- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാധനങ്ങൾ കേടായും പൊടിപിടിച്ചും പഴകിയും തുരുമ്പിച്ചും കേടാകുന്നു; പൊടിഞ്ഞുപോയത് ലക്ഷങ്ങൾ; സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി തുറന്ന മഹിളാ മാൾ അടച്ചുപൂട്ടുന്നു; കോഴിക്കോട് കോർപ്പറേഷന്റെയും കുടുംബശ്രീയുടെയും പിടിപ്പുകേടിൽ പെരുവഴിയിലായത് വനിതാ സംരംഭകർ
കോഴിക്കോട്: 'ലക്ഷങ്ങൾ വിലപിടിപ്പുള്ള സാധനങ്ങൾ ഒന്നര വർഷമായി ആൾപ്പെരുമാറ്റമില്ലാതെ നശിക്കുന്നു.. ലെതർ ബാഗുകൾ പൂപ്പൽ വന്ന് തൊലിയുരിഞ്ഞ് ഉപയോഗശൂന്യമാകുന്നു.. മ്യൂറൽ പെയിന്റിംഗുകൾ കഴിഞ്ഞ മഴക്കാലത്ത് വെള്ളം ചോർന്ന് കയറി നശിച്ചിരുന്നു. ഭക്ഷ്യവസ്തുക്കളും ആയുർവ്വേദിക് മരുന്നുകളുമെല്ലാം തീയ്യതി കഴിഞ്ഞ ഉപയോഗിക്കാൻ പറ്റാതായി.. വസ്ത്രങ്ങളാവട്ടെ പൊടിപിടിച്ചും പഴകിയും വിൽപ്പനയ്ക്ക് പറ്റാത്ത അവസ്ഥയിലായിക്കഴിഞ്ഞു...'ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ സാധനങ്ങൾ നശിക്കുന്നത് കണ്ട് നെഞ്ചുപൊട്ടുകയാണ് ഒരു കൂട്ടം വനിതാ സംരംഭകർക്ക്. കുടുംബശ്രീയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത മഹിളാമാളിൽ സംരംഭങ്ങൾ ആരംഭിച്ച നൂർജഹാൻ, ഷമീമ, ചിത്ര എന്നിവരാണ് തങ്ങളുടെ വേദനകൾ പങ്കുവെക്കുന്നത്.
കോർപ്പറേഷന്റെയും കുടുംബശ്രീ മാനേജ്‌മെന്റിന്റെയും പിടിപ്പുകേട് കാരണം മഹിളാമാൾ അടച്ചുപൂട്ടുമ്പോൾ ലക്ഷങ്ങൾ മുടക്കിയ വനിതാ സംരംഭകരാണ് പെരുവഴിയിലാകുന്നത്. ഇന്ത്യയുടെ അഭിമാനമായ കുടുംബശ്രീയുടെ വനിതാ സംരംഭമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ മഹിളാമാളിന്റെ അവസ്ഥ ഇന്ന് ഏറെ ദയനീയമാണ്. മഹിളാമാളിന് കോർപ്പറേഷനുമായി ബന്ധമില്ലെന്ന് പറഞ്ഞ് മുൻ മേയർ കൈകഴുകിയോടെ ഇനി ആരോട് തങ്ങളുടെ ദുരിതങ്ങൾ പറയുമെന്നും വനിതാ സംരംഭകർക്ക് അറിയില്ല.
കോർപ്പറേഷനും കുടുംബശ്രീയും ചേർന്ന് ആരംഭിക്കുന്ന സ്ത്രീകൾ മാത്രം ഉടമസ്ഥരാകുകയും നടത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു 2018 നവംബർ 24 ന് മുഖ്യമന്ത്രി പിണറായി വിജയനടക്കം ആറു മന്ത്രിമാർ ചേർന്ന് മഹിളാമാൾ ഉദ്ഘാടനം ചെയ്തത്.
