തിരുവനന്തപുരം: കൈത്തണ്ടയിലും തുടയിലും ഭർതൃവീട്ടിൽ നിന്ന് നേരിടേണ്ടി വന്ന പീഡനങ്ങൾ എഴുതിവച്ചശേഷമാണ് മഹിജ ജീവനൊടുക്കിയത്. ഭർതൃമാതാവിനും പിതാവിനുമെതിരായ സങ്കടങ്ങളായിരുന്നു കണ്ണീരിൽ കുതിർന്ന ആ അക്ഷരങ്ങൾ. ഇൻക്വസ്റ്റ് വേളയിൽ ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ പൊലീസ് അവ രേഖപ്പെടുത്താൻ ശ്രമിച്ചെങ്കിലും പല അക്ഷരങ്ങളും അവ്യക്തമായ നിലയിലായിരുന്നു. അതുകൊണ്ട് തന്നെ രേഖപ്പെടുത്താനായില്ല. ഈ സാഹചര്യത്തിലാണ് ഭർതൃവീട്ടിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരണത്തിൽ അന്വേഷണം വേണമെന്ന് ബന്ധുക്കൾ പറയുന്നത്.

വിളപ്പിൽ പുളിയറക്കോണം വെള്ളൈക്കടവ് അച്ചത്ത് മഹേഷ് ഭവനിൽ പരേതനായ മോഹനന്റെയും മണിയമ്മയുടേയും മകൾ മഹിജ മോഹനനെയാണ് (25) ഭർത്താവ് അഭിലാഷിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മഹിജയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത പൊലീസുദ്യോഗസ്ഥർക്കും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം.

രണ്ടര വർഷം മുമ്പായിരുന്നു മഹിജയുടെ വിവാഹം. കൂലിപ്പണിക്കാരനായ പിതാവിന്റെ മരണശേഷം കെ.എസ്.ഇ.ബി ജീവനക്കാരനായ സഹോദരൻ മഹേഷ് ഏറെ പാടുപെട്ടാണ് മഹിജയെ പ്‌ളംബറായ അഭിലാഷ് കുമാറിനൊപ്പം വിവാഹം ചെയ്ത് അയച്ചത്. കൂലിപ്പണിക്കാരനായ പിതാവും വീട്ടമ്മയായ മാതാവും ഇളയ സഹോദരനുമുൾപ്പെട്ട ചെറിയ കുടുംബമായിരുന്നു അഭിലാഷിന്റേത്. പ്രണയ വിവാഹിതനായിരുന്ന സഹോദരൻ ഭാര്യയുമായി വേറെ താമസമായതോടെ അഭിലാഷും മഹിജയുമായിരുന്നു മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞുവന്നത്. കുടുംബ വീടുൾപ്പെടെ മൂന്ന് സെന്റ് സ്ഥലവും പതിമൂന്ന് പവൻ സ്വർണവും നൽകിയാണ് മഹേഷ് സഹോദരിയെ വിവാഹം കഴിപ്പിച്ചത്. ഒന്നര വർഷം മുമ്പ് ഒരു മകൾ പിറന്നശേഷവും സ്വർണത്തിന്റെയും പണത്തിന്റയും പേരിലും പീഡനം തുടങ്ങി. ഇതിന്റെ ബാക്കി പത്രമാണ് മഹിജയുടെ മരണമെന്നാണ് ആരോപണം. ഭർത്താവിന്റെ മാതാപിതാക്കളിൽ നിന്നുള്ള മാനസിക പീഡനം പലതവണ മഹിജ അഭിലിഷിനോടും തന്റെ സഹോദരനായ മഹേഷിനോടും പറഞ്ഞിരുന്നു

