മയ്യഴി: മാഹി സെയ്ന്റ് തെരേസ തീർത്ഥാടനകേന്ദ്രത്തിലെ വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ പ്രധാന തിരുനാൾദിനങ്ങളിലൊന്നായ വ്യാഴാഴ്ച തിരുനാൾ ജാഗരത്തിൽ തിരുസ്വരൂപവുമായി നഗരപ്രദക്ഷിണം നടന്നു. അലങ്കരിച്ച രഥത്തിൽ മയ്യഴി അമ്മയുടെ തിരുസ്വരൂപവുമായി രാത്രി എട്ടിന് തുടങ്ങിയ പ്രദക്ഷിണം നഗരവീഥികളിലുടനീളം സഞ്ചരിച്ച് രാത്രി 11-ഓടെ ദേവാലയത്തിൽ തിരികെ പ്രവേശിച്ചു. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കലിന്റെ നേതൃത്വത്തിൽ വൈദികരടക്കം അഞ്ചുപേരും ഗായകസംഘവും മാത്രമാണ് പ്രദക്ഷിണത്തിൽ പങ്കെടുത്തത്.

രാവിലെ ഏഴിന് ഫാ. ആന്റോ മുരിങ്ങാത്തേരി എസ്.ജെ.യുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി നടന്നു. വൈകുന്നേരം കൊല്ലം രൂപത മെത്രാൻ ഡോ. പോൾ മുല്ലശ്ശേരിയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി ഉണ്ടായി. ദിവ്യബലിക്ക് സെയ്ന്റ് മദർ തെരേസാ കുടുംബ യൂണിറ്റ് നേതൃത്വം നല്കി. പ്രധാന തിരുനാൾ ദിനമായ വെള്ളിയാഴ്ച രാവിലെ ഏഴിന് ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കലിന്റെ കാർമികത്വത്തിലും ദിവ്യബലി അർപ്പിച്ചു. കോഴിക്കോട് രൂപതാ മെത്രാൻ ഡോ. വർഗീസ് ചക്കാലക്കൽ തിരുനാൾ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു.

18 ദിവസത്തെ തിരുനാൾ 22-ന് കൊടിയിറങ്ങും.