ന്യൂഡൽഹി: ലോക്സഭയിൽ വ്യാഴാഴ്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് തൃണമൂൽ എംപി മഹുവ മൊയ്ത്ര. എൺപത് ശതമാനവും 20 ശതനമാനവും തമ്മിലുള്ള യുദ്ധം ഈ റിപ്പബ്ലിക്കിനെ ഇല്ലാതാക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് സർക്കാരിനെ മഹുവ മൊയ്ത്ര കുറ്റപ്പെടുത്തി.

അതിനിടെ പ്രസംഗത്തിലുടനീളം സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും രോഷത്തോടെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത മഹുവയോട് ഇത്ര ദേഷ്യം പാടില്ലെന്ന് നിയന്ത്രിച്ചുകൊണ്ടിരുന്ന പാനൽ അംഗം രമാദേവി ആവശ്യപ്പെട്ടിരുന്നു. കുറച്ച് സ്‌നേഹത്തോടെ സംസാരിക്കണമെന്ന് രമ ഉപദേശിച്ചു. വിഷയത്തിൽ മഹുവ ശക്തമായി പ്രതികരിച്ചു. അധ്യക്ഷയുടെ ഉപദേശം സ്വീകരിക്കുന്നുവെന്ന് പറഞ്ഞ് മഹുവ പ്രസംഗം തുടർന്നിരുന്നു. ഇതിന് ശേഷമാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണം. ദേഷ്യത്തോടെയാണോ സ്‌നേഹത്തോടെയാണോ സംസാരിക്കേണ്ടത് എന്ന് പഠിപ്പിക്കാൻ രമാദേവി ലോക്‌സഭയുടെ ധർമ്മശാസ്ത്ര അദ്ധ്യാപികയാണോയെന്ന് മുഹവ ട്വിറ്ററിൽ കുറിച്ചു.

പ്രസംഗം തടസ്സപ്പെടുത്തിയത് വകവെക്കാതെ ബംഗാളി കവിതാശകലം ആലപിച്ച ശേഷം മഹുവ വീണ്ടും പ്രസംഗം തുടർന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിലെ പ്രതികരണം. 13 മിനിറ്റ് മാത്രമാണ് തനിക്ക് പ്രസംഗിക്കാൻ സഭ അനുവദിച്ചത്. ഞാൻ കോപം കൊണ്ടാണോ സ്‌നേഹം ഉപയോഗിച്ചാണോ സംസാരിക്കേണ്ടത് എന്നത് സംബന്ധിച്ച് ഉപദേശിക്കാനും എന്റെ വിലപ്പെട്ട സമയത്തെ തടസ്സപ്പെടുത്താൻ ആരാണ് അധ്യക്ഷ?. നിയമങ്ങളിൽ മാത്രമേ നിങ്ങൾക്ക് എന്നെ തിരുത്താൻ കഴിയൂവെന്നും നിങ്ങൾ ലോക്‌സഭയുടെ മോറൽ സയൻസ് ടീച്ചർ അല്ലെന്നും മഹുവ ട്വിറ്ററിലൂടെ പ്രതികരിച്ചു