ഇതോടെ ഭർതൃവീട്ടിൽ നിന്ന് മാറി താമസിക്കുന്നതോടെ പ്രശ്‌നങ്ങൾ തീരുമെന്ന് കരുതി അഭിലാഷിന്റെ കുടുംബത്തോട് ചേർന്നുള്ള വസ്തുവിൽ ഒരു ചെറിയ വീട് നിർമ്മിക്കാൻ ആരംഭിച്ചു. ഇതിനിടെ വീടുപണിക്ക് പത്ത് ലക്ഷം രൂപ വായ്പ നൽകിയതായി മഹേഷ് പറഞ്ഞെന്നാരോപിച്ചുണ്ടായ വഴക്കാണ് മഹിജയുടെ മരണത്തിൽ കലാശിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച മഹേഷ് ഓഫീസിൽ ഡ്യൂട്ടിയിലായിരിക്കെ പത്തര മണിയോടെ മഹിജയുടെ ഫോണെത്തി. വീട് പണിക്ക് പത്തുലക്ഷം രൂപ അഭിലാഷിന് വായ്പ നൽകിയോ എന്ന് ആരാഞ്ഞായിരുന്നു ഫോൺ. വായ്പ നൽകിയിട്ടില്ലെന്നും തന്റെ പക്കൽ പണമില്ലെന്നും പറഞ്ഞ മഹേഷ് കാര്യമെന്തെന്ന് തിരക്കി. പണം കടം നൽകിയതായി മഹേഷ് ആരോടോ പറഞ്ഞുവെന്നാരോപിച്ച് വീട്ടിൽ ഭർത്തൃപിതാവും മാതാവും വഴക്കുണ്ടാക്കുന്നുവെന്നായിരുന്നു മഹിജയുടെ പരാതി.

അഭിലാഷ് ഡ്യൂട്ടിയിൽ തുടരുന്നതിനിടെ ഉച്ചഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ മഹിജയുടെ വീട് പണി സ്ഥലത്ത് പെയിന്റിങ് ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളിയാണ് മഹേഷിന്റെ ഓഫീസിലേക്ക് വിളിച്ച് സഹോദരിക്ക് സുഖമില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അറിയിച്ചത്. മഹേഷ് ഉടൻ അഭിലാഷിനെയും അയാളുടെ അച്ഛനമ്മമാരെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മഹിജയെ ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അറിഞ്ഞ മഹേഷ് ജോലി സ്ഥലത്തുനിന്ന് സുഹൃത്തിന്റെ കാറിൽ അവരുടെ വീടിന് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെത്തി.

ഐ.സിയുവിൽ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഓക്‌സിജൻ നൽകി റഫർചെയ്യാനായി കിടത്തിയിരിക്കുന്ന മഹിജയെയാണ് മഹേഷിന് കാണാനായത്. ശ്വാസം മുട്ടലും വെപ്രാളവും കാട്ടിയ മഹിജയെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മഹിജയുടെ മരണത്തിനുത്തരവാദികൾക്കെതിരെ സ്ത്രീധന - ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുക്കണമെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് മഹിജയുടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും ആവശ്യം.

കുറച്ചുനാളുകളായി പലകാരണങ്ങൾ പറഞ്ഞ് ഭർത്താവിന്റെ ബന്ധുക്കൾ മഹിജയെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സഹോദരൻ മഹേഷ് പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. വിവാഹവേളയിൽ ആവശ്യപ്പെട്ട സ്ത്രീധനം കൊടുത്തിട്ടും കൂടുതൽ സ്ത്രീധനത്തിനായി മഹിജയുടെ ഭർത്തൃബന്ധുക്കൾ തങ്ങളെ ശല്യപ്പെടുത്തിയിരുന്നതായി മഹേഷ് പറയുന്നു. ഭർത്താവ് ഇതിനെ എതിർക്കാൻ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്.

മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം മഹിജയുടെ വീട്ടിൽ സംസ്‌കരിച്ചു. ഒന്നര വയസ്സുള്ള അക്ഷര ഏകമകളാണ്. പരേതനായ മോഹനന്റെയും മണിയമ്മയുടെയും മകളാണ് മഹിജ.