- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
12കാരിയായ അനാമിക വിങ്ങിപൊട്ടിയപ്പോൾ മൂന്നര വയസുകാരനായ അനുനന്ദ ഒന്നും അറിയാതെ അച്ഛന്റെ നിശ്ചല മുഖത്തേക്ക് നിസംഗ്ഗം നോക്കി; അനുപ്രിയയും പൊട്ടിക്കരയുക ആയിരുന്നു; അപ്പുറത്ത് നാലാം ക്ലാസുകാരൻ അഭിനവ് ഇപ്പോഴും അച്ഛന്റെ ഓട്ടോയുടെ ശബ്ദത്തിന് കാതോർക്കുന്നു; രണ്ട് വിധവകളുടെ നിലവിളിയാണോ ഈ കുരുന്നുകളുടെ അനാഥത്വമാണോ കൂടുതൽ ഹൃദയഭേദകം? ഉത്തരം പറയൂ നേതാക്കളേ...
കണ്ണൂർ: സിപിഎം. നേതാവ് കണ്ണീപ്പൊയിൽ ബാബുവിന് മൂന്ന് മക്കളാണ്. മൂത്തമകൾ അനാമികയ്ക്ക് പന്ത്രണ്ടുവയസ്സാണ്. ഇളയമകൻ അനുനന്ദുവിന് മൂന്നരയും. അനുനന്ദുവിന് ഒരുചേച്ചികൂടിയുണ്ട് അനുപ്രിയ. ഇവർക്ക് ഇനി അച്ഛനില്ല. കണ്ണൂരിന്റെ രാഷ്ട്രീയ വൈരാഗ്യം ഇവരെ ജീവിതത്തിൽ തനിച്ചാക്കുകയാണ്. ബാബുവിനെ കൊന്നതിന് പകരം വീട്ടാൻ വരമ്പത്തെ പണിക്ക് പാടത്തെ കൂലി. ഷമേജ് ആർ എസ് എസുകാരനായിരുന്നു. എന്നാൽ കഴിഞ്ഞ കുറേ വർഷമായി ഓട്ടോറിക്ഷ ഓടിച്ചായിരുന്നു ജീവിതം മുന്നോട്ട് കൊണ്ടു പോയത്. ജീവതം കരുപിടിപ്പിക്കാനുള്ള ഓട്ടത്തിനിടെ ഷമേജിനെ തേടിയും രാഷ്ട്രീയ ഗുണ്ടകളെത്തി. പകരത്തിന് പകരം ചോദിക്കാൻ. അവിടെ അനാഥമാകുന്നത് എട്ടുപൊട്ടും തിരിയാത്ത നാലു വയസ്സുകാരനും. അച്ഛന്റെ ഓട്ടോയുടെ ശബ്ദത്തിനായി ഇനിയും അഭിനവ് കതോർത്തിരിക്കും. രാഷ്ട്രീയ ഗുണ്ടകൾ തന്റെ അച്ഛനെ വെട്ടിക്കൊന്നത് ഉൾക്കൊള്ളാനുള്ള പ്രായം ഈ കുട്ടിക്ക് ഇനിയും ആയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. കണ്ണീപ്പൊയിൽ ബാബുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കണ്ണീരിൽ നിറഞ്ഞ കാഴ്ചകളായിരുന്നു അവിടെ നിറഞ്ഞത്
കണ്ണൂർ: സിപിഎം. നേതാവ് കണ്ണീപ്പൊയിൽ ബാബുവിന് മൂന്ന് മക്കളാണ്. മൂത്തമകൾ അനാമികയ്ക്ക് പന്ത്രണ്ടുവയസ്സാണ്. ഇളയമകൻ അനുനന്ദുവിന് മൂന്നരയും. അനുനന്ദുവിന് ഒരുചേച്ചികൂടിയുണ്ട് അനുപ്രിയ. ഇവർക്ക് ഇനി അച്ഛനില്ല. കണ്ണൂരിന്റെ രാഷ്ട്രീയ വൈരാഗ്യം ഇവരെ ജീവിതത്തിൽ തനിച്ചാക്കുകയാണ്. ബാബുവിനെ കൊന്നതിന് പകരം വീട്ടാൻ വരമ്പത്തെ പണിക്ക് പാടത്തെ കൂലി. ഷമേജ് ആർ എസ് എസുകാരനായിരുന്നു. എന്നാൽ കഴിഞ്ഞ കുറേ വർഷമായി ഓട്ടോറിക്ഷ ഓടിച്ചായിരുന്നു ജീവിതം മുന്നോട്ട് കൊണ്ടു