ചെന്നൈ : ഇന്ത്യ-പാക് യുദ്ധത്തിലെ വീരനായകൻ കമാൻഡർ ഗോപാൽ റാവു അന്തരിച്ചു. 94 വയസായിരുന്നു. പ്രായാധിക്യത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. മഹാവീർ ചക്ര, വീർ സേന തുടങ്ങിയ സൈനിക ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

1971ലെ ഇന്ത്യാ പാക് യുദ്ധത്തിൽ കറാച്ചി തുറമുഖം പിടിക്കാൻ നിയോഗിക്കപ്പെട്ട ഇന്ത്യൻ നാവിക സേനയുടെ പശ്ചിമ സേനാ വിഭാഗത്തെ നയിച്ചത് കമാൻഡർ ഗോപാൽ റാവു ആയിരുന്നു. പീരങ്കി അഭ്യാസത്തിലെ മികവ് പരിഗണിച്ചാണ് പാക്കിസ്ഥാനെതിരായ കാക്ടസ് ലില്ലി ഓപ്പറേഷന്റെ അമരക്കാരനായി റാവുവിനെ നിയോഗിച്ചത്.

ഓപ്പറേഷൻ കാക്ടസ് ലില്ലിയിലൂടെ ഡിസംബർ നാലിന് അർദ്ധരാത്രിയിലാണ് കറാച്ചി തുറമുഖത്തിന് നേരെ ആക്രമണം നടത്തിയത്. പാക് വ്യോമസേനയും കരസേനയും നാവികസേനയും ഒന്നിച്ചും നിന്ന് ചെറുത്തിട്ടും പാക്കിസ്ഥാൻ സൈന്യത്തെ ഗോപാൽ റാവു ഉൾപ്പെട്ട ഇന്ത്യൻ നാവികപ്പട തകർത്തെറിഞ്ഞു. പാക്കിസ്ഥാന്റെ അതിശക്തമായ ബോംബാക്രമങ്ങളെയും ടാങ്കറുകളേയും തകർത്തെറിഞ്ഞായിരുന്നു ഇന്ത്യൻ സേന കറാച്ചി തുറമുഖം പിടിച്ചത്.

രാജ്യം നാവികസേനാ ദിനമായി ആചരിക്കുന്നതും ഈ വിജയദിനമാണ്. കഴിഞ്ഞ മാസം ചെന്നൈയിൽ 1971ലെ യുദ്ധ വിജയ വാർഷികത്തിന്റെ ആഘോഷത്തിൽ റാവു പങ്കെടുത്തിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ വീൽച്ചെയറിലാണ് റാവു ചടങ്ങിനെത്തിയത്. 1926 നവംബർ 13ന് മംഗലാപുരത്തായിരുന്നു കാസർകോട് പട്ടണഷെട്ടി ഗോപാൽ റാവു എന്ന കമാൻഡർ റാവുവിന്റെ ജനനം. 1950ലാണ് റാവു ഇന്ത്യൻ നാവിക സേനയിൽ ചേരുന്നത്.