'നിങ്ങൾ (ബിജെപി) ചരിത്രത്തെ മാറ്റിമറിക്കാൻ ശ്രമിക്കുന്നു. ഭാവിയെ ഭയപ്പെടുന്നു, അവർ വർത്തമാനകാലത്തെ അവിശ്വസിക്കുന്നു. വൈവിധ്യത്തിൽ നിലനിൽക്കുന്ന ഒരു ഭാവി ഇന്ത്യയെ നിങ്ങൾ ഭയപ്പെടുന്നു. കേവലം വോട്ടിൽ മാത്രം തൃപ്തരല്ല നിങ്ങൾ. ഞങ്ങളുടെ വീടിനുള്ളിൽ ഞങ്ങളുടെ മസ്തിഷ്‌കത്തിനുള്ളിൽ പ്രവേശിച്ച് ഞങ്ങളോട് എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആരെ സ്നേഹിക്കണം എന്നെല്ലാം പറയാൻ നിങ്ങളാഗ്രഹിക്കുന്നു. എന്നാൽ നിങ്ങളുടെ ഭയത്തിന് മാത്രം ഭാവിയെ അകറ്റി നിർത്താൻ സാധിക്കില്ല. ഏത് തരത്തിലുള്ള റിപ്പബ്ലിക്കാണ് നമുക്ക് വേണ്ടത്. ഏത് തരത്തിലുള്ള ഇന്ത്യ എന്ന സങ്കൽപ്പത്തിനായാണ് നാം നിലകൊള്ളേണ്ടത്... നാം പോരാടേണ്ടത്. നമ്മുടേത് ഒരു ജീവിക്കുന്ന ഭരണഘടനയാണ്. അത് എത്രകാലം ജീവിക്കണമെന്ന് നാം ആഗ്രഹിക്കുന്നടത്തോളം മാത്രമേ അതിന് ശ്വസിക്കാനാവുകയുള്ളു. അല്ലാത്തപ്പോൾ അത് കേവലം കടലാസ് കഷ്ണം മാത്രമാണ്.

റിപ്പബ്ലിക് ദിന പരേഡിൽ ബംഗാളിന്റെയും കേരളത്തിന്റെയും തിമിഴ്‌നാടിന്റെയും നിശ്ചലദൃശ്യങ്ങൾ ഒഴിവാക്കി നേതാജിയെയും ശ്രീനാരായണ ഗുരുവിനെയും തിരുവള്ളുവരെയും അപമാനിച്ചതും മഹുവ ചൂണ്ടിക്കാട്ടി. 'സവർക്കറിനെ വീരപുരുഷനായി സ്വാതന്ത്ര്യ സമര സേനാനിയായി പുനർനിർമ്മിക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നത്. പക്ഷെ നമ്മുടെ യഥാർഥ നായകരെ ഈ സർക്കാർ ഭയപ്പെടുന്നു..

നമ്മുടെ അന്നദാതാക്കളായ കർഷകരെ ഈ സർക്കാർ തെറ്റിദ്ധരിച്ചിരിക്കയാണ്. പടിഞ്ഞാറൻ യു.പിയിൽ തോക്കുമെന്ന് ഭയന്ന് മാത്രമാണ് ഈ സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിച്ചത്. ഇത്തവണ അവർ ഒന്നും മറക്കില്ല. നിങ്ങളുടെ മന്ത്രിയുടെ മകൻ എങ്ങനെയാണ് കർഷകരുടെ ശരീരത്തിലൂടെ വാഹനം കയറ്റി ഇറക്കിയതെന്ന് അവർ ഒരിക്കലും മറക്കില്ല.

'നികുതി പണമെടുത്ത് സ്വന്തം ജനങ്ങൾക്ക് മേൽ ചാരപ്പണി നടത്താനുള്ള സോഫ്റ്റ്‌വെയർ വാങ്ങുകയാണ് സർക്കാർ. പെഗസാസ് വിഷയത്തിൽ ന്യൂയോർക്ക് ടൈംസ് നുണപറയുകയാണത്രേ.. സിറ്റിസെൻലാബും, ആംനെസ്റ്റിയും, ഫ്രെഞ്ച്, ജർമ്മൻ സർക്കാരുകളും എല്ലാവരും നുണപറയുന്നു. സത്യം പറയുന്നത് മോദി സർക്കാർ മാത്രം'- മഹുവ പരിഹസിച്ചു. ബംഗാളിലെ ഒരു ദരിദ്രനായ വോട്ടർ തന്നോട് പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചാണ് മൊഹുവ മൊയ്ത്ര തന്റെ പ്രസംഗം അവസാനിപ്പിച്ചത്- ' നിങ്ങൾക്കിത് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്. ഞങ്ങൾക്കിത് നിലനിൽപ്പിനായുള്ള പോരാട്ടവും..' എന്നാൽ, പ്രസംഗം നീണ്ടപ്പോൾ രമാദേവി മഹുവയുടെ മൈക്ക് ഓഫ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് മഹുവ കുറച്ചുനേരം ബഹളംവെച്ചിരുന്നു.