- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കു മുഖ്യമന്ത്രി പിണറായി വിജയൻ കൊടുത്ത ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല; ഡിഎൻഎ പരിശോധനയും നടത്താൻ പറ്റാതായതോടെ സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ട് മകൻ മരിച്ച അമ്മ; ഇനി പ്രതീക്ഷ സിബിഐ അന്വേഷണത്തിൽ; മനുഷ്യാവകാശ കമ്മീഷനെയും സെൻകുമാറിനെയും കാണും
നാദാപുരം: പാമ്പാടി നെഹ്‌റു കോളെജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വളയം പൂവം വയലിലെ ജിഷ്ണു പ്രണോയിയുടെ കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബം നിയമനടപടികളിലേക്ക്. ഇത് സംബന്ധിച്ച് കുടുംബാംഗങ്ങൾ നാളെ കോഴിക്കോട്ട് മനുഷ്യാവകാശ കമ്മിഷനെയും അടുത്ത ദിവസം പുതിയ ഡിജിപി സെൻകുമാറിനെയും നേരിൽ കാണും. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പുകൾ ഒന്നും തന്നെ പാലിച്ചില്ലന്നും സർക്കാരിലിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടതായുമാണ് ജിഷ്ണുവിന്റെ അമ്മ മഹിജ പറയുന്നത്. പൊലീസ് കേസ് അട്ടിമറിക്കുകയാണ്. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ വച്ച് തന്നെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥക്കെതിരെയും ജിഷ്ണുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അട്ടിമറിച്ച ഡോ. ജെറി ജോസഫിനെതിരെയും തന്റെ മകന്റെ പേരിൽ വ്യാജ ആത്മഹത്യാ കുറിപ്പ് നിർമ്മിച്ചവർക്കെതിരെയും എഫ്‌ഐആറിൽ കൃതിമം കാണിച്ച എസ്‌ഐക്കെതിരെയും നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയിരുന്നു. സമരം അവസാനിപ്പിക്കുമ്പോൾ സർക്
നാദാപുരം: പാമ്പാടി നെഹ്‌റു കോളെജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വളയം പൂവം വയലിലെ ജിഷ്ണു പ്രണോയിയുടെ കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബം നിയമനടപടികളിലേക്ക്. ഇത് സംബന്ധിച്ച് കുടുംബാംഗങ്ങൾ നാളെ കോഴിക്കോട്ട് മനുഷ്യാവകാശ കമ്മിഷനെയും അടുത്ത ദിവസം പുതിയ ഡിജിപി സെൻകുമാറിനെയും നേരിൽ കാണും.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പുകൾ ഒന്നും തന്നെ പാലിച്ചില്ലന്നും സർക്കാരിലിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടതായുമാണ് ജിഷ്ണുവിന്റെ അമ്മ മഹിജ പറയുന്നത്. പൊലീസ് കേസ് അട്ടിമറിക്കുകയാണ്. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ വച്ച് തന്നെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥക്കെതിരെയും ജിഷ്ണുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അട്ടിമറിച്ച ഡോ. ജെറി ജോസഫിനെതിരെയും തന്റെ മകന്റെ പേരിൽ വ്യാജ ആത്മഹത്യാ കുറിപ്പ് നിർമ്മിച്ചവർക്കെതിരെയും എഫ്‌ഐആറിൽ കൃതിമം കാണിച്ച എസ്‌ഐക്കെതിരെയും നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയിരുന്നു. സമരം അവസാനിപ്പിക്കുമ്പോൾ സർക്കാർ തന്റെ കുടുംബവുമായുണ്ടാക്കിയ പത്ത് കരാറുകളും പൂർണ്ണമായും ലംഘിച്ചിരിക്കുകയാണെന്നാണ് മഹിജയുടെ കുറ്റപ്പെടുത്തൽ.
