- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആരുടെ ഖജനാവ് നിറയ്ക്കാനാണ് ഇത്, അംബാനിയുടെയും അദാനിയുടെയും കൂറ്റൻ നിലവറയോ? കർഷക നിയമത്തിൽ കടുംപിടുത്തം തുടരുന്ന മോദിയെ വിമർശിച്ചു മഹുവ മൊയ്ത്ര
കൊൽക്കത്ത: കാർഷിക നിയമത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്ത്ര. അംബാനിയുടേയും അദാനിയുടേയും ഖജനാവ് നിറയ്ക്കാനാണോ തിടുക്കം പിടിച്ച് കാർഷിക നിയമം കൊണ്ടുവന്നതെന്ന് മഹുവ ചോദിച്ചു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കുള്ള മൂന്ന് ചോദ്യങ്ങൾ എന്നായിരുന്നു മഹുവയുടെ ട്വീറ്റ്.
ആരാണ് യഥാർത്ഥത്തിൽ കാർഷിക നിയമങ്ങൾ ആഗ്രഹിക്കുന്നതെന്നും ആരുടെ ഖജനാവുകൾ അവ നിറയ്ക്കുമെന്നും സർക്കാർ നിയമം പിൻവലിച്ചാൽ ആർക്കാണ് നഷ്ടമെന്നും അവർ ചോദിച്ചു.
നിയമങ്ങൾ തങ്ങളെ സഹായിക്കില്ലെന്ന് കർഷകർ പറയുമ്പോഴും എന്തിനാണ് ഇങ്ങനെയൊരു നിയമമെന്നും മഹുവ ചോദിക്കുന്നുണ്ട്. നിയമം കൊണ്ടുവരുന്നതിന് മുൻപ് കർഷക യൂണിയനുകളോട് സർക്കാർ കൂടിയാലോചിച്ചില്ലെന്നും അംബാനി-അദാനി ഭീമന്മാർ കാർഷിക മേഖല കീഴടക്കുകയാണെന്നും മഹുവ പറഞ്ഞു.
അതേസമയം, കാർഷിക പ്രതിഷേധം 36ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കർഷകരുമായി കേന്ദ്ര സർക്കാർ ഡിസംബർ 30ന് നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. തിങ്കളാഴ്ച വീണ്ടും ചർച്ച നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്നാൽ നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കർഷകർ.
കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും ഭേദഗതി വരുത്താമെന്നുമാണ് കേന്ദ്രം മുന്നോട്ട് വെച്ചിരുന്നത്. എന്നാൽ കാർഷിക നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്കില്ലെന്ന് കർഷകരും അറിയിച്ചിരുന്നു.