കോവിഡ് വിലക്കിൽ 2020 മാർച്ച് മാസം അടച്ച ശേഷം നഗരത്തിലെ മറ്റെല്ലാ കടകളും പിന്നീട് തുറന്നെങ്കിലും മാനേജ്‌മെന്റ് മാൾ തുറക്കാൻ കൂട്ടാക്കിയില്ല. സാങ്കേതിക പ്രശ്‌നം എന്നായിരുന്നു ഇതിന് കാരണം പറഞ്ഞത്. പിന്നീട് മാൾ അടച്ചുപൂട്ടുകയാണെന്ന് പറഞ്ഞ് സംരംഭകർക്കെതിരെ വക്കീൽ നോട്ടീസ് അയക്കുകയും തങ്ങളെ കടമുറികളിലേക്ക് കടക്കാൻ അനുവദിക്കാതെ അടച്ചുപൂട്ടുകയും ചെയ്തുവെന്ന് സംരംഭകർ പറയുന്നു.
പിന്നീട് പ്രക്ഷോഭങ്ങൾ ശക്തമായതോടെ കലക്ടർ ഇടപെട്ട് മഹിളാമാൾ ഇവർക്ക് പ്രവേശിക്കാനായി തുറന്നു നൽകി. എന്നാൽ അപ്പോഴേക്കും സാധനങ്ങൾ നശിച്ചുപോയിരുന്നു. ഇവർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാൻ കോർപ്പറേഷനും കുടുബശ്രീ യൂനിറ്റി ഗ്രൂപ്പും തയ്യാറായതുമില്ല. മാൾ സബ് ലീസ് ചെയ്യാൻ യൂനിറ്റി ഗ്രൂപ്പിന് അധികാരമില്ലാത്തതിനാൽ യൂനിറ്റി ഗ്രൂപ്പിനെയും സംരംഭകരെയും കടമുറികളിൽ നിന്നും ഒഴിപ്പിക്കാനുള്ള നടപടി കെട്ടിട ഉടമസ്ഥൻ സ്വീകരിക്കുകയും ചെയ്തു. ഇതോടെയാണ് പന്ത്രണ്ടോളം പാവപ്പെട്ട വനിതാ സംരംഭകർ വഴിയാധാരമായത്. വനിതകളായ കടയുടമകളെ ഒഴിപ്പിച്ച് താക്കോൽ കെട്ടിട ഉടമസ്ഥന് കൈമാറാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും വനിതാ സംരംഭകർ വ്യക്തമാക്കുന്നു.
13 ലക്ഷം രൂപയ്ക്കാണ് കുടുംബശ്രീ മാനേജ്‌മെന്റ് കെട്ടിടം ഉടമയിൽ നിന്നും വാടകയ്‌ക്കെടുത്തത്. ഇത് അതിലും കൂടിയ വാടകയ്ക്കാണ് സംരംഭകർക്ക് നൽകിയത്. ഭീമമായ അഡ്വാൻസും ഈടാക്കി. എന്നാൽ പ്രമോഷൻ പരിപാടികൾ ഉൾപ്പെടെ നടത്തുമെന്ന വാഗ്ദാനങ്ങളൊന്നും നടപ്പിലായില്ല. ഇതോടെ മാളിലേക്ക് ആളുകൾ കയറാതെ കടകൾ അടച്ചൂപൂട്ടലിന്റെ വക്കിലായി. ഭീമമായ വാടക നൽകാൻ കഴിയാത്ത സംരംഭകർ ദുരിതത്തിലാവുകയും ചെയ്തു. കെട്ടിട ഉടമ മുൻസിഫ് കോടതിയിൽ ഫയർ ചെയ്ത അഫിഡവിറ്റ് പ്രകാരം തങ്ങൾ നൽകിയ വാടക മുഴുവൻ യൂനിറ്റി ഗ്രൂപ്പ് ബിൽഡിങ് ഉടമകയ്ക്ക് നൽകിയിട്ടില്ലെന്ന് മനസ്സിലായതായി സംരംഭകർ വ്യക്തമാക്കി.
