മാഹി: മാഹി സെന്റ് തെരേസാ ദേവാലയത്തിലെ തിരുനാൾ ഉത്സവത്തിന്റെ ഭാഗമായി വൻതീർത്ഥാടക തിരക്ക്. വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ആഘോഷത്തിന്റെ പ്രധാന ചടങ്ങായ നഗര പ്രദക്ഷിണം ഇന്ന് നടക്കും. ദീപാലംകൃതമായ രഥത്തിൽ തെരേസാ പുണ്യവതിയുടെ തിരുസ്വരൂപം വഹിച്ചുള്ള നഗര പ്രദക്ഷിണം മത മൈത്രിയുടെ കൂടി ആഘോഷമാണ്. പ്രദക്ഷിണ വഴിയിൽ ഹൈന്ദവരടക്കമുള്ളവർ ദീപം തെളിയിച്ച് അമ്മ ത്രേസ്യയുടെ തിരുസ്വരൂപത്തിന് ആരതി ഉഴിഞ്ഞ് അനുഗ്രഹം തേടും. വീടുകളും വ്യാപാര സ്ഥാപനങ്ങളും അതിന്റെ ഭാഗമായി വർണ്ണാഭമാക്കിയിരിക്കയാണ്.

ഇന്നും നാളേയുമാണ് തിരുനാളിന്റെ പ്രധാന ചടങ്ങുകൾ. ഇന്ന് രാവിലെ മുതൽ തീർത്ഥാടക പ്രവാഹമാണ്. വൈകീട്ട് ഏഴ് മണിക്കാണ് തിരുനാളിന്റെ സുപ്രധാന ചടങ്ങായ നഗര പ്രദക്ഷിണം. മലബാറിലെ മലയോര പ്രദേശങ്ങളിൽ നിന്നുള്ളവരും കോട്ടയം ഭാഗത്തു നിന്നുള്ളവരും ഇന്ന് വൈകീട്ടോടെ എത്തിച്ചേരും. ദക്ഷിണ കേരളത്തിൽ നിന്ന് വാഹനമാർഗവും നിരവധി തീർത്ഥാടകർ കുടുംബസമേതം മാഹിയിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. നാളെ പുലർച്ചേ രണ്ട് മണിക്കാണ് ശയന പ്രദക്ഷിണം. മയ്യഴി മാതാവിനോടുള്ള പ്രാർത്ഥന സഫലമായതിന്റെ ഉപകാര സ്മരണയായിട്ടാണ് വിശ്വാസികൾ ഉരുളൽ നേർച്ചയെന്ന് പറയുന്ന ശയന പ്രദക്ഷിണം നടത്തുക.

ഭക്തജന തിരക്ക് നിയന്ത്രിക്കാനും തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും വിവിധ മൈതാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇന്നും നാളേയും മാഹിയിലെ മദ്യഷാപ്പുകളെല്ലാം അടഞ്ഞു കിടക്കും. ക്രമസമാധാന പാലനത്തിന് പുതുച്ചേരിയിൽ നിന്നും പ്രത്യേക സേനാംഗങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്. കണ്ണൂരിൽ നിന്നുള്ള ശ്വാന സേനയും ബോംബു സ്‌ക്വാഡും മാഹിയിൽ പരിശോധന നടത്തിവുരുന്നുണ്ട്.

മതവും ജാതിയും ഭാഷയും അതിർ വരമ്പിടാത്ത ഉത്സവത്തിന് സാക്ഷ്യം വഹിക്കുകയാണ് മയ്യഴി. മാഹി സെന്റ് തെരേസാസ് പള്ളി പെരുന്നാൾ മതനിരപേക്ഷ മഹോത്സവമായി മാറിയിരിക്കയാണ്. നാനാജാതി മതസ്ഥരും മയ്യഴി മാതാവിന്റെ തിരുസ്വരൂപത്തിൽ മെഴുകുതിരിയും പൂമാലകളും അർപ്പിച്ച് വണങ്ങുന്നു. ഒക്ടോബർ 5 മുതൽ 25 വരെയുള്ള ഉത്സവ കാലത്ത് മതേതര ഇന്ത്യയുടെ ഉത്തമ മാതൃകയായി മാറുകയാണ് മയ്യഴി. മാഹിയിൽ മഹാ ഭൂരിപക്ഷവും ഹിന്ദുക്കളാണ്. പിന്നെ മുസ്ലീങ്ങൾ.

