്ട്.തുൻ മഹാതിർ ബിൻ മുഹമ്മദ്് ബിൻ ഇസ്‌കന്ദർ എന്നായിരുന്നു മഹാതിറിന്റെ അച്ഛന്റെ പേര്. വലിയ വരുമാനമൊന്നുമില്ലാത്ത ഒരു സ്‌കൂൾ പ്രിൻസിപ്പിലായിരുന്നു. മുഹമ്മദ്. എന്നിരുന്നാലും മഹാതിറിന്റെ ഇച്ഛാശക്തി ഉയർച്ചയുടെ പടവുകൾ താണ്ടുന്നതിൽ തടസ്സമായതില്ല.പ്രധാനമന്ത്രിയായിരിക്കെ, മഹാതിറിനെ കാണാൻ ഔദ്യോഗിക വസതിയിൽ ചെന്ന മലയാളി പത്രപ്രവർത്തകൻ മലബാറി മലയാളം കേട്ട് ഞെട്ടിയ കഥ മലയാള മനോരമയിലെ തോമസ് ജേക്കബ് നേരത്തെ കുറിച്ചിട്ടുണ്ട്.

അഴിമതി ആരോപണം നേരിടുന്ന പ്രധാനമന്ത്രി നജീബ് റസാക്കിന് ശക്തമായ വെല്ലുവിളിയാകും മഹാതിർ എന്നാണു പ്രതീക്ഷ.ജയിലിൽ കഴിയുന്ന നേതാവ് അൻവർ ഇബ്രാഹിമിന്റെ ഭാര്യയും പീപ്പിൾസ് ജസ്റ്റിസ് പാർട്ടി അധ്യക്ഷയുമായ വാൻ അസീസാഹ് വാൻ ഇസ്മായീലിനെ ഉപപ്രധാനമന്ത്രി സ്ഥാനത്തേക്ക് മൽസരിപ്പിക്കാനും പ്രതിപക്ഷ മുന്നണി തീരുമാനിച്ചു.

നജീബ് റസാക്കിന്റെ അക്കൗണ്ടിൽ 70 കോടി ഡോളർ ഏതോ അജ്ഞാത കേന്ദ്രത്തിൽനിന്നു നിക്ഷേപിച്ചതായി 'വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തതാണ് അഴിമതി ആരോപണങ്ങൾക്കു വഴിതെളിച്ചത്. പിന്നാലെ ഒട്ടേറെ ആരോപണങ്ങൾ ഉയർന്നു. ഈ സാഹചര്യത്തിലാണു തൊണ്ണൂറു കഴിഞ്ഞ മഹാതിറിനെ വീണ്ടും രംഗത്തിറക്കാൻ പ്രതിപക്ഷ മുന്നണി തയാറായത്.

22 വർഷം പ്രധാനമന്തിയായിരുന്ന മഹാതിർ എഴുപത്തിയെട്ടാം വയസിൽ പ്രധാനമന്തിപദത്തിൽ നിന്നു സ്വയം വിരമിക്കുകയായിരുന്നു. ഇതേസമയം, അഴിമതി, സ്വവർഗരതി എന്നീ കുറ്റങ്ങൾക്കു ജയിൽ ശിക്ഷ അനുഭവിക്കുന്ന അൻവർ ഇബ്രാഹിമിന് രാജകീയ മാപ്പു ലഭിച്ചാൽ പ്രധാനമന്ത്രി സ്ഥാനം കൈമാറാമെന്നും മഹാതിറുമായി ധാരണയായിട്ടുണ്ട്.

222 പാർലമെന്റ് സീറ്റുകളിലേക്കും സംസ്ഥാനങ്ങളിലെ 505 സീറ്റുകളിലേക്കും ഒരുമിച്ചാണ് തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി മൊഹമ്മദ് നജീബ് തുൻ റസാക്ക് കഴിഞ്ഞ ആഴ്ചയാണ് പാർലിമെന്റ് പിരിച്ചുവിട്ടത്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാവൽ പ്രധാനമന്ത്രിയായി അദ്ദേഹം തുടരും.
നജീബിന്റെ ദേശീയ മുന്നണിയാണ് സ്വാതന്ത്ര്യത്തിന് ശേഷം കഴിഞ്ഞ 56 വർഷമായി മലേഷ്യ ഭരിക്കുന്നത്. എന്നാൽ 2008ൽ നടന്ന തിരഞ്ഞെടുപ്പിൽ മുന്നണിയുടെ ഭൂരിപക്ഷം വൻതോതിൽ കുറഞ്ഞിരുന്നു.22 വർഷം മലേഷ്യൻ പ്രധാനമന്ത്രി പദത്തിലിരുന്ന മഹാതീർ മുഹമ്മദ് 2003ലാണ് പദവിയിൽനിന്ന് ഒഴിയുന്നത്. ഏറെ വൈകാതെ സജീവരാഷ്ട്രീയത്തിൽനിന്ന് പിന്മാറുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ, തന്റെ മുൻ പാർട്ടിക്കെതിരേ മത്സരിക്കാൻ പഴയ ശത്രുക്കളോടൊപ്പമാണ് മഹാതീർ ചേർന്നിരിക്കുന്നത്.

1981 മുതൽ 2003 വരെയുള്ള സുദീർഘമായ രണ്ടു പതിറ്റാണ്ടിലധികം കാലം മലേഷ്യയുടെ പ്രധാനമന്ത്രി പദവി തുടർചയായി അലങ്കരിച്ച ഡോ.മഹാതീർ ബിൻ മുഹമ്മദ് ആധുനിക മലേഷ്യയുടെ പിതാവായാണ് അറിയപ്പെടുന്നത്. മഹാതീറിന്റെ ഭരണത്തിൻ കീഴിൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും വികസനത്തി ലും സാമ്പത്തിക മേഖലയിലുമെല്ലാം മലേഷ്യ കൈവരിച്ച പുരോഗതി ലോകശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു.

വീണ്ടും പ്രധാനമന്ത്രിയായാൽ ഏറ്റവും പ്രായമേറിയ ലോകനേതാക്കളിൽ ഒരാളാകും. ശതകോടികളുടെ അഴിമതിയാരോപണം നേരിടുന്ന നിലവിലെ പ്രധാനമന്ത്രി നജീബ് റസാക്കിന്റെ കടുത്ത വിമർശകനായാണ് മഹാതിർ മുഹമ്മദ് വീണ്ടും രാഷ്ട്രീയത്തിൽ സജീവമായത്. ഭരണകക്ഷിയായ യുഎംഎഒ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ച മഹാതിർ 2016ൽ പുതിയ പാർട്ടിയായ ബെർസാതു രൂപീകരിച്ച് പ്രതിപക്ഷസഖ്യത്തിൽ ചേർന്നു.ചേരിചേരാ പ്രസ്ഥാനത്തിന്റെ 21-ാമതു സെക്രട്ടറി ജനറലായിരുന്നു അദ്ദേഹം. മൂന്നാംലോക രാഷ്ട്രങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. മഹാതീർ അഴിമതിക്ക് കൂട്ടുനിൽക്കുന്നു എന്നാ രോപിച്ച് ഉറ്റ അനുയായി ആയിരുന്ന അൻവർ ഇബ്രാഹിം മറ്റൊരു പാർട്ടി രൂപീകരിച്ചത് ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ കനത്ത വെല്ലുവിളിയായിരുന്നു. എങ്കിലും മലേഷ്യയുടെ രാഷ്ട്രീയ രംഗത്ത് ഇന്നും മഹാതീർ ശക്തമായ സാന്നിധ്യമാണ്.