പോയത്. ജീവതം കരുപിടിപ്പിക്കാനുള്ള ഓട്ടത്തിനിടെ ഷമേജിനെ തേടിയും രാഷ്ട്രീയ ഗുണ്ടകളെത്തി. പകരത്തിന് പകരം ചോദിക്കാൻ. അവിടെ അനാഥമാകുന്നത് എട്ടുപൊട്ടും തിരിയാത്ത നാലു വയസ്സുകാരനും. അച്ഛന്റെ ഓട്ടോയുടെ ശബ്ദത്തിനായി ഇനിയും അഭിനവ് കതോർത്തിരിക്കും. രാഷ്ട്രീയ ഗുണ്ടകൾ തന്റെ അച്ഛനെ വെട്ടിക്കൊന്നത് ഉൾക്കൊള്ളാനുള്ള പ്രായം ഈ കുട്ടിക്ക് ഇനിയും ആയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
കണ്ണീപ്പൊയിൽ ബാബുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കണ്ണീരിൽ നിറഞ്ഞ കാഴ്ചകളായിരുന്നു അവിടെ നിറഞ്ഞത്. പണിതീരാത്ത വീടിനരികിൽ നിറയെ ആളുകൾ. ബാബുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അനിയത്തിയെ ചേർത്തുപിടിച്ചുനിന്നു അനാമിക. ആരും ഉറക്കെ നിലവിളിച്ചില്ല. അച്ഛന്റെ നരവീണ താടിയിൽ തടവി ഒന്ന് ഉമ്മവെയ്ക്കാൻ പോലുമാകാതെ അവർ സ്തബ്ദരായിരുന്നു. ആരുമില്ലാത്ത അവസ്ഥ തങ്ങളെ തേടി വന്നുവെന്ന് അവർ തിരിച്ചറിയുന്നു. അധികം അകലെ അല്ലാതെയാണ് ഷമേജിന്റെ വീട്. കൊല്ലപ്പെട്ട ബിജെപി. പ്രവർത്തകൻ ഷമേജിന് ഒരു മകനേയുള്ളൂ. നാലാംക്ലാസുകാരൻ അഭിനവ്. അച്ഛൻവരുന്നതുകാത്ത് രാത്രി അവനെന്നും ഉറങ്ങാതിരിക്കാറുണ്ട്. ഓട്ടോറിക്ഷയുടെ ശബ്ദം കേൾക്കുമ്പോൾ അച്ഛൻ വന്നെന്ന് അമ്മയോട് വിളിച്ചുപറയും. ഈ മകനാണ് അച്ഛനെ നഷ്ടമാകുന്നത്.
തിങ്കളാഴ്ച വീട്ടിലേക്ക് വരുംവഴിയാണ് ഷമേജിന് വെട്ടേറ്റത്. അച്ഛനെന്തോ പറ്റിയെന്ന് അവനറിയാമായിരുന്നു. വൈകീട്ട് കെട്ടിപ്പൊതിഞ്ഞ് വീട്ടിൽക്കൊണ്ടുവന്ന അച്ഛന്റെ ശരീരം അവന് കാണാനായില്ല. അമ്മയെ ചേർത്തുപിടിച്ച് അവൻ കരഞ്ഞു. അച്ഛനെ ഇങ്ങനെ കാണേണ്ടെന്ന് വിളിച്ചുപറഞ്ഞു. ഇതിന് മുന്നിൽ ഏവരും പതറിപോയി. അപ്പോഴും നേതാക്കൾ പതറാതെ അവിടെയുണ്ട്. പകരം വീട്ടാനുള്ള കണക്കെടുപ്പാണ് നടക്കുന്നത്. രണ്ട് കൊലപാതകങ്ങൾ കണ്ണൂരിനെ തൽകാലം ശാന്തമാക്കും. പക്ഷേ നുരഞ്ഞ് പതയുന്ന പക അവിടെയുണ്ട്. അതിനിയും കുട്ടികളെ അനാഥരാക്കും. ഭാര്യമാരെ വിധവകളും. ഇവരുടെ കണ്ണീരിനും കണ്ണൂരിലെ കൊലപാതകളിയെ നിയന്ത്രിക്കാനാകുന്നില്ല. എല്ലാം കണ്ട് ഉൾച്ചരിയുമായി പുതിയ തീരുമാനങ്ങൾ ഇനിയും നേതാക്കളെടുക്കും. ഇതിലൂടെ രക്തസാക്ഷികളും ബലിദാനികളും വീണ്ടും സൃഷ്ടിക്കപ്പെടും.
