കയ്പമംഗലം: മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇന്ദിര രാധാകൃഷ്ണൻ (64) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞുവീണായിരുന്നു മരണം.

മതിലകം കൂട്ടാല പരേതനായ കൃഷ്ണൻകുട്ടിയുടെ മകളും മഠത്തിപ്പറമ്പിൽ പരേതനായ രാധാകൃഷ്ണന്റെ ഭാര്യയുമാണ് ഇന്ദിര. നാല് ദിവസത്തോളമായി ശാരീരികാസ്വാസ്ഥ്യമുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് നെഞ്ച് വേദനയനുഭവപ്പെട്ടതിനെ തുടർന്ന് വീടിനടുത്തുള്ള ഡോക്ടറെ കണ്ടു. വീട്ടിലെത്തിയ ശേഷം രാത്രി ഏഴുമണിയോടെയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ജില്ലാ സഹകരണ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറും കൊടുങ്ങല്ലൂർ കാർഷിക വികസന ബാങ്ക് ഡയറക്ടറുമാണ്. മതിലകം ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

മക്കൾ: റൈഘോഷ്, ഋഷികേശ്. മരുമക്കൾ: ഷാലി ( കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക്), മാരിയ. ശവസംസ്‌കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് വീട്ടുവളപ്പിൽ.