കണ്ണൂർ: കണ്ണൂർ കലക്ടറേറ്റ് കവാടം കടന്ന് ബിരിയാണി ചെമ്പുമായി മഹിളാകോൺഗ്രസ് പ്രവർത്തകർ വരാന്തയിലെത്തിയത് ഗുരുതരസുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തൽ.നേരത്തെ പൊലിസിനെ വിവരമറിയിച്ചുകൊണ്ടാണ് വ്യാഴാഴ്‌ച്ച വൈകുന്നേരം കണ്ണൂർ ഡി.സി.സി ഓഫിസിൽ നിന്നുമാരംഭിച്ച മഹിളാകോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റ് കാവടത്തിലേക്ക് പ്രതിഷേധപ്രകടനവുമായെത്തിയത്.

എന്നാൽ ഒന്നാം കവാടത്തിൽ പൊലിസിൽ ഇല്ലാത്തതിനാൽ ഇവർ പ്രകടനവുമായി നേരെ കലക്ടറേറ്റിന്റെ പൂമുഖത്തേക്ക് വച്ചുപിടിക്കുകയായിരുന്നു.ബിരിയാണി ചെമ്പുമായി മഹിളാകോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളി തുടങ്ങിയതോടെയാണ് പൊലിസ് അവിടെ കുതിച്ചെത്തിയത്. തുടർന്ന് കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമെത്തി ഇവരെ നീക്കം ചെയ്തത്.

അതീവസുരക്ഷാ മേഖലയായ കണ്ണൂർ കലക്ടറേറ്റിനകത്ത് സമരക്കാർ വളരെ അനായസകരമായി കയറിയത് പൊലീസിന്റെ സുരക്ഷാവീഴ്ചയാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കുകയെന്ന മുദ്രാവാക്യമുയർത്തി ബിരിയാണി ചാലഞ്ചെന്ന മുദ്രാവാക്യമുയർത്തി ബിരിയാണി ചെമ്പുമായാണ് നൂറോളം ഹിളാകോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റ് മാർച്ച് നടത്തിയത്.തുടർന്ന് കലക്ടറേറ്റിന് മുൻപിൽ നടന്ന പ്രതിഷേധയോഗം സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. രജനി രമാനന്ദൻ അധ്യക്ഷയായി. ഡോ.കെ.വി ഫിലോമിന, സി.ടി ഗിരിജ, ഇ.പി ശ്യാമള,അത്തായി പത്മിനി,പി.കെ സരസ്വതി എന്നിവർ നേതൃത്വം നൽകി.