മൂന്നാം സ്ഥാനമേ ക്രൈസ്തവർക്കുള്ളൂ. എങ്കിലും മയ്യഴി മാതാവിനെ ആദരിക്കുന്നതിലും വന്ദിക്കുന്നതിലും ജനങ്ങൾക്ക് ഒരേ മനസ്സാണ്. ജന്മം കൊണ്ട് സ്പെയിൻകാരിയായ തെരേസാ പുണ്യവതി ഫ്രഞ്ച് ഭരണകാലത്താണ് മാഹിയിലെത്തിയത്. ശക്തരായ ഗ്രാമദൈവങ്ങൾ മാഹിയിൽ എമ്പാടുമുള്ളപ്പോഴും വിശുദ്ധ ത്രേസ്യാമ്മയെ പ്രതിഷ്ഠിക്കാനും പള്ളി പണിയാനും മുന്നിട്ടിറങ്ങിയവരാണ് മയ്യഴിക്കാർ. അങ്ങിനെ 1936 ൽ മാഹിയിൽ ഓലമേഞ്ഞ ഒരു ദേവാലയം പണിതു. മാഹി പള്ളി എന്ന് അറിയപ്പെട്ടിരുന്ന ഇതിന്റെ നിർമ്മാണത്തിന് ഫ്രഞ്ച്കാർക്കൊപ്പം മയ്യഴിക്കാരും പ്രവർത്തിച്ചു.

വിദേശ ശക്തിയായ ഫ്രഞ്ച്കാർക്കെതിരെ സമരം ശക്തമായപ്പോൾ മയ്യഴി പള്ളിയോടും ത്രേസ്യാമ്മ്യയോടുള്ള ആദരവിനും ഇളക്കം തട്ടിയില്ല. മാഹിക്കാർക്ക് അവർ മാതാവിന്റെ സ്ഥാനത്തായിരുന്നു. 1948 ൽ മാഹിയിൽ ഫ്രഞ്ച്കാർക്കെതിരെ ജനകീയ വിപ്ലവം ശക്തമായി. അതിനെ അടിച്ചമർത്താൻ ഫ്രഞ്ച് നാവിക സേനയുടെ കപ്പൽ മാഹി പുറം കടലിൽ നങ്കൂരമിട്ടു. ഫ്രഞ്ചുകാർ കൊണ്ടു വന്ന വിശുദ്ധയായിട്ടും മാഹിക്കാർക്ക് ആപൽ സൂചന നൽകിയത് മയ്യഴി പള്ളിയിൽ നിന്നും പള്ളി മണി മുഴക്കിയായിരുന്നു.

നിലക്കാത്ത മുഴക്കം കേട്ട് കാര്യമന്വേഷിച്ചപ്പോഴാണ് അക്രമികളുടെ കയ്യിൽ നിന്നും രക്ഷപ്പെടാനുള്ള സൂചനയായിരുന്നു അത് എന്നറിഞ്ഞത്. ഫ്രഞ്ച് പട്ടാളത്തിന്റെ കണ്ണിൽ പെടാതെ മാഹിക്കാർ അന്ന് പലായനം ചെയ്ത് രക്ഷപ്പെട്ടു. അതോടെ വിശുദ്ധ ത്രേസ്യാമ്മ മയ്യഴിക്കാരുടെ പ്രിയപ്പെട്ട രക്ഷകയായി.