അന്വേഷണം അട്ടിമറിക്കപ്പെട്ട സാഹചര്യത്തിൽ കേസ് സിബിഐ അന്വേഷിക്കാതെ യഥാർത്ഥ ചിത്രം പുറത്തുവരില്ലെന്നാണ് കുടുംബത്തിന്റെ വികാരം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജിഷ്ണുവിന്റെ അച്ഛൻ അശോകൻ കഴിഞ്ഞ ദിവസം കുറ്റ്യാടിയിൽ വച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത് നൽകിയിരുന്നു. മരണം സംഭവിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തതിലും സർക്കാർ നൽകിയ ഉറപ്പുകൾ ഒന്നുപോലും പാലിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത്തിനാലുമാണ് കേസ് സിബിഐയെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് കുടുംബം സി.പി.എം നേതൃത്വത്തെ കണ്ടത്. എന്നാൽ, ജിഷ്ണുവിന്റെ അച്ഛൻ നൽകിയ കത്തിനോട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാൻ കോടിയേരി ഇതുവരെയും തയ്യാറായിട്ടില്ല
ജിഷ്ണുവിന്റെ രക്തസാമ്പിൾ സംബന്ധിച്ച പുതിയ റിപ്പോർട്ട് പുറത്തുവന്നതോടെ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പരന്നിരുന്നു. കോളെജിലെ ഇടിമുറിയിൽ നിന്നും അന്വഷണ സംഘത്തിന് ലഭിച്ച രക്തസാമ്പിൾ ജിഷ്ണുവിന്റേതാണെന്ന് നേരത്തെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. മുറിയിലെ ചുമരിൽ നിന്നും ലഭിച്ച രക്തക്കറയും മരിച്ച ജിഷ്ണുവിന്റെ രക്തവും ഒ പോസിറ്റീവാണെന്നും കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഈ മുറിയിൽ വച്ചു ജിഷ്ണു പ്രണോയ് കോളെജ് അധികൃതരുടെ ക്രൂര മർദ്ദനത്തിനിരയായിട്ടുണ്ടെന്ന വിവരം പുറത്തായത്. ഇത് സാധൂകരിക്കുന്നതായിരുന്നു നേരത്തെ സഹപാഠികൾ പൊലീസിന് നൽകിയ മൊഴിയും.
ഇതോടൊപ്പം ഡിഎൻഎ പരിശോധനക്കായി ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്തസാമ്പിളും അന്വേഷണസംഘം ശേഖരിച്ചിരുന്നു. എന്നാൽ, കോടതിയുടെ നിർദ്ദേശ പ്രകാരം പൊലീസ് ഫോറൻസിക് ലാബിൽ പരിശോധനക്കയച്ച സാമ്പിൾ വേർതിരിച്ചെടുക്കാൻ കഴിയുന്നില്ലെന്ന റിപ്പോർട്ടാണ് സർക്കാരിനെ വീണ്ടും പ്രതിക്കൂട്ടിലാക്കിയത്. ജിഷ്ണുവിന്റെ രക്തസാമ്പിളിൽനിന്നും ഡിഎൻഎ വേർതിരിച്ചെടുക്കാനാവുന്നില്ലെന്നാണ് ഇവർ പറയുന്നത്. ജിഷ്ണുവിന്റെ മരണത്തത്തിന് മൂന്നര മാസത്തിന് ശേഷമാണ് മർദ്ദനമേറ്റ മുറി പൊലീസ് പരിശോധിച്ചു രക്തസാമ്പിൾ കണ്ടെത്തിയത്. പരിശോധനയിലെ കാലതാമസം പ്രതികളെ രക്ഷപ്പെടുത്താനും കേസ് അട്ടിമറിക്കാനും ഉദ്ദേശിച്ചാണെന്ന് ബന്ധുക്കൾ അന്നുതന്നെ ആരോപിച്ചിരുന്നു. ഇടിമുറിയിൽനിന്നും ആവശ്യത്തിന് രക്തസാമ്പിൾ കിട്ടിയിട്ടുണ്ടെന്ന് അന്ന് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ ഇത് ലാബിൽ എത്തിയപ്പോഴേക്കും സാമ്പിളുകളുടെ അളവിൽ കുറവുവന്നത് എങ്ങനെ എന്നതും ദുരൂഹമായി തുടരുകയാണ്.