മാഹിയിലെ കൊലയിൽ രണ്ടുവീട്ടിലും പാറിനിന്ന കൊടികളുടെ നിറം വ്യത്യസ്തമായിരുന്നു. എന്നാൽ ഈ വീട്ടുകാരുടെ ദുഃഖം അത് ഒന്നു തന്നെയായിരുന്നു. ഉറ്റവരുടെ കണ്ണുനീരിന് നിറവും സമം. പക്ഷേ ഇതൊന്നും കാണാണ്ടവർ കാണുന്നില്ല. അതുകൊണ്ട് തന്നെ കണ്ണൂർ കലുഷിതമായി തന്നെ തുടരും. സമാധാന ശ്രമങ്ങൾ നേതാക്കൾ തമ്മിലെ കുശലം പറച്ചിലിലും കാപ്പി കുടിയിലും ഇനിയും അവസാനിക്കും. പണി പൂർത്തിയാകാത്ത വീടിനു സമീപമാണു ബാബുവിനു ചിതയൊരുക്കിയത്. ബാബുവിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയ്ക്കിടെ ഇരട്ടപ്പിലാക്കൂലിലെ ബിജെപി ഓഫിസിനു നേരെ അക്രമമുണ്ടായി. ഷമേജിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തു വിട്ടു നൽകാൻ വൈകിയതിനെ തുടർന്നു ബിജെപി,ആർഎസ്എസ് പ്രവർത്തകർ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്തു പ്രതിഷേധിച്ചു.
രണ്ടു വിലാപയാത്രകളും ഒരുമിച്ചു കടന്നുപോകുന്നതൊഴിവാക്കാൻ പൊലീസ് ഇടപെട്ടാണു മൃതദേഹം വിട്ടുനൽകൽ വൈകിച്ചതെന്നാണു സൂചന.
സഖാവിന് നൽകിയത് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി
പള്ളൂരിൽ കൊലചെയ്യപ്പെട്ട സിപിഎം. ലോക്കൽ കമ്മിറ്റിയംഗം ബാബു കണ്ണിപ്പൊയിലിന് ആയിരങ്ങളുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലിയാണ് സിപിഎം നൽകിയത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം സിപിഎം. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, ജില്ലാ സെക്രട്ടറി പി.ജയരാജൻ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. വിലാപയാത്രയായി പള്ളൂരിലെത്തിച്ച മൃതദേഹം അഞ്ചുമണിയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
തളിപ്പറമ്പ്, പാപ്പിനിശ്ശേരി, കണ്ണൂർ, താഴെചൊവ്വ, എടക്കാട്, മുഴപ്പിലങ്ങാട്, ധർമടം, മീത്തലെപീടിക എന്നിവിടങ്ങളിൽ അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കിയിരുന്നു. ഇവിടെയൊക്കെ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി കാത്തുനിന്നു. മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര എത്തുമ്പോഴേക്കും തലശ്ശേരി പുതിയ ബസ്സ്റ്റാൻഡ് പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു. വാഹനത്തിൽനിന്ന് ഇറക്കിയ മൃതദേഹം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ കിടത്തി. മൃതദേഹത്തിൽ വിവിധ പോഷകസംഘടനാ ഭാരവാഹികൾ റീത്ത് സമർപ്പിച്ചു. മുദ്രാവാക്യംവിളി ഒരേ സ്വരത്തിൽ ഉയർന്നു. ഒപ്പം പ്രവർത്തകർ നിരയായെത്തി അന്ത്യോപചാരം അർപ്പിക്കുകയുംചെയ്തു. അരമണിക്കൂർകൊണ്ട് പൊതുദർശനം അവസാനിപ്പിച്ചു.