ആളുകളെ ആകർഷിക്കാൻ മൾട്ടിപ്ലസ് തിയേറ്റർ, കുട്ടികളുടെ പ്ലേ സോൺ, റൂഫ് ഗാർഡനോടുകൂടിയ ഫുഡ് കോർട്ട്, ജിംനേഷ്യം, ഷീ ടാക്‌സികൗണ്ടർ, ഓട്ടോമാറ്റിക് കാർ വാഷിങ് സെന്റർ, കോൺഫറൻസ് ഹാൾ എന്നിവ ഒരുക്കുമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നതെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാന വനിതാസംരംഭമാണെന്നും മറ്റ് മാളുകളിലെപ്പോലെ ആധുനിക സംവിധാനങ്ങൾ ഒരുക്കുമെന്നുമുള്ള അന്നത്തെ കുടുംബശ്രീ പ്രോജക്ട് ഓഫീസർ റംസി ഇസ്മയിലും മാനേജ്‌മെന്റും നടത്തിപ്പുകാരും അറിയിച്ചത് വിശ്വസിച്ചാണ് തങ്ങൾ ഭീമമായ വാടക നൽകി കടമുറികൾ എടുത്തതെന്നും സംരംഭകർ പറയുന്നു.
എന്നാൽ യാതൊരു സൗകര്യവുമില്ലാത്ത മുറികളാണ് തങ്ങൾക്ക് ലഭിച്ചത്. ലക്ഷങ്ങൾ ചെലവഴിച്ചാണ് ആധുനികമായ കടമുറികളായി അതെല്ലാം തങ്ങൾ മാറ്റിയത്. മാളിൽ മുറി വാടകയ്‌ക്കെടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും നടന്നത് കോർപ്പറേഷൻ കുടുംബശ്രീ ഓഫീസിൽ വച്ചായിരുന്നു. കോർപ്പറേഷൻ കുടുംബശ്രീയുടെ ചാർജ്ജ് വഹിക്കുന്ന ഉത്തരവാദപ്പെട്ട ഓഫീസർമാരാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. മാളിലെ ബോർഡുകളിലും പരസ്യ ബോർഡുകളിലും വാടക രശീതുകളിലും മറ്റ് ഔദ്യോഗിക രേഖകളിലും മഹിളാ മാൾ കോഴിക്കോട് കുടുംബശ്രീ മിഷന്റേതാണ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മഹിളാമാളിന് കോർപ്പറേഷനുമായി ബന്ധമില്ലെന്നാണ് കഴിഞ്ഞ് മേയർ മാധ്യമങ്ങളോട് പിന്നീട് വിശദീകരിച്ചത്.
കോർപ്പറേഷനും കുടുംബശ്രീയും മാനേജ്‌മെന്റും ചേർന്ന് മാൾ പൂട്ടിയാൽ വനിതാ സംരംഭകരായ തങ്ങൾക്ക് നേരിടുന്ന ഭീമമായ സാമ്പത്തിക നഷ്ടത്തിനും മാനസിക വിഷമങ്ങൾക്കും ആര് പരിഹാരം കാണുമെന്ന് അറിയാതെ പാവപ്പെട്ട വീട്ടമ്മമാർ നടുങ്ങി നിൽക്കുകയാണ്. മുഖ്യമന്ത്രി, കുടുംബശ്രീ സ്റ്റേഷൻ മിഷൻ എക്‌സിക്യൂട്ടീവ് ഡയരക്ടർ, ജില്ലാ കലക്ടർ, കേരള വനിതാ കമ്മീഷൻ, പൊലീസ് കമ്മീഷണർ എന്നിവർക്കെല്ലാം പല തവണ നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിൽ സർക്കാറും കുടുംബശ്രീയും ഇടപെട്ട് തങ്ങളുടെ നഷ്ടങ്ങൾക്കും പ്രശ്‌നങ്ങൾക്കും ന്യായമായ പരിഹാരം കണ്ടെത്തണമെന്നും വനിതാ സംരംഭകർ അപേക്ഷിക്കുകയാണ്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.