കേസിന്റെ തുടക്കത്തിൽ തന്നെ എഫ്‌ഐആറിൽ തിരിമാറി നടത്തിയതായും പോസ്റ്റ്‌മോർട്ടം റിപ്പോർട് അട്ടിമറിച്ചതായും പരാതി ഉയർന്നിരുന്നു. സംഭവം നടന്ന് ഒരാഴ്ചയ്ക്കു ശേഷം ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞെങ്കിലും ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. ജിഷ്ണു ആത്മഹത്യയ്ക്കു ശ്രമിച്ച മുറി ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനയ്ക്ക് മുൻപ് തുറന്നതും തെളിവ് നശിപ്പിക്കാനിടയാക്കി. ആദ്യ അന്വേഷണ സംഘത്തെ മാറ്റി കേസ് പുതിയ ഉദ്യോഗസ്ഥരെ ഏല്പിച്ചെങ്കിലും മുൻകൂർ ജാമ്യം ലഭിക്കുന്നതിന് മുൻപ് അവർക്കും പ്രതികളെ പിടികൂടാനായില്ല.
ജിഷ്ണുവിന്റെ ശരീരത്തിൽ കണ്ട മുറിവുകളും രക്തം കട്ട പിടിച്ച പാടുകളും എഫ് ഐ ആറിലോ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലോ പരാമർശിക്കപ്പെടാത്തതും കേസിനെ പ്രതികൂലമായി ബാധിച്ചു. കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് വിധേയമാക്കാതെ പ്രതികൾക്ക് മാസങ്ങളോളം ഒളിവിൽ കഴിയാനും മുൻകൂർ ജാമ്യത്തിന് സഹായമൊരുക്കാനും പൊലീസിലെ ഉന്നതർ കൂട്ടുനിന്നതായി മഹിജയുടെ കുടുംബം ആരോപിച്ചിരുന്നു. കേസ് അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണം മുഖ്യമന്ത്രി പിണറായി വിജയനെയും, ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ടായിരുന്നു.
തിരുവനന്തപുരത്തു മഹിജയും വളയത്തെ വീട്ടിൽ ജിഷ്ണുവിന്റെ സഹോദരി ആവിഷ്ണയും നടത്തിയ നിരാഹാര സമരം കേരളസമൂഹത്തിൽ ഏറ്റവുംകൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവങ്ങളിലൊന്നായിരുന്നു. സമരത്തെ പൊതുസമൂഹം ഏറ്റെടുത്തതോടെ സർക്കാർ ഒത്തുതീർപ്പിന് നിർബന്ധിതമാകുകയും കരാർ ഒപ്പിടുകയുമായിരുന്നു. ഈ കരാർ മുഖ്യമന്ത്രി അട്ടിമറിച്ചിരിക്കുകയാണെന്നും അത്തരമൊരു സാഹചര്യത്തിൽ പുതിയ ഡിജിപിയായി ചുമതലയേറ്റ ടി.പി. സെൻകുമാറിനെ കണ്ട് പരാതി നൽകുമെന്നും മഹിജ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട ഓരോ വെളിപ്പെടുത്തലുകളും സർക്കാരിനെ കൂടുതൽ പ്രതിക്കൂട്ടിലാക്കുകയാണ്. കേസിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഡിഎൻഎ പരിശോധനയും ഫോറൻസിക് റിപ്പോർട്ടും അട്ടിമറിക്കപ്പെട്ടതോടെ പ്രതികളെ രക്ഷപ്പെടുത്താൻ ഒത്തുകളിച്ചതായുള്ള ബന്ധുക്കകളുടെ ആരോപണത്തിന് ബലമേറുകയാണ്. ഡിഎൻഎ പരിശാധനക്കായി നൽകിയ ജിഷ്ണുവിന്റേതെന്നു കരുതുന്ന രക്ത സാമ്പിൾ ശരിയായ വിധത്തിൽ പൊലീസിന് ലാബിൽ നൽകാൻ കഴിയാത്തത് പരിശോധന ഫലം പരാജയപ്പെടാൻ നിമിത്തമായെന്നും വിമർശമുണ്ട്. ഇത് കേസ് ശാസ്ത്രീയമായി തെളിയിക്കാനുള്ള പൊലീസ് നടപടികൾക്ക് വൻ തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.