തുടർന്ന് മൃതദേഹം പള്ളൂരിലേക്ക് കൊണ്ടുപോയി. വപള്ളൂർ ലോക്കൽ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വെച്ചശേഷമാണ് വീട്ടിലെത്തിച്ചത്. നാട്ടുകാർക്കും പ്രവർത്തകർക്കും അന്ത്യോപചാരമർപ്പിക്കാൻ അവസരമൊരുക്കിയത് പാർട്ടി ഓഫീസിലായിരുന്നു. വീട്ടിലേക്ക് അധികമാരെയും കടത്തിവിട്ടില്ല. ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, പി.ജയരാജൻ എന്നിവർ ആദ്യവസാനം മൃതദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇവർക്ക് മുമ്പിലായിരുന്നു ബാബുവിന്റെ മൂന്ന് മക്കളും തങ്ങളുടെ ദുഃഖം കടിച്ചമർത്തി അച്ഛന് വിട നൽകിയത്.
വിലാപയാത്രയ്ക്കും പൊതുദർശനത്തിന് ശേഷം ഷമേജിനും വിട
കൊല്ലപ്പെട്ട ആർഎസ്എസ്. പ്രവർത്തകൻ പെരിങ്ങാടിയിലെ ഷമേജിന്റെ മൃതദേഹം പ്രതീക്ഷിച്ചതിലും വൈകിയാണ് വീട്ടിലെത്തിക്കാനായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്?പത്രിയിൽനിന്ന് പരിശോധനയ്ക്കുശേഷം മൃതദേഹം വിട്ടുകിട്ടുമ്പോൾതന്നെ ഉച്ചകഴിഞ്ഞിരുന്നു. ഒരുമണിയോടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര മാഹിയിലെത്തുമെന്നായിരുന്നു പ്രതീക്ഷ. ഇതനുസരിച്ച് പ്രവർത്തകർ ഇവിടെ കാത്തുനിന്നു. എന്നാൽ വൈകുന്നേരം 5.30-ഓടെയാണ് വിലാപയാത്ര ന്യൂമാഹിയിലെത്തിയത്. അരമണിക്കൂറോളം ടൗണിൽ പൊതുദർശനത്തിനു വെച്ചു. തുടർന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ന്യൂമാഹി ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് സമീപത്തെ വായനശാലയിലും പെരിങ്ങാടിയിലെ വീട്ടിലും പൊതുദർശനത്തിനു വെച്ചശേഷം രാത്രി ഏഴോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
മൃതദേഹം വീട്ടിലെത്തിയപ്പോഴേക്കും കനത്ത മഴ തുടങ്ങി. സ്ത്രീകളുൾപ്പെടെ നിരവധിപ്പേർ ഷമേജിന്റെ വീട്ടിൽ അന്ത്യോപചാരമർപ്പിക്കാനെത്തി. ഇവരുടെ വിലാപം മഴയുടെ ഇരമ്പലിലും ഉയർന്നുനിന്നു. ആർഎസ്എസ്. കേരള പ്രാന്ത കാര്യവാഹക് പി.ഗോപാലൻകുട്ടി, സഹ പ്രാന്ത പ്രചാരക് എസ്.സുദർശൻ, കേരള പ്രാന്ത സമ്പർക്ക പ്രമുഖ് പി.പി.സുരേഷ് ബാബു തുടങ്ങി സംഘപരിവാർ സംഘടനകളുടെ ഒട്ടേറെ നേതാക്കൾ മൃതദേഹത്തെ അനുഗമിച്ചിരുന്നു. ബിജെപി. നേതാക്കളായ സി.കെ.പത്മനാഭൻ, പി.സത്യപ്രകാശ്, കെ.കെ.വിനോദ്കുമാർ, കെ.വിജയകുമാർ, വി.പി.ഷാജി, വി.മണിവർണൻ, എംപി.സുമേഷ്, ശ്യാം മോഹൻ തുടങ്ങിയവർ ചേർന്ന് ന്യൂമാഹി ടൗണിൽ മൃതദേഹം ഏറ്റുവാങ്ങി.
ബാബുവിന്റെ ജീവനെടുത്തത് കഴുത്തിലെ ഒറ്റ വെട്ട്; ഷമേജിന്റേത് ടിപി മോഡൽ
ബാബുവിന്റെ മരണത്തിനു കാരണമായത് കഴുത്തിനേറ്റ ആഴത്തിലുള്ള വെട്ടായിരുന്നു എട്ടുപേരടങ്ങിയ പ്രഫഷനൽ സംഘമാണു കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ബാബുവിന്റെ കൊലപാതകത്തിനുള്ള തിരിച്ചടിയായാണ് ആർഎസ്എസ് പ്രവർത്തകൻ കെ.പി.ഷമേജിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. ശരീരത്തിലാകെ മുപ്പതിലേറെ വെട്ടുകളുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
ഷമേജിന്റെ മുഖത്തും തലയിലാകെയും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. മുഖത്ത് മാരകമായ രണ്ട് വെട്ടുകൾ ഉണ്ടായിരുന്നു. കണ്ണും മൂക്കും അടക്കം പിളർന്ന നിലയിലായിരുന്നു. തലയുടെ പിന്നിലുള്ള ആഴത്തിലുള്ള മുറിവ് ചെവി വരെ നീണ്ടു. വലതുകൈയ്ക്ക് മുട്ടിനു താഴെ മുറിവേറ്റിരുന്നു. രണ്ട് കൈപ്പത്തികളും മുറിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. കൈവിരലുകൾ പലതും അറ്റുപോയി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് അക്രമസ്ഥലത്ത് നിന്ന് കണ്ടെത്തിയ കൈവിരലുകൾ എത്തിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒൻപതിനാണു പള്ളൂർ കൊയ്യോടൻ കോറോത്ത് ക്ഷേത്രത്തിനു സമീപത്തു ബാബുവിനു വെട്ടേറ്റത്. തുടർന്ന് അരമണിക്കൂറിനുള്ളിൽ ന്യൂമാഹി പെരിങ്ങാടി റോഡിൽ ഷമേജിനും വെട്ടേറ്റു. കൊലപാതകത്തെ തുടർന്നു തലശ്ശേരി, മാഹി മേഖലകളിൽ സംഘർഷങ്ങളുണ്ടായി. മാഹി കോസ്റ്റൽ പൊലീസിന്റെ ജീപ്പിനും ഒരു സംഘം തീവച്ചു. സംഘർഷം നിയന്ത്രിക്കാൻ വൻ പൊലീസ് സംഘം സ്ഥലത്തുണ്ട്. ബാബു കൊല്ലപ്പെട്ട കേസ് പുതുച്ചേരി എസ്‌പി ദേവശിഖാമണി അന്വേഷിക്കും. എട്ടു വർഷം മുൻപു മേഖലയിലുണ്ടായ ഇരട്ടക്കൊലപാതകത്തിനു തിരിച്ചടിയായാണു ബാബുവിന്റെ കൊലപാതകമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
എട്ടംഗ സംഘത്തിൽ നാലു പേർ ചേർന്നു ബാബു വീട്ടിലേക്കു കയറുന്നതു തടഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബാബുവിനെ മറ്റു നാലു പേർ ചേർന്നു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നാണു സൂചന. കൃത്യമായി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും പൊലീസ് വ്യക്തമാക്കി. കഴുത്തിനും വയറിനുമേറ്റ ആഴത്തിലുള്ള മുറിവുകളാണു മരണകാരണം. നാല് ആർഎസ്എസ് പ്രവർത്തകരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ബാബുവിന്റെ കൊലപാതക വിവരം അറിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു ബിജെപി പള്ളൂർ ഈസ്റ്റ് പെരിങ്ങാടി ബൂത്ത് പ്രസിഡന്റ് കൂടിയായ ഷമേജിനു നേരെ ആക്രമണമുണ്ടായത്. ആറംഗ സംഘം ഷമേജിന്റെ ഓട്ടോറിക്ഷ തടഞ്ഞു. അക്രമികളെ കണ്ടതിനെ തുടർന്ന് ഓട്ടോറിക്ഷ നിർത്തി ഓടിയ ഷമേജിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഷമേജ് കൊല്ലപ്പെട്ട സംഭവത്തിൽ ആറു സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രദേശത്തെ സ്ഥിരം ക്രിമിനലുകളെയും ഗുണ്ടാ സംഘങ്ങളെയും അന്വേഷിക്കുന്നുണ്ടെന്നു പൊലീസ് വ്യക്തമാക്കി.